എഡിറ്റോറിയല്‍
നിഷ്പക്ഷത എന്ന കാപട്യം
നിഷ്പക്ഷരാകണം എന്നത് വലിയ ഒരു നുണയാണ്. ലോകചരിത്രത്തില്‍ തന്നെ ഭരണകൂടത്തിനോ വ്യക്തികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ ഒരു വിഷയത്തിലും നിഷ്പക്ഷത പാലിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഒന്നുകില്‍ സത്യത്തിന്റെ പക്ഷത്ത് അല്ലെങ്കില്‍ അസത്യത്തിന്റെ കൂടെ. ഒന്നുകില്‍ വേട്ടക്കാരനോടൊപ്പം അല്ലെങ്കില്‍ ഇരകള്‍ക്കൊപ്പം. അല്ലാതെ ഒരേ സമയം സത്യത്തിന്റെയും അസത്യത്തിന്റെയും പക്ഷം പിടിക്കാന്‍ ആര്‍ക്കുമാവില്ല. ഈ യാഥാര്‍ത്ഥ്യമാണ് ഒരര്‍ത്ഥത്തില്‍ പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ജെ. ചലമേശ്വര്‍ ഉള്‍പ്പെടെയുള്ള നാല് ജസ്റ്റിസുമാര്‍ രാജ്യത്തോട് പറഞ്ഞത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സമ്മതിക്കുന്നവര്‍ പോലും അവര്‍ നടത്തിയ പത്രസമ്മേളനത്തെയാണ് വിമര്‍ശിക്കുന്നത്. ഇപ്പോഴാകട്ടെ, കേന്ദ്ര സര്‍ക്കാര്‍ ഈ സംഭവത്തില്‍ തങ്ങള്‍ നിഷ്പക്ഷത പാലിക്കുകയാണ് എന്ന് പറയുന്നു. ജസ്റ്റിസുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും അവരെ തുറന്ന് ന്യായീകരിക്കാന്‍ മുന്നോട്ട് വരുന്നില്ല. കാരണം മറ്റൊന്നല്ല, ശരിയുടെ പക്ഷത്ത് നിന്നുകൊണ്ട് ഇതാണ് ശരി എന്ന് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും വിളിച്ചുപറയാനുള്ള ആര്‍ജ്ജവവും സത്യസന്ധതയും എന്നേ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
ഓര്‍മ്മവരുന്നത് എം.മുകുന്ദന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ പ്രശസ്തമായൊരു കഥയാണ്. ‘ഡല്‍ഹി 1981’ എന്നായിരുന്നു ആ കഥയുടെ പേര്. ഡല്‍ഹിയിലെ തിരക്കേറിയ റോഡിലൂടെ ഒരു പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ പിന്തുടര്‍ന്ന് ഓടിച്ചുകൊണ്ട് പോയി ഒരു സ്ഥലത്തുവച്ച് പീഡിപ്പിക്കുന്നു. ആയുധധാരികളായ അക്രമികളെ കണ്ട് ഭയന്നവരാരും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. ദൂരെ നിന്ന് ഒരു കല്ലെറിയാന്‍ പോലും കണ്ടവര്‍ക്കൊന്നും കഴിഞ്ഞില്ല. ഒടുവില്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഒരു പക്ഷി പറന്നുവന്ന് അക്രമികളെ കൊത്തിയോടിക്കാന്‍ ശ്രമിക്കുകയാണ്. ആ കഥ ഡല്‍ഹിയിലെ തെരുവില്‍ തന്നെ 2014 ല്‍ യാഥാര്‍ത്ഥ്യമായി. നിര്‍ഭയയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ കണ്ട ഏറ്റവും വലിയ ജനരോഷമായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡല്‍ഹി കണ്ടത്. ഒരു അനീതി കാണുമ്പോള്‍ ആ പക്ഷിയെ പോലെയെങ്കിലും പ്രതികരിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍!!
