ദേശീയം
”ഞാന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നു… യുദ്ധത്തിനു തയ്യാര്‍….’ രജനി സ്പീക്കിംഗ്….
ചെന്നൈ : തമിഴകം ആവേശത്തിലാണ്. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും നിരാശകള്‍ക്കും വിരാമമിട്ട് ഇതാ തമിഴ് മക്കളുടെ പ്രിയ രക്ഷകന്‍ എത്തിയിരിക്കുന്നു. ” ലേറ്റ് ആയി വന്താലും, ലേറ്റസ്റ്റ് ആയി വരുവേന്‍,” എന്ന പ്രസിദ്ധമായ രജനി ഡയലോഗ് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് സ്റ്റൈല്‍ മന്നന്‍. തമിഴ് മക്കളുടെ പ്രിയ അമ്മ ഒഴിച്ചിട്ട കസേരയില്‍ ഇരിക്കാന്‍ ഇതാ ‘തലൈവര്‍’ എത്തിയിരിക്കുന്നു. തമിഴ് മക്കള്‍ തെരുവില്‍ പാട്ടും നൃത്തവുമായി ഉത്സവ ലഹരിയിലാണ്. മാസങ്ങള്‍ നീണ്ട സസ്‌പെന്‍സിനു വിരാമമിട്ട് കുന്നോളം പ്രതീക്ഷകള്‍ നല്‍കിയാണ് തലൈവരുടെ വരവ്. ചെന്നൈ രാഘവേന്ദ്ര കല്ല്യാണമണ്ഡപത്തില്‍ ഇന്നു രാവിലെ രജനീകാന്ത് നടത്തിയ രാഷ്ട്രീയ പ്രവേശന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍…. ” തീര്‍ച്ചയായും, ഞാന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയാണ്.
യുദ്ധത്തിനു തയ്യാര്‍. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ജനാധിപത്യത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയക്കാര്‍ നമ്മളെ കൊള്ളയടിക്കുകയാണ്. രാഷ്ട്രീയ മാറ്റത്തിനുള്ള സമയമായി. വ്യവസ്ഥിതി മാറേണ്ട സമയമായി. സത്യസന്ധവും മതേതരവുമായ രാഷ്ട്രീയമാണു വേണ്ടത്. അതുകൊണ്ട്, ഇന്നു ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ആ കുറ്റബോധം എന്നെ സദാ വേട്ടയാടും. പോരാടാതെ പിന്‍വാങ്ങിയാല്‍ നിങ്ങളെ എല്ലാവരും ഭീരുവെന്ന് വിളിക്കും. എല്ലാ രംഗത്തും മാറ്റത്തിനുള്ള സമയമായി. നല്ല ഭരണം കൊണ്ടു വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് കരുതലുള്ള നിരീക്ഷകരെ വേണം. ഈ നിരീക്ഷകരുടെ തലവന്‍ ഞാനായിരിക്കും. എന്തൊക്കെ പിഴവുകളും തെറ്റുകളുമാണു സംഭവിക്കുതെന്ന് സദാ നിരീക്ഷിക്കണം.
നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചത് വിദേശ ശക്തികള്‍ മാത്രമല്ല. രാഷ്ട്രീയക്കാരും നമ്മളെ കൊള്ളയടിച്ചു. നമ്മള്‍ ഇനി മുതല്‍ ഏറെ കരുതലോടെയിരിക്കണം. വിമര്‍ശനം മാത്രം തൊഴിലാക്കിയവര്‍ ഏറെയുണ്ട്. നമുക്ക് ആ നദിയിലേക്കു ചേരേണ്ട. എല്ലാം ചെയ്തു തീരുന്നതു വരെ നമുക്ക് നീന്തണം. ജന പിന്തുണ കൊണ്ടു മാത്രമേ ഈ നേട്ടം കൈവരിക്കാനാവൂ. നമ്മള്‍ നല്ലതു മാത്രം ചിന്തിക്കും. നല്ലതു മാത്രം ചെയ്യും. അപ്പോള്‍ നല്ലതു മാത്രം സംഭവിക്കും’ , രജനി പറഞ്ഞു. ‘നല്ലതു ചെയ്യുക… നല്ലതു പറയുക… നല്ലതു മാത്രം സംഭവിക്കും,’ ഇതാണ് പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം. അതേ; നല്ലതു മാത്രം സംഭവിക്കുന്നത് കാണാന്‍ തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നു.
