കല-സാഹിത്യം
ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)
ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)
ആർ. സന്തോഷ്ബാബു
ശ്രീകുമാർ കരിയാടിന്റെ
‘സ്കൂൾ പൂട്ടി’ എന്ന കവിത
സ്കൂൾ ലൈബ്രറിയിലിരുന്നു
വായിച്ചു കൊണ്ടിരിക്കെയാണ്
അതു സംഭവിച്ചത്.
*ഒറ്റ വൈക്കോൽ
വിപ്ലവമെന്നോണ-
മൊരു പെൺകുട്ടി
ഒറ്റയ്ക്ക് സ്കൂൾ ഗേറ്റ് പൂട്ടി
സ്റ്റാഫ്റൂമിലേക്ക്
വന്നു കയറുന്നു.
എവിടെ അയാൾ?
എന്നുറക്കെ ചോദിക്കുന്നു.
ആരോ പറഞ്ഞു.
‘സെന്റോഫ് കഴിഞ്ഞില്ലേ..
വീട്ടിൽ പൊയ്ക്കൂടേ?
ഇല്ല. കഴിഞ്ഞില്ല.
‘നമ്മൾക്ക് റീൽ എടുക്കണം’
ഒന്നിച്ചിരിക്കണം,
വിഷമങ്ങൾ പങ്കുവെക്കണം,
മടിയിൽ കിടക്കണം.
കഴുത്തിലമർത്തി
മുടിയിൽ വികാരങ്ങളെ മീട്ടി
ചുംബിച്ചുകൊണ്ടാണ്
അയാളത് പറഞ്ഞത്.’
എവിടെ അയാൾ?’
ആരോ പറഞ്ഞു :
‘നിന്റെ തലയുടെ വെളിവ്
കെട്ടുപോയോ കുട്ടീ?
വീട്ടിൽ പോകാൻ നോക്ക്, ‘
പെൺകുട്ടി കരഞ്ഞുകൊണ്ട്
പുറത്തേക്കോടി.
വാതിൽപ്പുറത്തുനിന്നും
ഒരു കൊടുങ്കാറ്റിന്റെയിരമ്പം
അയാളപ്പോൾ കേട്ടു.
ഒരുന്മാദിയെപ്പോലെ
അയാൾ അവൾക്ക്
പിന്നാലെ ചെന്നു.
ഒരു നിമിഷം അയാൾക്ക്
മകളെ ഓർമ്മവന്നു.
പെൺകുട്ടിക്കരികിൽ
മുട്ടുകുത്തിയിരുന്ന് കരഞ്ഞു.
‘കുഞ്ഞേ…മാപ്പ്.’
സ്നേഹവിശ്വാസങ്ങളുടെ
കഴുത്തുഞെരിച്ചവന്റെ
മുഖത്തേക്ക് കൈവീശിയടിച്ച്
ആ കുഞ്ഞു കരങ്ങൾ പറഞ്ഞു:
‘നിന്റെ…കോപ്പ്.
ഇത് നിനക്കും നിന്നെപ്പോലുള്ളവർക്കുമാണ്.’
പിന്നിൽ അടയുന്ന ഗേറ്റിന്റെ
തുരുമ്പെടുത്ത വിജാഗിരികൾ
വീണ്ടും മകളെപ്പോലെ
തേങ്ങുന്നത്
അയാൾ കേട്ടു.
ജയിലിലെ മെഴുക്കുവീണ
ചൗക്കാളത്തിന്മേൽ
മുട്ടുകുത്തിയിരുന്ന്
അയാൾ കുമ്പസാരിച്ചു…
‘എന്റെ പിഴ
എന്റെ പിഴ
എന്റെ വലിയ പിഴ.’
*ഒറ്റവൈക്കോൽ വിപ്ലവം
മസനോബു ഫുക്കുവോക്കയുടെ പ്രശസ്തമായ കൃതി
