Connect with us

ബംഗാളില്‍ നിന്ന് പഠിച്ചില്ലെങ്കില്‍…

ദേശീയം

ബംഗാളില്‍ നിന്ന് പഠിച്ചില്ലെങ്കില്‍…

ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും എന്നാണ് വിശ്വാസം. ഇന്ത്യാ ചരിത്രത്തിലെ ഈ ചുവരെഴുത്ത് ആര് മറന്നാലും കമ്മ്യൂണിസ്റ്റുകാര്‍ മറക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണം നടക്കുന്ന കേരളത്തിലേയും ത്രിപുരയിലേയും നേതൃത്വം ഇത് മറന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബംഗാളില്‍ 34 കൊല്ലം ഭരിച്ച സി.പി.എം. ഇന്ന് നിലനില്‍പ്പിനായി തൃണമൂല്‍ കോണ്‍ഗ്രസിനോട് പൊരുതുകയാണ്. സ്വാതന്ത്ര്യാനന്തര കാലത്തെ നേതാക്കളായിരുന്നു 34 കൊല്ലവും ബംഗാള്‍ ഭരിച്ചത്. കാമ്പസുകളില്‍ നിന്ന് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പാര്‍ട്ടിയുടെ അമരത്തെത്തിയ കേരളത്തിലേയും ബംഗാളിലേയും ഇന്നത്തെ നേതാക്കള്‍ക്ക് ത്യാഗപൂര്‍ണമായ ഭൂതകാലമില്ല. അത് തന്നെയാണ് അവരെ ജനങ്ങളില്‍ നിന്ന് അകലാന്‍ പ്രേരിപ്പിക്കുന്നത്.
ജില്ലാ – സംസ്ഥാന നേതൃത്വങ്ങളില്‍ മാത്രമല്ല, പി.ബി.യില്‍ അടക്കം ഇന്നിരിക്കുന്ന നേതാക്കള്‍ കാമ്പസുകളുടെ സംഭാവനയാണ്. അതുകൊണ്ടുതന്നെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും വ്യവസായ തൊഴിലാളികളും പാവങ്ങളും ഇവരില്‍ നിന്ന് വെളിപ്പാട് അകലെയാണ്. ഈ ദൂരമാണ് കുറച്ചുകൊണ്ട് വരുമെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും പാലക്കാട് നടന്ന പ്ലീനത്തിലും സി.പി.എം. പ്രതിജ്ഞ എടുത്തത്. സങ്കീര്‍ണമായ രാഷ്ട്രീയസാഹചര്യത്തിലൂടെയാണ് ഇന്ന് സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കടന്നുപോകുന്നത്. ഇനി നടക്കാന്‍ പോകുന്ന സംസ്ഥാന സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എടുക്കുന്ന തീരുമാനങ്ങള്‍ ആ പാര്‍ട്ടികള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ നിര്‍ണായകമാണ്. 1964 ല്‍ കമ്മയൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നത് ദേശീയ കുത്തകയെന്ന് അവര്‍ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരിലാണ്. പിന്നീട് സി.പി.ഐ. കോണ്‍ഗ്രസിനൊപ്പം ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഭരണം പങ്കിട്ടു. സി.പി.എം. ആകട്ടെ ഒന്നാം യു.പി.എ. സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുകയും സോമനാഥചാറ്റര്‍ജിയെ ലോക്‌സഭാ സ്പീക്കര്‍ ആക്കുകയും ചെയ്തു. അതേ സമയം സുര്‍ജിത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയിരിക്കേ ജ്യോതിബസുവിനെ പ്രധാനമന്ത്രി ആക്കാനുള്ള കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ ആവശ്യം അന്ന് പി.ബി. നിരാകരിക്കുകയും ചെയ്തു.

പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലായിരുന്നു സുര്‍ജിത്തിന്റെ നീക്കത്തിന് തിരിച്ചടി ഉണ്ടായത്. ഇപ്പോള്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരില്‍ ബംഗാള്‍ ഘടകവും യച്ചൂരിയും ഒരു ഭാഗത്തും കാരാട്ടും കേരളാ പാര്‍ട്ടിയും മറുഭാഗത്തുമാണ്. കോണ്‍ഗ്രസുമായി തിരഞ്ഞെടെുപ്പ് ധാരണയും മറ്റുമാകാം എന്നതാണ് യച്ചൂരിയുടെ പക്ഷം. ഒരു കാരണവശാലും കോണ്‍ഗ്രസുമായി ധാരണകള്‍ പാടില്ലെന്നാണ് കാരാട്ടിന്റെ നിലപാട്. ഏറ്റവും ഒടുവില്‍ ഇരുപക്ഷവും നിലപാടുകളില്‍ നീക്കുപോക്കുകള്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലും മണ്ഡലാടിസ്ഥാനത്തിലും സമദൂരവും നീക്കുപോക്കും ആകാമെന്നാണ് വൈകിവന്നിരിക്കുന്ന ബോധോദയം. മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.വീണ്ടും അധികാരത്തില്‍ വരുന്നത് തടയണമെങ്കില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാലമായ പ്രതിപക്ഷ ഐക്യം അനിവാര്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മാറി ചിന്തിച്ചാല്‍ ജ്യോതിബസു അന്ന് പറഞ്ഞതുപോലെ ചരിത്രപരമായ വിഢ്ഡിത്തം ആവര്‍ത്തിച്ചേക്കാം, ബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ഭരണം ലഭിച്ചിട്ടും എന്തുകൊണ്ട് സി.പി.എം. അവിടെ തുടച്ചുമാറ്റപ്പെട്ടു? അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണം കയ്യാളുന്ന കേരളത്തില്‍ സി.പി.എം. ഇപ്പോഴും ശക്തമാണ്.
ഈ വ്യത്യാസം നല്‍കുന്ന പാഠം എന്താണ്? വര്‍ഗ്ഗശത്രു ബി.ജെ.പി.യോ കോണ്‍ഗ്രസോ എന്ന് തീരുമാനിക്കാന്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടോ? സാമ്പത്തിക നയങ്ങളില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ഒന്നാണെന്നാണ് സി.പി.എം. പറയുന്ന ന്യായം. അങ്ങനെയെങ്കില്‍ ഒന്നാം യു.പി.എ. സര്‍ക്കാരിനെ പുറത്തുനിന്ന് നിയന്ത്രിച്ച സി.പി.എം. അന്ന് കാണിച്ചത് ചരിത്രപരമായ വിഡ്ഢിത്തം ആയിരുന്നോ?

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top