Connect with us

പാര്‍വ്വതിക്കുപുറകെ മീന്‍പൊരിച്ചതുമായി എത്തുന്നു റിമ കല്ലിങ്കല്‍!

സിനിമ

പാര്‍വ്വതിക്കുപുറകെ മീന്‍പൊരിച്ചതുമായി എത്തുന്നു റിമ കല്ലിങ്കല്‍!

മീന്‍ പൊരിച്ചത് കിട്ടാത്തതുകൊണ്ട് ഫെമിനിസ്റ്റായ റിമ കല്ലിങ്കലാണ് പാര്‍വ്വതിക്ക് ശേഷം ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ‘ഫെമിനിച്ചി’. കുട്ടിക്കാലത്ത് മീന്‍ പൊരിച്ചത് പങ്കുവയ്ക്കുമ്പോള്‍ വീട്ടിലെ മുതിര്‍ന്ന അംഗത്തിനും ആണുങ്ങള്‍ക്കും മാത്രം മീന്‍ നല്‍കിയ അമ്മയെ ചോദ്യം ചെയ്താണ് താന്‍ ആദ്യമായി ഫെമിനിസ്റ്റ് ആയത് എന്ന് റിമ പറയുന്നു. റിമ പറഞ്ഞതിലെ ‘പൊരിച്ച മീനി’ ല്‍ മാത്രം കടിച്ചുതൂങ്ങുകയാണ് ചക്കെന്ന് പറഞ്ഞാല്‍ ചുക്കെന്ന് മാത്രം കേള്‍ക്കുന്ന കുറച്ചുപേര്‍.

ആര്‍ക്കും അഭിപ്രായം പറയാം എന്നതാണ് നിലവില്‍ സാമൂഹിക മാധ്യമങ്ങളിലെ അവസ്ഥ. അതിനാല്‍ രൂപീകരിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ക്ക് മിനിമം നിലവാരം വേണമെന്ന് നമുക്ക് ശഠിക്കാനുമാകില്ല. പൊരിച്ച മീനും, മീന്‍ വാങ്ങാന്‍ പോകുന്ന അമ്മച്ചിയുമൊക്കെയാണ് ട്രോള്‍ രംഗം വാഴുന്നത്. പതിവുപോലെ കയ്യടി നേടുന്ന സ്ത്രീ ട്രോളേഴ്‌സുമുണ്ട് ഒപ്പം. സ്വന്തം പാത്രത്തിലെ മീന്‍ പൊരിച്ചത് തീര്‍ന്നപ്പോള്‍ അച്ഛന്റേയും ചേട്ടന്മാരുടേയും മീന്‍ പൊരിച്ചതും തിന്ന് ഇനി അമ്മയുടേത് കൂടി കിട്ടുമോ എന്ന് നോക്കിയിരിക്കുന്ന ഞാന്‍ എന്നുള്ള പെണ്‍കുട്ടിയുടെ പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

കുടുംബത്തിനകത്തെ ആണ്‍ പെണ്‍ സമവാക്യങ്ങളില്‍ ഇന്ന് റീമയുടെ കുട്ടിക്കാലത്ത് ഉള്ളതില്‍ നിന്നും വലിയ മാറ്റം വന്നിട്ടുണ്ട്. അതുപോലെ പണവും പദവിയുമുള്ള കുടുംബങ്ങളിലും അന്നന്നത്തെ അന്നം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലും തമ്മിലുമുണ്ട് വലിയ അന്തരം. വേട്ടയാടി ഇര തേടുക, കലപ്പയും കൈക്കോട്ടുമായി കണ്ടത്തിലിറങ്ങി പണിയെടുക്കുക തുടങ്ങിയ ശാരീരികാധ്വാനം ഏറെയുള്ള പണികള്‍ ചെയ്തിരുന്ന കാലത്ത് അത്തരം പണികള്‍ ചെയ്യുന്നവര്‍ക്കായി അവര്‍ അധ്വാനിച്ചുകൊണ്ടുവരുന്ന ഭക്ഷണത്തിന്റെ നല്ലൊരു വിഹിതം മാറ്റിവച്ചിരുന്നു. ഇന്ന്, എല്ലാവരും അധ്വാനിക്കുന്ന ഒരു കാലഘട്ടത്തില്‍ അതിന്റെ ആവശ്യമേ വരുന്നില്ല. എങ്കിലും പുരുഷനാണ് ആദരിക്കപ്പെടേണ്ടവന്‍, അവന്‍ ഭരണചക്രം കയ്യാളിയാല്‍ മാത്രമേ തങ്ങള്‍ക്ക് ജീവിക്കാനാകൂ എന്ന മിഥ്യാ ബോധത്തില്‍ നിന്നും പുറത്തുവരാനാകാത്ത സ്ത്രീകള്‍ ഇന്നും പഴയ രീതി പിന്തുടരുന്നു. ഇന്ന് മിക്ക വീടുകളിലും എല്ലാവരും കഴിച്ചുകഴിഞ്ഞാലും ഭക്ഷണം അധികം വരുന്ന സാഹചര്യമാണുള്ളത്. അവിടെ ഒരുപക്ഷേ മീന്‍ പൊരിച്ചത് ലഭിക്കാതെ പോയ പെണ്‍കുട്ടികള്‍ ഉണ്ടാകില്ല.

