സിനിമ
നെറ്റ്ഫ്ലിക്സില്‍ നിന്ന് ‘അന്നപൂരണി’യെ ഒഴിവാക്കിയ നടപടിയില്‍ പ്രതികരിച്ച്: പാര്‍വതി തിരുവോത്ത്
തിരുവനന്തപുരം: നയന്‍താര നായികയായ ‘അന്നപൂരണി’യുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട വിവാദം കത്തിപ്പടരുകയാണ്. സിനിമയിലെ ചില രംഗങ്ങള്‍ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഉയര്‍ന്ന ആരോപണം. ഇപ്പോള്‍ നടി പാര്‍വതി തിരുവോത്ത് ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ നിന്ന് ചിത്രം ഒഴിവാക്കിയ നിര്‍മ്മാതക്കളുടെ നടപടിയില്‍ പ്രതികരിച്ചുകൊണ്ടാണ് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രതികരിച്ചു.
‘അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കപ്പെടുകയാണ്. ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത രീതിയില്‍ ഇടത് നിന്നും വലത് നിന്നും സെന്ററില്‍നിന്നും സെന്‍സറിംഗ് നടക്കുന്നു’.
അതേ സമയം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയന്‍താരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതര്‍ക്കെതിരെയും കേസ് എടുത്തു. നെറ്റ് ഫ്ലിക്സിലെ അന്ന പൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ഹിന്ദു സംഘടനകളാണ് പരാതി നല്‍കിയത്. സിനിമയ്ക്കെതിരെ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സില്‍ നിന്നും നീക്കം ചെയ്തിരുന്നു.
