ദേശീയം
ജഡ്ജിയെ വിളിച്ചു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഡ്ജി. ശിക്ഷാ വിധി കേള്‍ക്കാന്‍ ഇന്നു കോടതിയിലെത്തിയ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള പ്രതികളെ സാക്ഷി നിര്‍ത്തി, തന്നെ ലാലുവിന്റെ ആള്‍ക്കാര്‍ വിളിച്ചെന്ന് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ശിവപാല്‍ സിംഗ് വ്യക്തമാക്കി. കൂളായിരിക്കൂന്ന ജഡ്ജ് സാബ് എന്നാണ് നര്‍മം വിടാതെ ലാലുവിന്റെ മറുപടി.
എല്ലാം ശരിയാകുമെന്നും ലാലു ജഡ്ജിയോടു പറഞ്ഞു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് ജഡ്ജി അറിയിച്ചു. തനിക്ക് പ്രായം 70 കഴിഞ്ഞെന്നും ആരോഗ്യ സ്ഥിതി പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നും ലാലു അപേക്ഷിച്ചു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവും മറ്റു 15 പേരും കുറ്റക്കാരെന്ന് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ശിവപാല്‍ സിംഗ് നേരത്തേ വിധിച്ചിരുന്നു. അതേ സമയം, ലാലുവിനൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗാഥ് മിശ്രയുള്‍പ്പെടെയുള്ള ആറു പേരെ വെറുതെ വിട്ടു.
തുടര്‍ന്ന് ലാലുവിനെയും കൂട്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലേക്കു മാറ്റിയിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാം കേസിലാണു വിധി. 1990-നു ശേഷം ലാലു സമ്പാദിച്ച സ്വത്തുക്കളെല്ലാം കണ്ടു കെട്ടാനും കോടതി വിധിച്ചിരുന്നു. 1991 മുതല്‍ 94 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 89.27 ലക്ഷം രൂപാ പിന്‍വലിച്ചെന്നാണു കേസ്. ലാലുവിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.
2013 സെപ്റ്റംബര്‍ 13-ന് ആദ്യ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും വിധിച്ചിരുന്നു. ഇതേക്കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടു മാസം തടവില്‍ കഴിഞ്ഞ ലാലു സുപ്രീം കോടതിയില്‍ നിന്നു ജാമ്യം നേടി പുറത്തിറങ്ങി്. ഈ കേസില്‍ ജഗാഥ് മിശ്രയേയും അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
