കോളം
കൊടികുത്തുന്നവരെല്ലാം തീവ്രവാദികളാണോ..!
ഒട്ടും താല്‍പര്യമില്ലാതെയാണ് ഗവര്‍ണര്‍ക്കെതിരേയുള്ള രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തവളക്കുഴി പഞ്ചായത്തിലെ യുവാക്കളെല്ലാം യാത്ര തിരിച്ചത്. കൊടികളും ഫല്‍ക്സും കട്ട് ഔട്ടുമൊക്കെ കവലയില്‍ സ്ഥാപിച്ചും വലിയ സ്‌ക്രീനില്‍ ഫുട്ബോള്‍ മത്സരം കാണിക്കുന്നതിനുള്ള സംഭാവനപിരിച്ചും അങ്ങനെ എല്ലാംകൂടി ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ നാട്ടിലെത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു അതുവരെ അവരെല്ലാം. ഒരുലക്ഷം പേര്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍ ആവേശത്തോടെ സമ്മതിച്ചുപോയതാണ് ഇപ്പോള്‍ കുഴപ്പമായത്. മുദ്രാവാക്യം വിളിച്ച് സമരത്തിന് പോയാല്‍ പഴയപോലെ നിയമനമൊന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് കുട്ടി സഖാക്കള്‍ക്ക് ഇപ്പോ നന്നായി അറിയാം. എങ്കിലും നായര്‍ സംഘടനയോട് അയിത്തമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെപ്പോലെ സഖാക്കളും പാര്‍ട്ടിയുടെ ആവശ്യം തള്ളിക്കളഞ്ഞില്ല.
അങ്ങനെ സമരം നടക്കുന്നിടത്ത് ചെന്ന് ഗവര്‍ണര്‍ക്കെതിരേ ബാനറും ഉയര്‍ത്തി പ്രതിഷേധിച്ചെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ബാനര്‍ ഊരിമാറ്റി സഖാക്കന്മാര്‍ക്ക് തടിതപ്പേണ്ടി വന്നു. അല്ലെങ്കിലും ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയാ, ഫുട്ബോള്‍ ആരാധകനായ മുതിര്‍ന്ന പാര്‍ട്ടി നേതാവിനെപ്പോലും കളിക്കാരന്റെ പേര് മാറ്റിപ്പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചില്ലേ..? ഏതായാലും ചാന്‍സലറായി ഗവര്‍ണര്‍ തന്നെ മതിയെന്ന് യു.ജി.സി പറഞ്ഞതോടെ സമരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. കുഴിവെട്ടാന്‍ പോയതൊന്നും പ്രവര്‍ത്തനപരിചയമല്ലെന്ന് കോടതിയും പറഞ്ഞു. അതുംപോരാഞ്ഞിട്ട് മേയറുടെ കത്തിനെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുക കൂടി ചെയ്യുമത്രേ! അങ്ങനെ പാര്‍ട്ടി അറിഞ്ഞുള്ള എല്ലാ നിയമനങ്ങളുടെയും കാര്യം ഏതാണ്ട് ഒരുവഴിയ്ക്കായി. ഇനിയിപ്പോ ഫുട്ബോള്‍ കമന്റേറ്ററുടെ പോലെ ആരുടെയൊക്കെ കാലുപിടിക്കേണ്ടി വരുവോ ആവോ..?
