Connect with us

‘ചാന്ത്‌പൊട്ട്, ഒൻപത്… അത് മരിക്കാൻ മാത്രം ആഗ്രഹിച്ച നാളുകൾ ; പാർവ്വതീ നിന്റെ ശബ്ദം ഇന്ന് ഞങ്ങൾക്കും കൂടിയാണ്’

സിനിമ

‘ചാന്ത്‌പൊട്ട്, ഒൻപത്… അത് മരിക്കാൻ മാത്രം ആഗ്രഹിച്ച നാളുകൾ ; പാർവ്വതീ നിന്റെ ശബ്ദം ഇന്ന് ഞങ്ങൾക്കും കൂടിയാണ്’

വനെന്നെ സിഗററ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചപ്പോൾ ഞാനത് പ്രണയമാണെന്ന് കരുതി- പാർവ്വതി പറയുന്നു. അഭിനയമികവ് കൊണ്ടും അതിലുപരി തന്റെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിലുള്ള ഉൾക്കരുത്ത് കൊണ്ടും ചുരുങ്ങിയ കാലത്തിനിടയിൽ മലയാളികൾക്ക് നിഷേധിക്കാനാകാത്തൊരു ശബ്ദമായി മാറിയിരിക്കുന്ന പാർവ്വതിയാണ് പറയുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും കണ്ടും കേട്ടും ശീലിച്ചും വന്ന കാര്യങ്ങൾ അന്ന് പാർവ്വതിയെ പഠിപ്പിച്ചിരുന്നത് ‘പ്രണയത്തിലായിരിക്കുമ്പോൾ കാമുകൻ എരിയുന്ന സിഗററ്റുകൊണ്ട് കാലുകളെ പൊള്ളിച്ചാൽ അതിനെയും പ്രണയമായി കാണണമെന്നായിരുന്നു. ജോലിചെയ്യുകയും സമ്പാദിക്കുകയും പ്രശസ്തരാകുകയും വേണമെങ്കിൽ ആണുങ്ങൾ സർക്കസ് മുതലാളിമാരാകുന്ന ലോകത്ത് അവരുടെ താളങ്ങൾക്കൊത്ത് തന്നെ തുള്ളുന്ന കുരങ്ങുകളാകണം പെണ്ണുങ്ങൾ എന്ന് പറയുന്ന ജൂഡ് മുതലാളിമാരുള്ള ലോകത്ത് നിന്ന് ഒരു കുരങ്ങാകാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് പാർവ്വതി. പാർവ്വതിക്ക് ഐക്യദാർഢ്യവുമായി ഒട്ടനവധി പേർ നവമാധ്യമങ്ങളിൽ സജീവമാണ്. പാർവ്വതിയുടെ വാക്കുകൾ താരരാജാക്കന്മാർക്കെതിരെയുള്ള വെല്ലുവിളികൾ മാത്രമാണെന്ന് കരുതുന്നവർ ചീത്തവിളികളുമായും ഒപ്പമുണ്ട്. ഫെമിനിസമെന്നാൽ വട്ടപ്പൊട്ടും കൂളിംഗ് ഗ്ലാസ്സും സ്ലീവ് ലെസുമാണെന്ന് കരുതുന്ന പാരമ്പര്യവാദികളും രംഗത്തുണ്ട്. മൂന്ന് കൂട്ടത്തിലും ആൺ- പെൺ ഭേദമന്യേയാണ് അഭിപ്രായങ്ങൾ സംഘടിക്കപ്പെടുന്നത്. കൂട്ടത്തിൽ മുഹമ്മദ് ഉനൈസ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സംസാരത്തിലും ശരീരഭാഷയിലും ‘തികഞ്ഞ പുരുഷസങ്കൽപ്പ’ത്തിനൊത്ത് എത്താൻ കഴിയാതിരുന്ന മുഹമ്മദ് ഉനൈസിന് സ്ഥിരമായി കളിയാക്കലുകൾ നേരിട്ടിരുന്നുവത്രേ. പുരുഷ ശരീരത്തിനുള്ളിലെ അല്പ സ്‌ത്രൈണതയെ ആൺകോയ്മയുള്ള സമൂഹത്തിന് എങ്ങനെയാണ് പൊറുക്കാനാകുക! ക്ലാസ്സ് മുറികളിൽ പരിഹസിച്ച് ആർത്ത് ചിരിക്കാൻ അധ്യാപകരും കൂടിയപ്പോൾ പഠനവും ജീവിതവും ചോദ്യചിഹ്നമായി നിന്നു. ‘ചാന്ത്് പൊട്ട്’ സിനിമ തരംഗമായതോടെ പേരുവിളികളും കളിയാക്കലുകളും അറുതിയില്ലാതെ തുടർന്നു. മരണമല്ലാതെ മറ്റൊന്നിനെപറ്റിയും ചിന്തിക്കാനാകാത്ത കൗമാരമായിരുന്നു അവന് ഉണ്ടായത്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ജീവിതകാലം മുഴുവൻ തങ്ങളോട് തന്നെയും സമൂഹത്തോടും ഒരേ പോലെ നിലനിൽപ്പിനായി യാചിക്കേണ്ടി വന്ന ട്രാൻസ്‌ജെന്റർ സമൂഹം മുഴുവൻ ഏറ്റുവാങ്ങേണ്ടി വന്ന ദുർവിധിയാണ്. ……………….. പോസ്റ്റ് ഇങ്ങനെ ആരംഭിക്കുന്നു ‘തീവ്രമായ അനുഭവങ്ങളൊന്നും തന്നെ അത്ര വേഗം മായിച്ചു കളയാൻ ഒക്കില്ല എന്നുള്ളത് കൊണ്ട് തന്നെ, അതൊക്കെ ഇന്നും വളരെ വ്യക്തമായി ഓർമനില്ക്കുന്നുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചാന്ത് പൊട്ട് എന്ന സിനിമ റിലീസ് ചെയ്തത്.