എന്നാല്‍ എല്ലാവരുടേയും വയറ് നിറയെ കഴിക്കാന്‍ ഇല്ലാതിരുന്ന ഒരുകാലത്ത് റിമ പറഞ്ഞ വിവേചനം അനുഭവിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ ഉണ്ട്. ഇന്നുമുണ്ട്, തനിക്ക് ലഭിക്കുന്ന പങ്ക് പോലും മറ്റുള്ളവര്‍ക്കായി മാറ്റി വച്ച് അവര്‍ കഴിക്കുന്നത് കാണുമ്പോള്‍ നിര്‍വൃതി കൊള്ളുന്ന അമ്മമാര്‍. അവരുടെ നാക്കിന് രുചി തിരിച്ചറിയാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല, കഴിക്കാനുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടുമല്ല. അമ്മയുടെ മഹത്തായ സ്‌നേഹം എന്ന് ഒരു ഉളുപ്പിമില്ലാതെ അതിനെ വിശേഷിപ്പിച്ച് കിട്ടുന്ന പങ്കും കൂടി വാങ്ങിപ്പോകാന്‍ നാം മടിക്കാറുമില്ല. അമ്മയുടെ പങ്ക് അമ്മയ്ക്കുള്ളതാണെന്ന് പറഞ്ഞ് സ്വയം ബഹുമാനിക്കാന്‍ അവരെ പര്യാപ്തരാക്കുന്ന ഒരു കുടുംബം നിലവില്‍ ഒരു വിദൂരസ്വപ്‌നം മാത്രമാണ്. സ്വന്തം അവകാശങ്ങള്‍ സ്വയം നിഷേധിക്കുന്ന അമ്മമാര്‍ കുറച്ചു കഴിയുമ്പോള്‍ തന്റെ പെണ്‍മക്കളേയും ഉത്തമ സ്ത്രീകളാക്കി ഒതുക്കി നിര്‍ത്താന്‍ നോക്കും.

ആണിനേക്കാള്‍ താഴെ നില്‍ക്കുന്ന ആഗ്രഹങ്ങളും അഭിലാഷങ്ങളും അവകാശങ്ങളും മാത്രമേ തനിക്കുള്ളൂ എന്ന് ധാരണ പേറാത്ത ആത്മാഭിമാനമുള്ള പെണ്ണുങ്ങള്‍ അതിനെ ചോദ്യം ചെയ്യും. അവിടെ അവര്‍ ഫെമിനിസ്റ്റുകളല്ല, വ്യക്തി എന്ന നിലയില്‍ തനിക്ക് നിഷേധിക്കപ്പെട്ട അവകാശത്തെ ചോദ്യം ചെയ്യുന്നവള്‍ മാത്രമാണവള്‍. ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്ന 68 ശതമാനത്തില്‍ മഷിയിട്ട് നോക്കിയാലും ഒരു റിമയേയോ പാര്‍വ്വതിയേയോ കാണാനാകില്ല. മീന്‍ പൊരിച്ചതല്ല വിഷയമെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുമറിയാം, പക്ഷേ അവര്‍ ഉന്നയിക്കുന്ന ആര്‍ജ്ജവമുള്ള വാക്കുകളെ നിസാരവത്കരിക്കാതിരുന്നാല്‍ ആണ്‍കോയ്മയ്ക്ക് നിലനില്‍പ്പില്ലെന്ന സത്യം എതിര്‍ക്കുന്നവരെ ഭയപ്പെടുത്തുന്നുണ്ടാകാം. നിസാരവത്കരിക്കൂ… ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ പൈഥഗോറസിനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞ ഒരു ചരിത്രമുണ്ട്… അന്ന് വരെ ജീവിച്ചിരുന്ന മിഥ്യാലോകത്തിന് ഇളക്കം തട്ടുമെന്ന ഭയത്താലാണ് അവര്‍ അദ്ദേഹത്തെ കൊന്നുകളയുന്നത്. പക്ഷേ മിഥ്യാലോകം എന്നായാലും പൊളിഞ്ഞുവീഴുകതന്നെ ചെയ്യും. ഒന്ന് കണ്ണുരുട്ടിയാല്‍ പേടിച്ചൊളിക്കുന്ന പെണ്ണുങ്ങളെയേ നമുക്ക് പരിചയമുള്ളൂ. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്ന, ഇനിയും പറയാന്‍ ആര്‍ജ്ജവമുള്ള പെണ്ണുങ്ങള്‍ ഇനിയുമുണ്ട്… ആത്മാഭിമാനമുള്ളവര്‍.

ഫെമിനിസമെന്നാല്‍ പെണ്ണുങ്ങള്‍ മാത്രമുള്ളതല്ല. ആണ്‍കോയ്മ എന്നാല്‍ ആണുങ്ങള്‍ മാത്രമുള്ളതുമില്ല. ലിംഗവ്യത്യാസമില്ലാതെ ഇരുപക്ഷത്തുമുണ്ട് ആളുകള്‍. ഇന്ത്യയിലെ ആദ്യകാല ഫെമിനിസ്റ്റുകള്‍ പുരുഷന്മാര്‍ തന്നെയായിരുന്നു. നിശബ്ദരാക്കാന്‍ ശ്രമിച്ചിട്ടും കുരങ്ങന്മാരാക്കാന്‍ ശ്രമിച്ചിട്ടും ഉച്ചത്തില്‍ തന്നെ ഉയരുന്ന ഈ ശബ്ദങ്ങള്‍ പുതിയ പ്രഭാതത്തിന്റെ സൂചനകളാണ്‍

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top