കേരളം
വി.പി. ജോയിയെ രക്ഷിക്കാൻ വഴി വിട്ട് വ്യവസായ വകുപ്പ്; പ്രോപ്പർ ചാനൽ വഴി വരാൻ സി എ ജി നിർദേശം
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി പുനർ നിയമനത്തിൽ ചട്ടവിരുദ്ധമായി അധികമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരച്ചടയ്ക്കണമെന്ന എജി നിർദ്ദേശം മറി കടക്കാൻ വ്യവസായ വകുപ്പിൻ്റെ അനധികൃത ഇടപെടൽ.
പൊതു ഭരണ വകുപ്പിന് എജി അയച്ച ഇൻസ്പെക്ഷൻ റിപ്പോർട്ടിനു വ്യവസായ വകുപ്പ് ചാടിക്കേറി മറുപടി നൽകിയാണ് അപഹാസ്യരായത്. പ്രോപ്പർ ചാനൽ വഴി മറുപടി അയക്കാൻ നിർദേശിച്ച് എജി വ്യവസായ വകുപ്പിനും പൊതു ഭരണ വകുപ്പിനും കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയെങ്കിലും മറുപടി കൊടുത്തിട്ടില്ല.
വി.പി. ജോയിയെ സംരക്ഷിക്കുന്ന തരത്തിൽ ചട്ടങ്ങൾ വളച്ചൊടിച്ചു മറുപടി നൽകാനാകില്ലെന്ന നിലപാടാണ് മുൻ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണുവും ശാരദ മുരളീധരനും സ്വീകരിച്ചത്.
ചീഫ് സെക്രട്ടറിയെ മറി കടന്നു വ്യവസായ അഡീഷനൽ സെക്രട്ടറി സി എജിക്കു മറുപടി അയച്ചു. പൊതു ഭരണ വകുപ്പിനുള്ള റിപ്പോർട്ടിനു വ്യവസായ വകുപ്പ് മറുപടി നൽകുന്നതു പ്രോട്ടക്കോൾ പ്രകാരമല്ലെന്ന് വ്യക്തമാക്കി സി എ ജി മറുപടിയും നൽകി.ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചതിനു തൊട്ടു പിന്നാലെ 2023 ജൂലൈയിൽ വി. പി. ജോയിയെ കേരള പബ്ലിക് എൻ്റർപ്രൈസസ് റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ തസ്തിക സൃഷ്ടിച്ചു പുനർ നിയമിച്ചിരുന്നു.
ഐ എ എസ് ഉദ്യോഗസ്ഥരെ വിരമിക്കലിനു ശേഷം പുനർ നിയമിക്കുമ്പോൾ പാലിക്കേണ്ട ഓൾ ഇന്ത്യാ സർവീസ് ചട്ടങ്ങളും ഡി എ സംബന്ധിച്ച കേരള സർവീസ് ചട്ടങ്ങളും ലംഘിച്ചാണ് വി.പി. ജോയി പുനർ നിയമന തസ്തികയിൽ അധിക ശമ്പളവും ഡി എയും കൈപ്പറ്റിയതെന്നു എജി കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് 2024 ജൂലൈ വരെയുള്ള കണക്കിൽ 19.37 ലക്ഷം രൂപ വി.പി. ജോയിയിൽ നിന്നു തിരിച്ചു പിടിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ കേരള സർക്കാർ നടപടി എടുക്കാത്തതിനെ തുടർന്ന് 2025 ജൂലൈ വരെയുള്ള കണക്കിൽ 35 ലക്ഷം രൂപ തിരിച്ചു പിടിക്കാൻ നിർദേശിച്ച് എ. ജി. കേരള സർക്കാരിനു റിമൈൻഡർ അയച്ചിട്ടുണ്ട്.
വി.പി. ജോയിയുടെ പുനർ നിയമനത്തിൽ ഡി.എ. സംബന്ധിച്ച കേരള സർവീസ് ചട്ടങ്ങൾ ബാധകമല്ലെന്ന വ്യവസായ വകുപ്പിൻ്റെ വിശദീകരണം എ.ജി. നിരാകരിച്ചു. ഓൾ ഇന്ത്യാ സർവീസ് ചട്ടലംഘനത്തെ കുറിച്ചു വ്യവസായ വകുപ്പിൻ്റെ മറുപടിയിൽ വിശദീകരിച്ചതുമില്ല. ഐ എ എസ് ഉദ്യോഗസ്ഥരെ വിരമിക്കലിനു ശേഷം പുനർ നിയമിക്കുമ്പോൾ പെൻഷനും പുതിയ തസ്തികയിലെ ശമ്പളവും ഉദ്യോഗസ്ഥൻ സർവീസിൽ അവസാനം കൈപ്പറ്റിയ ശമ്പളത്തേക്കാൾ കൂടാൻ പാടില്ലെന്നാണ് ഓൾ ഇന്ത്യാ സർവീസ് ചട്ടം.
പുനർ നിയമനത്തിൽ ശമ്പളത്തിലും പെൻഷനിലും ഒരേ സമയം ക്ഷാമബത്ത ഉൾപ്പെടുത്തരുതെന്നു കേരള സർവീസ് ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
ഈ വ്യവസ്ഥകൾ ലംഘിച്ച് ശമ്പള ഇനത്തിൽ 1. 125 ലക്ഷം രൂപയും ഡി എ ഇനത്തിൽ 56,250 രൂപയുമാണ് വി. പി. ജോയി പ്രതിമാസം അനർഹമായി കൈപ്പറ്റുന്നത്.
എജി നിർദേശമുണ്ടായിട്ടും തുക തിരികെ പിടിക്കാൻ കേരള സർക്കാർ നടപടികൾ ആരംഭിച്ചിട്ടില്ല.
