കല-സാഹിത്യം
സോപാധികം കവി ത- ആർ. സന്തോഷ്ബാബു

എല്ലാ ചമയങ്ങളുമഴി-
ച്ചിനിയും സ്നേഹിച്ചേ.
ഇഷ്ടങ്ങളൊന്നൂടൊന്ന്
തൊട്ടുചേർത്തേ.
മൃദുലമായ ചുണ്ടുകൾ
ചേർത്തുള്ള സ്നേഹം
വിശുദ്ധമാക്കിയേ.
ആകാശത്തൂന്നെടുത്ത
നീലക്കണ്ണുകളവിടെ
തിരിച്ചുവെച്ചേ.
ആദ്യകാഴ്ചയിൽ
കൊട്ടിക്കേറിയ
ഹൃദയമിടിപ്പും
കണ്ണിറയത്തെ
മഴത്തോർച്ചയും
തൂകിവിട്ടേ.
അലസമായി
നീട്ടിയ സ്നേഹത്തിന്റെ
വിരലുകൾ മടക്കിയേ.
മയക്കുന്ന
പറച്ചിലുകളൊക്കെ
താഴിട്ടുപൂട്ടിയേ.
കിതപ്പുകൾ മീട്ടുന്ന
ശ്രുതികളൊക്കെ
തെറ്റിച്ചേ.
ചുറ്റിലും ചാറ്റുന്ന
തൊഴിമാരെ വിട്ട്
മുട്ടുകുത്തി പ്രാർത്ഥിച്ചേ.
കുരിശിന്റെ തണലിൽ
മകനെ കാണുന്ന
മേരിയെപ്പോലെ
നിർമ്മലതയോടെ
നീയൊന്നുനോക്കിയേ.
വീടിനും കുഴിമാടത്തിനും മേലേ
ഉയിർപ്പിനായിയെന്നെ
യൊന്നുയർത്തിവെച്ചേ.
മതി.
ഇത്രയൊക്കെ
ചെയ്യുമെങ്കിൽ
നിന്റെ സ്നേഹം
കെട്ടുകഥയല്ലെന്നും
നീയെന്റേതാണന്നും
ഞാനീ ലോകത്തോട്
വിളിച്ച് പറയും.
ആർ. സന്തോഷ്ബാബു
ഫോൺ :9447370073