സംസാരത്തിലും ശരീരഭാഷയിലും അന്ന് ഭൂരിപക്ഷത്തിൽ നിന്ന് ലേശം വ്യത്യസ്തതപ്പെട്ടത് കൊണ്ടാകണം, ചില കൂടെ പഠിച്ചിരുന്നവരും, സീനിയേഴ്‌സുമൊക്കെ പെണ്ണെന്നും ഒമ്പതെന്നുമൊക്കെ കളിയാക്കി വിളിച്ചിരുന്നത്. ട്യൂഷനിൽ മലയാളം അധ്യാപകൻ പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയിൽ എന്നെ ചൂണ്ടിക്കാട്ടി ഇവൻ പുതിയ സിനിമയിലെ ചാന്ത് പൊട്ട് പോലെയാണന്ന് പറഞ്ഞപ്പോൾ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടേയും ആ അട്ടഹാസച്ചിരിയിൽ എനിക്കനുഭവപ്പെട്ടത് നെഞ്ചിൻകൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോട് കൂടി ആ ട്യൂഷൻ നിർത്തി.എന്നാൽ ആ വിളിപ്പേര് ട്യൂഷനിൽ നിന്ന് തൊട്ടടുത്ത ദിവസം തന്നെ സക്കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയർ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററിൽ നിന്ന് പോയെങ്കിലും ‘ചാന്ത് പൊട്ട്’ എന്ന വിളിപ്പേര് നിലനിർത്തിത്തന്നു. (ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ല് കിട്ടിയ ആളുകളെ ഒരു പാട് വർഷങ്ങൾക്ക് ശേഷം കണ്ടിട്ടുണ്ട്) ഓരോ ദിവസവും കഴിഞ്ഞു പോവുക എന്നത് അസഹനീയമായിത്തീർന്നു. മരിക്കുക, മരിക്കുക എന്ന് ഒരു പാട് കാലം മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.’ …………………. ആർപ്പുവിളകളും ആരവുമായി ഓരോ സിനികളും തീയേറ്ററിനുള്ളിൽ നിന്നും ഇറമ്പിയിറങ്ങുമ്പോൾ അത് മുറിവേൽപ്പിക്കുന്ന, കൊല്ലാതെ കൊല്ലുന്ന ഒട്ടനവധി പേർ ഇത്തരത്തിലുണ്ടെന്ന് മുഹമ്മദ് ഉനൈസ് ചൂണ്ടിക്കാട്ടുന്നു. ………………’ആത്മാഭിമാനത്തോട് കൂടി, അന്തസോട് കൂടി തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ ആവശ്യമായത് അതുപോലുള്ള കരുത്തുള്ള മനസും മനോഭാവവുമാണ്. മുഖ്യധാരാ സിനിമ ഇത്രയും നാൾ നോവിച്ച എല്ലാവർക്കും വേണ്ടിയാണ് നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് പാർവതീ! ഒരുപാട് ഊർജവും പ്രചോദനവും നിങ്ങൾ അവർക്കെല്ലാവർക്കും കൊടുക്കുന്നുണ്ട്. സമത്വത്തിനെക്കുറിച്ചുള്ള മന്ദീഭവിച്ച പ്രതീക്ഷയെ നിങ്ങൾ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നുണ്ട്.’, എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഉനൈസിന് മറുപടിയുമായി പാർവ്വതിയും ട്വീറ്റ് ചെയ്തു. തന്റെ ഇന്റസ്ട്രി മൂലം ഉനൈസിന് ഉണ്ടായ വേദനയ്ക്ക് മാപ്പുപറയുകയും പിന്തുണപ്രഖ്യാപിക്കുകയുമാണ് ട്വീറ്റിലൂടെ അവർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top