കോളം
ഹരിതകര്‍മ്മ സേനയെ കൊല്ലാനിറങ്ങുമ്പോള്‍!
ഹരിതകര്‍മ്മ സേന- കേരളത്തില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനം നല്‍കുന്ന വനിതകളുടെ സംരംഭമാണ്. ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും കുടുംബശ്രീയുടെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സുസ്ഥിര മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഹരിതകര്‍മ്മസേന എന്ന ഈ സംഘം നല്‍കിവരുന്നത് വിലമതിക്കാനാകാത്ത സേവനങ്ങളാണ്.
ഒരു വാര്‍ഡില്‍ രണ്ട് പേര്‍ എന്ന നിലയില്‍ സംസ്ഥാനത്തൊട്ടാകെ 28000ത്തിലധികം പേരാണ് തദ്ദേശ സ്ഥാപന പരിധിയിലെ ഹരിതകര്‍മ്മസേനയില്‍ അംഗങ്ങളായുള്ളത്. പലരുടേയും വീടുകളിലെ സ്ഥിതി പരിതാപകരമാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടുന്ന അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ ശേഖരിച്ച് കൃത്യമായി അടുക്കി, തരംതിരിക്കല്‍ കേന്ദ്രത്തിലേത്തിച്ച് എല്ലാം വൃത്തിയായി തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നവര്‍ക്ക് നല്‍കുന്നു. ഇതാണ് ഇവരുടെ തൊഴില്‍ ഇതെല്ലാം ചെയ്യുമ്പോള്‍ കിട്ടുന്ന ശമ്പളമെന്ന് പറയുന്നതാണ് നമ്മള്‍ നല്‍കുന്ന യൂസര്‍ ഫീ. അതായത് പഞ്ചായത്തുകളില്‍ നിന്നും വീടൊന്നിന് 50 രൂപയും മുന്‍സിപ്പാലിറ്റിയില്‍ അറുപതും കോര്‍പ്പറേഷനുകളില്‍ എഴുപതും എന്നതാണ് യൂസര്‍ ഫീ.
ഇവര്‍ ശേഖരിക്കുന്ന മാലിന്യം കൈ മാറുമ്പോള്‍ കിട്ടുന്ന ചെറിയ തുകയും ഇവര്‍ക്കുതന്നെ. മാത്രമല്ല, മാലിന്യ ശേഖരണത്തിനായി ചാക്കുള്‍പ്പെടെയുള്ളവയും ഈ തുകയില്‍ നിന്നും വാങ്ങേണ്ടതുണ്ട്. ശേഷിക്കുന്ന തുക എല്ലാവരും വീതിച്ചെടുക്കും. അതില്‍ത്തന്നെ ഹാജര്‍ നിലനോക്കി പതിനായിരത്തിനും താഴേക്കാണ് കൂടുതല്‍ പേര്‍ക്കും ലഭിക്കുക.
ആളുകളുടെ പുഛവും വേസ്റ്റ് പെറുക്കികളെന്ന വിളികളും ജോലിയോടുള്ള ആത്മാര്‍ത്ഥതകൊണ്ട് മറക്കുകയാണ് ഇവര്‍. ഒരിക്കല്‍ ആലപ്പുഴയിലെ ഒരു വീട്ടില്‍ അജൈവ മാലിന്യ ശേഖരണത്തിനായിപ്പോയി. വീടിനുമുമ്പില്‍ ഞങ്ങള്‍ നില്‍ക്കുന്നതില്‍ വീട്ടുകാര്‍ക്ക് നാണക്കേട് തോന്നി. പിന്നാമ്പുറത്തേക്ക് വരാന്‍ പറഞ്ഞു. ഒട്ടും വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. എല്ലാം വാരിക്കെട്ടി ചാക്കിലാക്കി ഞങ്ങള്‍ റോഡിലേക്കെത്തിച്ചു. അല്‍പ്പം കഴിഞ്ഞപ്പൊ വീട്ടുടമ പിന്നാലെയെത്തി. അദ്ദേഹത്തിന്റെ മണ്ണെണ്ണ കന്നാസ് കാണാനില്ലെന്നും പറഞ്ഞ്. നടുറോഡില്‍വെച്ച് ചാക്കഴിപ്പിച്ച് മാലിന്യമെല്ലാം റോഡിലിട്ട് പുള്ളിയുടെ മണ്ണെണ്ണ കന്നാസ് തിരഞ്ഞു, കിട്ടിയില്ലെന്നും പറഞ്ഞ് അയാള് പോയി. വീണ്ടും ഒന്നേന്ന് എല്ലാം വാരിക്കെട്ടി ഞങ്ങള് അടുത്ത വീട് തേടിപ്പോയി…’
‘പലരും ഞങ്ങളെ കാണുമ്പോള്‍ വീടിന്റെ ഗേറ്റ് അടച്ചിടും, എത്രവിളിച്ചാലും തുറക്കാത്ത വാതിലുകളുമുണ്ട്. അഴുകിയതും പുഴുവരിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളും ഉപയോഗിച്ച സാനിറ്ററി പാഡുകളും കുട്ടികളുടെ ഡയപ്പറുകളുമെല്ലാം മാലിന്യങ്ങള്‍ക്കൊപ്പം പെറുക്കേണ്ടി വരുന്ന അനുഭവവും ഇവരെ പൊള്ളലേല്‍പ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം ഇവര്‍ ഈ ഭൂമുഖത്ത് നിന്ന് നീക്കം ചെയ്തത് 4836.262 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്.
പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത വീട് ഇല്ലാ എന്നുതന്നെ പറയാം. എന്നിട്ടും യൂസര്‍ ഫീയുടെ പേരില്‍ നടക്കുന്ന പ്രചരണങ്ങളില്‍ ഈ വനിതകളെയാകെ കുറ്റപ്പെടുത്തുകയും മാലിന്യ ശേഖരണത്തിനെത്തുന്നവരെ ആട്ടിപ്പായിക്കുകയും ചെയ്യുമ്പോള്‍ കുന്നുകൂടുന്ന മാലിന്യം കത്തിച്ച് രോഗം ക്ഷണിച്ചുവരുത്തുകയോ, മണ്ണിലേക്കിട്ട് വരുംതലമുറയുടെ വേര് അറുക്കുകയോ ചെയ്യുകയാണ് നാം.
സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തയുടെ പൊരുള്‍ തേടി അധികമാരും പായാറില്ലല്ലോ, പോരാത്തതിന് പ്രചരിപ്പിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുകയും ചെയ്യും. പക്ഷേ അതിലൂടെ കഞ്ഞികുടി മുട്ടുന്ന ജീവിതങ്ങളെക്കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും…
