കല-സാഹിത്യം
കാറല്‍മണ്ണയില്‍ നടന്നത് വേറിട്ട സാഹിത്യോത്സവം
നാട് നീളെ സാഹിത്യോത്സവങ്ങളാണ്. പ്രസാധകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പോഷകസംഘടനകള്‍ എന്നിങ്ങനെ പല താല്പര്യങ്ങളുമായി ഫെസ്റ്റിവലുകള്‍ ഒരുങ്ങുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു സാഹിത്യോത്സവം പാലക്കാട് ജില്ലയില്‍ നടന്നു. കാറല്‍മണ്ണ പൊതുജന വായനശാല സംഘടിപ്പിച്ച വില്ലേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കാറല്‍മണ്ണ വായനശാല വില്ലേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മുന്‍ എം.എല്‍.എയും ചലച്ചിത്ര സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി.

എഴുത്തിന്റെ ഭാവനാപരിസരത്തെക്കുറിച്ചാണ് കവിയും നോവലിസ്റ്റുമായ മനോജ് കുറൂര്‍ ആദ്യ സെഷനില്‍ സംസാരിച്ചത്. സംഘകാല ചരിത്രവും സാഹിത്യവും തന്റെ നോവല്‍ രചനയെ എങ്ങനെ സ്വാധീനിച്ചു എന്നതായിരുന്നു കെ.ബി രാജാനന്ദുമായി അദ്ദേഹം നടത്തിയ സംവാദത്തിന്റെ കാതല്‍. നിഷ നാരായണന്‍, കുഴൂര്‍ വില്‍സണ്‍, ബിജു റോക്കി, ശൈലന്‍ എന്നീ കവികള്‍ കവിതയുടെ വഴിമാറ്റം എന്ന വിഷയത്തില്‍ സംവാദം നടത്തി. ഭാവനയുടെ അപഥസഞ്ചാരങ്ങള്‍ എന്ന വിഷയത്തിലാണ് നോവലിസ്റ്റ് വിനോയ് തോമസ് സംസാരിച്ചത്. ആധുനികത രൂപപ്പെടുത്തിയ ഭാവുകത്വത്തെ നിരന്തരം ആക്രമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംവാദം മുന്നേറിയത്. കേള്‍വിക്കാരെ പ്രകോപിതരാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യസിദ്ധാന്തങ്ങളും രാഷ്ട്രീയ നിലപാടുകളും.

ഒന്നാം പ്രതി മാധ്യമങ്ങളോ എന്ന ശീര്‍ഷകത്തില്‍ നടന്ന മാധ്യമ സംവാദത്തില്‍ എസ്. ജഗദീഷ് ബാബു, വെങ്കിടേഷ് രാമകൃഷ്ണന്‍, എം.കെ രാംദാസ്, അഞ്ജന ജോര്‍ജ്, വര്‍ഗീസ് സി. തോമസ് എന്നിവരാണ് പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ സ്ഥൈര്യവും ധീരതയും പുതിയ കാലത്ത് നഷ്ടമാകുന്നുവെന്ന ആശങ്കയാണ് എസ്. ജഗദീഷ് ബാബു പങ്കുവച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഉറച്ച നിലപാടുകളും സാമൂഹ്യപ്രതിബദ്ധതയും വെളിപ്പെടുന്ന സന്ദര്‍ഭങ്ങള്‍ സ്വന്തം അനുഭവത്തില്‍ നിന്ന് വിവരിച്ചുകൊണ്ടാണ് അദ്ദേഹം അത് വ്യക്തമാക്കിയത്. പരമ്പരാഗത മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷത്തും നവ മാധ്യമങ്ങള്‍ അസത്യത്തിന്റെ പക്ഷത്തുമാണെന്ന മിഥ്യാധാരണ നമ്മള്‍ മാറ്റേണ്ടതാണെന്നായിരുന്നു വെങ്കിടേശ് രാമകൃഷണന്റെ നിലപാട്.

ബോച്ചേമാര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്നും ഹണി റോസ് ഇന്നാണുണ്ടായതെന്നും സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എ.കെ ജയശ്രീ നിരീക്ഷിച്ചു. അതാണ് സ്ത്രീരാഷ്ട്രീയത്തിന്റെ വളര്‍ച്ചയുടെ സൂചകമെന്നും അവര്‍ വിശദീകരിച്ചു. കെ.പി രാജേഷാണ് സംവാദത്തിന് നേതൃത്വം നല്‍കിയത്. ഷംസാദ് ഹുസൈനും രേഷ്മ ഭരദ്വാജും സംവദിച്ച സ്ത്രീരാഷ്ട്രീയത്തിന്റെ വര്‍ത്തമാനം എന്ന ചര്‍ച്ചയിലും ഡെലിഗേറ്റുകള്‍ സജീവമായി ഇടപെട്ടു. രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍ എന്ന വിഷയത്തില്‍ ജി ദിലീപനും കെ ജയാനന്ദനും സംവദിച്ചു. വാക്ക്, അധികാരം, പലായനം എന്ന ശീര്‍ഷകത്തില്‍ ഘോഷം എന്ന നോവലിനെ അടിസ്ഥാനമാക്കി എഴുത്തുകാരന്‍ ഐ.ആര്‍ പ്രസാദും രാജു നരനും നടത്തിയ ചര്‍ച്ചയില്‍ എഴുത്തുകാരുടെ നിലപാടില്ലായ്മയാണ് ചര്‍ച്ചയായത്.

സാഹിത്യോത്സവങ്ങളില്‍ പൊതുവെ കാണാത്ത പോളി വര്‍ഗീസിനെയും സംഘാടകര്‍ ഈ വേദിയിലെത്തിച്ചു. മോഹനവീണാവാദകനും ആസ്‌ത്രേലിയയില്‍ സ്ഥിരതാമസക്കാരനുമായ അദ്ദേഹം കേരളത്തില്‍ കച്ചേരികള്‍ നടത്തുന്നതുപോലും അപൂര്‍വമാണെന്നിരിക്കേ വീണാനാദവും വര്‍ത്തമാനവുമായുള്ള രണ്ട് മണിക്കൂര്‍ കേള്‍വിക്കാര്‍ക്ക് പുത്തന്‍ അനുഭവം നല്‍കി. ചിത്രകാരനും ഗായകനുമായ വി.എസ് പ്രകാശ് സംവാദം അര്‍ഥപൂര്‍ണമാക്കി. ഗ്രാമത്തിലെ കുട്ടികളുടെ പാട്ടും ചിത്രകാരന്‍ യൂനുസ് മാഷിന്റെ ചിത്രങ്ങളും ഷാജി ഊരാളിയുടെ നാടകവുമൊക്കെയായി വില്ലേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ കാറല്‍മണ്ണയുടെ ഉത്സവമായി മാറി. ഒരു ഗ്രാമത്തിനോ ഗ്രാമീണ വായശാലയ്‌ക്കോ ഏറ്റെടുക്കാനാവാത്ത സാഹസികതയ്ക്കാണ് വായനശാലാപ്രവര്‍ത്തകര്‍ മുതിര്‍ന്നത്. അതുകൊണ്ടാവാം, എഴുത്തുകാരന്‍ മനോജ് കുറൂര്‍ പറഞ്ഞത്, കാറല്‍മണ്ണ ഒരു ഗ്രാമത്തിനപ്പുറം പലതുമാണല്ലോ എന്ന്.




