അന്തര്‍ദേശീയം
പാകിസ്ഥാന് വിമാനങ്ങള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 24 വരെ നീട്ടി
ന്യുഡല്‍ഹി: പാകിസ്ഥാന് വിമാനക്കമ്പനികള്‍ക്കും വിമാനങ്ങള്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 24 വരെ വീണ്ടും നീട്ടി. ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും പാകിസ്ഥാന് വ്യോമാതിര്‍ത്തി അടച്ചിടുന്നത് നീട്ടിയതിന് പിന്നാലെയാണ് തീരുമാനം. ഇത് സംബന്ധിച്ച് വ്യോമസേനയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്കി. ഇതോടെ വ്യോമാതിര്‍ത്തികള്‍ അടച്ചിടുന്നത് അഞ്ചാം മാസത്തിലേക്ക് നീളും.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഏപ്രില്‍ 24 ന് പാകിസ്ഥാന് വ്യോമാതിര്‍ത്തി അടച്ചുപൂട്ടി. ഒരു മാസത്തേക്ക് ഇന്ത്യന്‍ വിമാനങ്ങളും വിമാനക്കമ്പനികളും പാകിസ്ഥാന് വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നത് വിലക്കി. ഏപ്രില്‍ 30 ന് പാകിസ്ഥാന് വിമാനങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചുകൊണ്ട് ഇന്ത്യ പ്രതികരിച്ചു. പിന്നീടുള്ള ഓരോ മാസവും വ്യോമാതിര്‍ത്തി അടയ്ക്കുന്നത് തുടര്‍ച്ചയായി നീട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ക്കും വിമാനങ്ങള്‍ക്കും വ്യോമാതിര്‍ത്തിയില്‍ വിലക്കില്ല.
സെപ്റ്റംബര്‍ 24 ന് ഇന്ത്യന്‍ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം പാകിസ്ഥാന് വിമാനക്കമ്പനികള്‍ക്കും സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് ഒരു മാസത്തേക്ക് കൂടി ഇന്ത്യന്‍ വിമാനങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും സൈനിക വിമാനങ്ങള്‍ക്കും വ്യോമാതിര്‍ത്തിയില്‍ പ്രവേശനം വിലക്കിക്കൊണ്ട് പാകിസ്ഥാന് ഉത്തരവിറക്കിയത്.
