കോളം
സര്‍ഗാത്മക ആവിഷ്‌ക്കാരം!

എന്താണെന്നറിയില്ല, തവളക്കുഴി പഞ്ചായത്തിലെ ചെറുപ്പക്കാര്‍ക്കെല്ലാം ഇപ്പോള്‍ കഷ്ടകാലമാണ്. ആറ്റുനോറ്റിരുന്ന് കിട്ടിയതാണ്, നാട്ടില്‍ ടീം ഇന്ത്യയുടെ ക്രിക്കറ്റ് കളി. പക്ഷേ, ടിക്കറ്റെടുത്ത് കളി കാണണമെങ്കില്‍ കുടുംബം വിക്കേണ്ടി വരും! പരാതി പറഞ്ഞപ്പോള്‍, പണമുള്ളവര്‍ സ്റ്റേഡിയത്തില്‍ പോയി കളി കണ്ടാല്‍ മതിയെന്നാണ് മന്ത്രിയുടെ അഭിപ്രായം. കാശില്ലാത്തവര്‍ക്കായി കെ ഫോണും ഫ്രീ ഇന്റര്‍നെറ്റുമൊക്കെ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ടല്ലോ, പിന്നെന്തിനാണ് കാശ് വെറുതേ കളയുന്നതെന്നാണ് മന്ത്രി ചോദിക്കുന്നത്. പാവങ്ങളുടെ ചോരയിലും നീരിലുമുണ്ടായ പ്രസ്ഥാനത്തിന്റെ നേതാവ് ഇങ്ങനെ പറയുമെന്ന് നാട്ടിലെ ചെറുപ്പക്കാരുപോലും വിചാരിച്ചിട്ടുണ്ടാവില്ല. ഏതായാലും ഏകദിനമത്സരത്തിനുള്ള പകുതി ടിക്കറ്റുപോലും വിറ്റുതീര്‍ന്നില്ല എന്നറിഞ്ഞതോടെ പാവപ്പെട്ടവരുടെ പവര്‍ എന്താണെന്ന് മന്ത്രിക്ക് മനസിലായിക്കാണും.
കളി കാണാന്‍ വച്ച കാശുകൊണ്ട് കുഴിമന്തി വാങ്ങിക്കഴിക്കാമെന്നുവെച്ചാല്‍ കൂടെ മയോണൈസ് കിട്ടില്ലേത്രേ. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസിന് നിരോധനമാണുപോലും. ‘പച്ച’ ആയതുകൊണ്ടല്ലേ, ‘കാവി’ ആയിരുന്നെങ്കില്‍ നിങ്ങള്‍ നിരോധിക്കുമോ എന്നു ചോദിച്ചുനടക്കുന്നവരും കുറവല്ല. പക്ഷേ, കേരളത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ‘വെള്ളനിറ’മുള്ള മുട്ട അപകടകാരിയാകാന്‍ ഒരു വഴിയും കാണുന്നില്ല. ഇനിയിപ്പോള്‍ മുട്ടയില്ലാത്ത മയോണൈസും ഏലക്കയില്ലാത്ത അരവണയും കഴിച്ച് തൃപ്തിയടയാനേ തവളക്കുഴി പഞ്ചായത്തുകാര്‍ക്ക് കഴിയൂ. വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വരുന്ന പാലെങ്കിലും കുടിക്കാമെന്നുവെച്ചാല്‍ അതിലെല്ലാം ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിരിക്കുകയാണത്രേ. ഇനിയിപ്പോള്‍ വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണം എലി കഴിച്ച്, അതെങ്ങാനും ചത്താല്‍ അതിന് മൂന്നുകൊല്ലം തടവും പിഴയും ശിക്ഷ കിട്ടും. അങ്ങനെ കോഴക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം വന്നെന്നറിഞ്ഞ മൂന്നാം മുന്നണി നേതാവിന്റെ അവസ്ഥയിലായി തവളക്കുഴി പഞ്ചായത്തുകാര്‍.