അങ്ങനെ നെഹ്റു വിവാദത്തില്‍ അകപ്പെട്ട കെ.പി.സി.സി. പ്രസിഡന്റിന്റെ അവസ്ഥയിലായി സഖാക്കന്മാരെല്ലാം. ഇനിയിപ്പോ മുഖ്യമന്ത്രിയെപ്പോലെ രണ്ടാഴ്ചത്തേക്ക് പുറത്തിറങ്ങാതെ, ആയൂര്‍വേദ ചികിത്സയ്ക്ക് പോകുന്നതാകും നല്ലതെന്ന് സഖാക്കന്മാര്‍ക്ക് തോന്നാതിരുന്നില്ല. കുറച്ചെങ്കിലും നിയമനപ്രതീക്ഷ ഉണ്ടായിരുന്നത് കെ റെയിലിലാണ്, ആ പദ്ധതിയും ഉദ്യോഗസ്ഥരെയും ഇപ്പോള്‍ തിരിച്ചുവിളിക്കുകയാണത്രേ. ആകാശം മുഴുവന്‍ വിമാനങ്ങള്‍ പറക്കുന്നത് സ്വപ്നം കണ്ട നേതാവിനോട് ഇനി പാര്‍ട്ടി എന്തുപറയുമെന്ന് ആലോചിച്ചിട്ട് സഖാക്കന്മാര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ഇനിയിപ്പോ എല്ലാ കാര്യത്തിലും ചെയ്യുന്നപോലെ യു ടേണ്‍ എടുക്കുന്നതാവും നല്ലത്. ഗവര്‍ണര്‍ക്കെതിരേയുള്ള സമരം വിജയിച്ചോ ഇല്ലയോ എന്നൊന്നും ആരോടും ഇപ്പോള്‍ പുറത്തുവിടേണ്ട, അതൊക്കെ സര്‍വകലാശാല ഇന്റര്‍വ്യുപോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണെന്ന് പറഞ്ഞ് ഒഴിവാകുന്നതാണ് നല്ലതെന്നാണ് പാര്‍ട്ടിയില്‍ നിന്നും കിട്ടിയ നിര്‍ദേശം.
അങ്ങനെ സമരവും കഴിഞ്ഞ് സഖാക്കന്മാരെല്ലാം തിരികെ നാട്ടിലെത്തിയപ്പോഴാണ് പോകുംമുമ്പ് സ്ഥാപിച്ച ഫുട്ബോള്‍ കളിക്കാരുടെ ഫല്‍ക്സും അവരുടെ രാജ്യത്തിന്റെ ചില കൊടികളുമൊന്നും കാണാനില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നാട്ടില്‍ തന്നെയുള്ള ഒരാളാണ് കൊടികളെല്ലാം കീറിനശിപ്പിച്ചത് എന്ന് സഖാക്കന്മാര്‍ക്ക് ബോദ്ധ്യമായത്. ഫുട്ബോള്‍ കളിയോട് അയാള്‍ക്കെന്താണ് ഇത്ര വിദ്വേഷം എന്നന്വേഷിച്ച് പോയപ്പോഴാണ് കാര്യങ്ങള്‍ക്കക്കെ ഒരു വ്യക്തത വന്നത്. പോര്‍ച്ചുഗല്ലിന്റെ പതാക കണ്ടപ്പോള്‍, നാട്ടിലുള്ള ഒരു സംഘടനയുടെ കൊടിപോലെ അയാള്‍ക്ക് തോന്നിയത്രേ. നാട്ടില്‍ മുഴുവന്‍ കൊടികുത്തിയിരിക്കുന്നത് കണ്ടപ്പോഴുണ്ടായ ദേഷ്യമാണ് അയാളെ അവ നശിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
തീവ്രവാദത്തിന്റെ വേരറക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം നാട്ടിലെ ഓരോ പ്രവര്‍ത്തകനിലും ഇത്രയധികം ആവേശം ഉണ്ടാക്കുമെന്ന് ആരും കരുതിക്കാണില്ല. ഏതായാലും സംഭവം വാര്‍ത്തയായത് നന്നായി, ഇല്ലെങ്കില്‍ നാട്ടില്‍ പോര്‍ച്ചുഗല്‍ പതാക ഉയര്‍ത്തിയിരിക്കുന്ന എല്ലാ സ്ഥാപനങ്ങളും കേന്ദ്രത്തിന്റെ ആരാധകര്‍ തല്ലിതകര്‍ത്തേനേ..
