കല-സാഹിത്യം
സഡന്‍ ഡെത്ത് (കവിത)
ആര്‍. സന്തോഷ്ബാബു
മെസ്സിയുടെ
കട്ടൗട്ട് നോക്കി
മെഹറുനിസ നിന്നു.
ഖത്തറില്‍ ഉപ്പായുടെ
ഖബറിന് മുകളില്‍
സൗദിയും അര്‍ജന്റീനയും
തമ്മിലാണുകളി.
മെസ്സി കളിക്കിട-
യിലെന്നപോലെ
ഉപ്പ പണിക്കിടയി-
ലോഫ്‌സൈഡ് പോയി.
സ്റ്റേഡിയത്തിന്റെ
റൂഫിംഗിലേക്ക് റൊണാള്‍ഡോയെപ്പോലെ കുതിച്ചുയര്‍ന്നതാണ്.
ആകാശം മുട്ടിയോ?
കാല്‍ വഴുതി
താഴേക്ക് വീണോ?
പരുക്കുപറ്റിയ
നെയ്മറെപോലെ
പുറത്തേക്കെടുത്തിരിക്കുമോ?
ഭൂമിയെ താളത്തില്‍
തൊട്ടു തൊട്ടു
ഉരുണ്ടു പോയോ?
അറിയില്ല.
മനുഷ്യനിങ്ങനെയൊക്കെ മയ്യത്താകുമോ?
ഖത്തറിലെ അത്തറിനായി
ഏഴ് വര്‍ഷമായുള്ള
മെഹറുനിസയുടെ
കാത്തിരിപ്പാണില്ലാതായത്.
പത്രവാര്‍ത്ത വായിച്ചുകേട്ട
ഉമ്മ വീണുപോയി.
അത്തറിനിവേണ്ട.
പ്രകീര്‍ത്തിക്കപ്പെടാത്തവരാല്‍
അട്ടിമറിക്കപ്പെട്ടവര്‍
സ്റ്റേഡിയം വിട്ടുപോയിട്ടുണ്ട്.
എങ്കിലും ഗ്യാലറിയില്‍ കാണണം.
ഞാന്‍ ടിവിയില്‍ തന്നെ നോക്കിയിരിക്കും.
ഉപ്പയെക്കാണുംവരെ.
(2022 ലോകകപ്പ് ഫുട്‌ബോളിന് വേദിയായ ഖത്തറില്‍ ലോകകപ്പ് വേദികളുടെയും മെട്രോ പാതകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനിടയില്‍ 500 ഓളം തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ട്.
2014 മുതല്‍ 2021വരെയുള്ള കണക്കാണിത്. ഖത്തര്‍ ഭരണകൂടം ഇത് നിഷേധിച്ചെങ്കിലും ഇതില്‍ കടുത്ത മനുഷ്യാവകാശലംഘനം ഉണ്ടെന്ന് വിമര്‍ശനമുണ്ട്.)