നാട്ടിലെ ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു അറുതിവരുത്തണമെന്ന് പറയാന്‍ പാര്‍ട്ടി നേതാവിന്റെ അടുത്ത് ചെന്നപ്പോള്‍, നേതാവ് ഒരു കോടിയുടെ പുകയില ഉത്പന്നം കടത്തിയതിന് പാര്‍ട്ടി വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണത്രേ. മറ്റൊരു നേതാവിനെ സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണെന്ന്. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ നേതാവിനോട് ചോദിച്ചപ്പോള്‍, താന്‍ അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണെന്നും നുണപറയില്ലെന്നുമൊക്കെയാണ് നേതാവ് പറയുന്നത്. പാര്‍ട്ടിയെ വീഴ്ത്താന്‍ ഈ ഒറ്റ ഡയലോഗ് മതിയെന്ന് നേതാവിന് നന്നായി അറിയാമെന്ന് തോന്നുന്നു. അല്ലെങ്കില്‍ പാര്‍ട്ടിയറിയാതെ മൂകാംബിക ദര്‍ശനം നടത്തിയതിന് ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ കിട്ടിയ സമയത്ത് നേതാവ് ഇത് പറയുമോ..?
അങ്ങനെ ഉച്ചയ്ക്ക് നിസ്‌ക്കരിക്കാന്‍ പോയ സെക്രട്ടറിയും ഉച്ചകുര്‍ബാനയ്ക്ക് പള്ളിയില്‍പോയ പ്രസിഡന്റും കൂടി മൂകാംബിക ദര്‍ശനത്തിനുപോയ അണിയെ പുറത്താക്കി എന്നുപറഞ്ഞതുപോലെയായി കാര്യങ്ങള്‍! ലഹരി കടത്തിന്റെ നേതൃത്വം സഖാക്കന്മാര്‍ ഏറ്റെടുത്ത സ്ഥിതിക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ മാതൃകയില്‍ ഒരു എം.ഡി.എം.എ കോര്‍പ്പറേഷന്‍ തുടങ്ങുന്നതാകും സര്‍ക്കാരിന് നല്ലത്. നേതാക്കന്മാരെയൊക്കെ പിന്‍വാതില്‍ വഴി നിയമിക്കുകയും ചെയ്യാം. ശരീരത്തിന് ദോഷം ചെയ്യുന്ന മദ്യം വിറ്റ് കാശുണ്ടാക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇക്കാര്യം നടപ്പാക്കിക്കൂടായെന്നാണ് പാര്‍ട്ടി ഇപ്പോള്‍ ചിന്തിക്കുന്നത്. വരുമാനം കൂടിയാല്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും യുവജനകമ്മീഷന്‍ അധ്യക്ഷയുടെയുമൊക്കെ ശമ്പളം ഇനിയും കൂട്ടാമല്ലോ.
ഏതായാലും നാട്ടിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം തത്ക്കാലത്തേങ്കിലും മറയ്ക്കണമെങ്കില്‍ കേന്ദ്രത്തിനെതിരേ ഒരു ജനമുന്നേറ്റയാത്ര നടത്തേണ്ടി വരുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വര്‍ഗീയ നിലപാടുകള്‍ക്കെതിരേ കാസര്‍ഗോഡുനിന്നും തിരുവനന്തപുരം വരെയാണേ്രത യാത്ര! ഭാവി പ്രധാനമന്ത്രി ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ കേന്ദ്രത്തിനെതിരേ കേരളത്തില്‍ സമരം ചെയ്തിട്ട് എന്താ കാര്യമെന്ന് ചോദിച്ചവരാണ് ഇപ്പോള്‍ ജനമുന്നേറ്റയാത്രയുമായി എത്തുന്നത്. ഏതായാലും പരസ്യത്തില്‍ കാണുന്നതുപോലെ ഇതൊക്കെയൊരു ‘സര്‍ഗാത്മക ആവിഷ്‌ക്കാരം’ അങ്ങനെ കാണാനാണ് നാട്ടുകാരുടെ വിധി!
