സിനിമ
സര്‍ക്കസ് മുതലാളിമാരേ… മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്…
‘അവള്‍ക്കൊക്കെ ആരാണാവോ അവസരം കൊടുക്കുന്നത്? എന്ത് കൂറ അഭിനയമാണ്’ ‘അതറിയില്ലേ….കാണേണ്ടവരെ കാണേണ്ട പോലെ കണ്ട് കഴിയുമ്പോള്‍ അവസരങ്ങളൊക്കെ താനേ വരും. എത്ര കഴിവുണ്ടെന്ന് പറഞ്ഞിട്ടും അല്ലാതെ ഒരു കാര്യവുമില്ല.’ ഇത് മലയാളസിനിമയുടെ അണിയറ വിശേഷത്തെക്കുറിച്ചുള്ള അടുക്കള വര്‍ത്തമാനമാണ്. പക്ഷേ അടുക്കളപ്പുറത്ത് നിന്ന് പറയാതെ അരങ്ങിലേക്ക് തന്നെ വന്ന് വളരെ സ്വാഭാവികമായി പാര്‍വ്വതി പറഞ്ഞു, ‘മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്.’ പക്ഷേ അസ്വാഭികമായി എന്തോ കേട്ടതുപോലെ മലയാളം അവരെ തുറിച്ചുനോക്കി.
കാസ്റ്റിങ് കൗച്ചുണ്ട്, അതിലിത്ര പറയാനായെന്താ എന്നൊരു ഭാവം. ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന്റെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കസ് കളിക്കണമെങ്കില്‍ പണവും പ്രശസ്തിയും വേണമെങ്കില്‍ സര്‍ക്കസ് മുതലാളി പറയുന്ന പോലൊക്കെ കെട്ടിമറിയണം. ജൂഡ്, ആത്മാഭിമാനത്തോടെ പണിയെടുക്കാനും ചെയ്യുന്ന തൊഴിലിന് അര്‍ഹതപ്പെട്ട വേതനവും ഏതൊരു മനുഷ്യന്റേയും അവകാശമാണ്. അത് ഏത് മേഖലയിലാണെങ്കിലും. തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗം പോരാടിത്തന്നെയാണ് ഇന്ന് ഉള്ള എല്ലാ അവകാശങ്ങളും നേടിയെടുത്തത്. ഇനിയും മറ്റുള്ളവരെ കുരങ്ങുകളാക്കി മുതലാളിമാരായി തുടരാനാകില്ലെന്ന് തിരിച്ചറിയൂ.
അവകാശങ്ങള്‍ക്ക് സ്ത്രീയോ പുരുഷനോ എന്നുള്ള വേര്‍തിരിവില്ല. 1947 ല്‍ സ്വാതന്ത്രം കിട്ടിയത് ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കുമാണ്. പിന്നെയും തുടരുന്ന അനീതികള്‍ കാലാകാലങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ സംസാരിച്ച് തുടങ്ങാന്‍ ഏറെ വൈകിപ്പോയെന്നത് മാത്രമാണ് ഇവിടെ പ്രശ്നം. ഈ വിഷയം വീണ്ടും പ്രസക്തമാകുന്നത് 75 ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരചടങ്ങ് നടന്ന വേദിയിലാണ്. ഉന്നതരുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ വനിതകള്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി ചടങ്ങിലെത്തിയ പ്രമുഖര്‍ കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയത്. ഹാര്‍വെ വെയിന്സ്റ്റീന് തങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ് താരങ്ങള്‍ മുഖ്യധാരയിലേക്ക് വന്നപ്പോള്‍ അവര്‍ക്ക് ശക്തമായ പിന്തുണയാണ് ലോകമെമ്പാടുനിന്നും ലഭിച്ചത്. തങ്ങള്‍ക്ക് ലഭിക്കുന്ന വേദികളിലെല്ലാം ഇത്തരത്തില്‍ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ തയ്യാറായി. ശബ്ദമുയര്‍ത്തുന്നവരെ അവര്‍ ഒറ്റപ്പെടുത്തിയില്ല.
ചൂഷകര്‍ക്കൊപ്പം നില്‍ക്കുന്നത് കൊണ്ട് ലഭിച്ചേക്കാവുന്ന ഔദാര്യങ്ങള്‍ അവരെ ആകര്‍ഷിക്കുന്നില്ല. ഔദാര്യവും അവകാശവും തമ്മിലുള്ള വ്യത്യാസം അറിയാവുന്ന നെഞ്ചുറപ്പുള്ള മനുഷ്യര്‍ സംസാരിച്ച് തുടങ്ങിയിരിക്കുന്നു. സമഗ്ര സംഭാവനയ്ക്കുള്ള സെസില്‍ ബിഡെമിന് പുരസ്ക്കാരം നേടിയ ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായ അവതാരക ഓപ്ര വിന്‍ഫ്രിയുടെ വാക്കുകളാണ് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത്.
കറുത്ത ഉടുപ്പണിഞ്ഞെത്തിയ ഓപ്ര പറയുന്നു, ‘നമുക്കു ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ് സത്യം പറയാനുള്ള കഴിവ്. എത്രയൊക്കെ നീചമായ അനുഭവങ്ങള്‍ ഉണ്ടായാലും നിശബ്ദരായിരിക്കുന്നതായിരുന്നു ഇതുവരെ സ്ത്രീകളുടെ പതിവ്. അതിന് ഒരു അവസാനമായിരിക്കുന്നു. അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ തുറന്നു പറയൂ. നമ്മെ ചൂഷണം ചെയ്തവര്‍ നാണിച്ചു തലതാഴ്ത്തട്ടെ. ഇനി വരുന്നത് സത്യത്തിന്റെ പ്രഭാതം; നമ്മുടെ പ്രഭാതം. ഞാനും ഇരയാണെന്ന് പറയേണ്ടി വരാത്ത പ്രഭാതം.’
