Connect with us

യോഗേഷ്‌ ഗുപ്ത കേസ്‌: കേന്ദ്ര ഡപ്യൂട്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി

കേരളം

യോഗേഷ്‌ ഗുപ്ത കേസ്‌: കേന്ദ്ര ഡപ്യൂട്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി

തിരുവനന്തപുരം : മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വിജിലൻസ് റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയ കേരള സർക്കാരിന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (CAT) എറണാകുളം ബെഞ്ചിന്റെ രൂക്ഷ വിമർശനം. അഞ്ച് ദിവസത്തിനുള്ളിൽ NOC കൈമാറാൻ ചീഫ്‌ സെക്രട്ടറി ഡോ.ജയതിലകിന്‌ കടുത്ത ഭാഷയിൽ നിർദ്ദേശം. നിലവിൽ ഫയർ & റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറലായ യോഗേഷ് ഗുപ്ത ഐ.പി.എസ്. (1993 ബാച്ച്) സമർപ്പിച്ച ഹർജി അനുവദിച്ച ട്രിബ്യൂണൽ, അദ്ദേഹത്തിന്റെ വിജിലൻസ് സ്റ്റാറ്റസ് റിപ്പോർട്ട് അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാൻ ഉത്തരവിട്ടു. കേന്ദ്രത്തിന്റെ നിരവധി ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടും ലളിതമായ ഒരു വസ്തുതാപരമായ റിപ്പോർട്ട് നൽകുന്നതിൽ സംസ്ഥാനം വരുത്തിയ അഞ്ച് മാസത്തെ കാലതാമസം “ഒട്ടും നീതീകരിക്കാൻ കഴിയാത്തത്” ആണെന്നും ട്രിബ്യൂണൽ വിധിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ റിസർവിന് (CDR) കീഴിലുള്ള കേന്ദ്ര തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ പാനൽ ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം വിജിലൻസ് പ്രൊഫൈലുകൾ ആവശ്യപ്പെട്ടതാണ് കേസിന് ആധാരം. സ്റ്റേറ്റ് പോലീസ് മേധാവി 2025 മെയ് 6-ന് തന്നെ യോഗേഷ് ഗുപ്തയുടെ വിജിലൻസ് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയെങ്കിലും, ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഒരു വിശദീകരണവും കൂടാതെ മാസങ്ങളോളം അത് പൂഴ്ത്തിവെച്ചു. ഏപ്രിൽ 28 മുതൽ ജൂൺ 18 വരെയുള്ള തീയതികളിൽ ആഭ്യന്തര മന്ത്രാലയം അയച്ച തുടർച്ചയായ ഔദ്യോഗിക ഇ-മെയിലുകളോട് പോലും സംസ്ഥാന സർക്കാർ പ്രതികരിച്ചില്ല. റിപ്പോർട്ട് തടഞ്ഞുവെച്ചതിന് നിയമപരമായ ന്യായീകരണമില്ല. പഴയ വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ എന്ന നിലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥനെതിരെ ‘പ്രാഥമിക അന്വേഷണം’ നിലവിലുണ്ടെന്ന് പറഞ്ഞാണ് സംസ്ഥാന സർക്കാർ തങ്ങളുടെ നിഷ്‌ക്രിയത്വത്തെ ന്യായീകരിക്കാൻ ശ്രമിച്ചത്. എന്നാൽ ട്രിബ്യൂണൽ ഇത് അംഗീകരിച്ചില്ല.

കേന്ദ്രത്തിന് വേണ്ടിയിരുന്നത് കേവലം 13 ഇനങ്ങൾ അടങ്ങിയ വസ്തുതാപരമായ പ്രോഫോർമ മാത്രമാണ്. അതായത്, ഏതെങ്കിലും പരാതികളോ നടപടികളോ നിലവിലുണ്ടോ എന്ന് വെളിപ്പെടുത്താൻ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ; ‘വിജിലൻസ് ക്ലിയറൻസ്’ സർട്ടിഫിക്കറ്റ് ആയിരുന്നില്ല. ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 2025 മെയ് മുതൽ ചീഫ്‌ സെക്രട്ടറി ഡോ.ജയതിലകിന്റെ കൈവശമുണ്ടായിരുന്നു. എന്നിട്ടും റിപ്പോർട്ട് കൈമാറാത്തതിന് നിയമപരമോ ഭരണപരമോ ആയ ഒരു കാരണവും ഇല്ല.

കേസിൽ സംസ്ഥാനം നൽകിയ എതിർ സത്യവാങ്മൂലങ്ങൾ “അവ്യക്തമായിരുന്നു.” ആരോപിക്കപ്പെടുന്ന അന്വേഷണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും വെളിപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. ഭരണപരമായ വിധിന്യായങ്ങളിൽ സീൽഡ് കവറുകളും രഹസ്യ രേഖകളും ഉപയോഗിക്കുന്നത് തള്ളിക്കളഞ്ഞ സുപ്രീം കോടതിയുടെ സമീപകാല വിധികളും (കമാൻഡർ അമിത് കുമാർ ശർമ്മ v. യൂണിയൻ ഓഫ് ഇന്ത്യ, ടി. തകാനോ v. സെബി എന്നിവ) ട്രിബ്യൂണൽ ഈ അവസരത്തിൽ എടുത്തുപറഞ്ഞു. വെളിപ്പെടുത്താത്ത വിവരങ്ങൾ ഉപയോഗിച്ച് ഭരണപരമായ നിഷ്‌ക്രിയത്വത്തെ ന്യായീകരിക്കാൻ കഴിയില്ലെന്ന് ട്രിബ്യൂണൽ അടിവരയിട്ടു. ഇത് പ്രകാരം, സംസ്ഥാനം സമർപ്പിച്ച സീൽഡ് കവറുകൾ പരിശോധിക്കാൻ പോലും ബെഞ്ച് തയ്യാറായില്ല.

ചീഫ് സെക്രട്ടറിക്കെതിരെ മാൻഡമസ് റിട്ട്

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽസ് ആക്റ്റിലെ സെക്ഷൻ 19 പ്രകാരം അധികാരം ഉപയോഗിച്ച്, വിജിലൻസ് സ്റ്റാറ്റസ് റിപ്പോർട്ട് അഞ്ചു ദിവസത്തിനകം കൈമാറാൻ ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും ട്രിബ്യൂണൽ മാൻഡമസ് റിട്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥന്റെ കേന്ദ്ര ഡെപ്യൂട്ടേഷൻ സാധ്യതകൾക്ക് കോട്ടം വരുത്തിയ ഈ “അമിതമായ കാലതാമസം” ഒരു ഗൗരവമായ വിഷയമാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.

ഭരണതലത്തിലെ പ്രതികാര നടപടി തുറന്നുകാട്ടി 

സംസ്ഥാന ഭരണത്തിന്റെ ഉന്നത തലത്തിലുള്ള ബ്യൂറോക്രാറ്റിക് തടസ്സവാദമാണ് ഈ വിധി തുറന്നുകാട്ടുന്നത്. വിഷയം “അത്യന്തം അടിയന്തിരമായി” കണക്കാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും, സംസ്ഥാനം ഇത് പാലിക്കാൻ തയ്യാറായില്ല. മാത്രമല്ല, ‘രഹസ്യാത്മകത’ ചൂണ്ടിക്കാട്ടി വിവരാവകാശ നിയമപ്രകാരം പോലും അടിസ്ഥാന വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു. സ്റ്റേറ്റ് പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഇതേ വിവരങ്ങൾ യു.പി.എസ്.സിക്ക് നൽകിയിരുന്നു എന്നതിനാൽ ഈ രഹസ്യാത്മകതാ വാദം നിലനിൽക്കില്ലെന്നും ട്രിബ്യൂണൽ കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷൻ വൈകിപ്പിക്കാനോ അട്ടിമറിക്കാനോ ഭരണപരമായ പ്രക്രിയകൾ ദുരുപയോഗം ചെയ്യുന്നത്, പലപ്പോഴും രാഷ്ട്രീയ നിയന്ത്രണത്തിന്റെയും വ്യക്തിപരമായ പ്രതികാര നടപടികളുടെയും ഭാഗമായി കാണാറുണ്ട്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവർത്തിക്കാൻ ചീഫ് സെക്രട്ടറിയെ നിർബന്ധിച്ചതിലൂടെ, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇപ്രകാരം നാണം കെടുന്ന ആദ്യ ചീഫ്‌ സെക്രട്ടറി ആയി ഡോ.ജയതിലക്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top