കായികം
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്ര ഫൈനലില്‍ കടന്നു
ന്യുഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഫൈനലില്‍ കടന്നു. മറ്റൊരിന്ത്യന്‍ താരം സച്ചിന്‍ യാദവും നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ പാകിസ്ഥാന്റെ അര്‍ഷദ് നദീമും ഡയമണ്ട് ലീഗ് ചാമ്പ്യന്‍ ജര്‍മ്മനിയുടെ ജൂലിയന്‍ വെബ്ബറുമെല്ലാം ഫൈനലുറപ്പിച്ചിട്ടുണ്ട്. ഇന്നാണ് ഫൈനല്‍.
അതേസമയം, ഇന്ത്യയുടെ രോഹിത് യാദവിനും യഷ് സിംഗിനും ഫൈനലുറപ്പിക്കാനായില്ല. ഇന്നലെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങിയ നീരജ് ആദ്യശ്രമത്തില്‍ തന്നെ 84.85 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 84.50 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാര്‍ക്ക്.
2023ലെ ലോകചാമ്പ്യന്‍ഷിപ്പിലും പാരീസ് ഒളിമ്പിക്‌സിലും നീരജ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 89.53 മീറ്റര്‍ എറിഞ്ഞ് സീസണ്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ഗ്രനാഡയുടെ ആന്റേഴ്‌സണ്‍ പീറ്റേഴ്‌സണാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമനായത്.
ജൂലിയന്‍ വെബ്ബര്‍ (87.21 മീറ്റര്‍), കെനിയയുടെ ജൂലിയസ് യെഗോ(85.96 മീറ്റര്‍), പോളണ്ടിന്റെ ഡേവിഡ വെഗ്‌നര്‍ (85.67 മീറ്റര്‍) എന്നിവരാണ് 2 മുതല്‍ 4 വരെയുള്ള സ്ഥാനങ്ങളില്‍. നീരജ് അഞ്ചാമതാണ്.
ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അര്‍ഷദ് നദീം അവസാന ശ്രമത്തിലാണ് 85.28 മീറ്റര്‍ എറിഞ്ഞ് യോഗ്യത ഉറപ്പിച്ചത്. 83.67 മീറ്റര്‍ എറിഞ്ഞ സച്ചിന്‍ യാദവ് പത്താം സ്ഥാനക്കാരനായാണ് ഫൈനലില്‍എത്തിയത്. ഈ ഗ്രൂപ്പില്‍ തന്നെ മത്സരിച്ച രോഹിത് യാദവിന് 77.81 മീറ്ററും യഷിന് 77.51 മീറ്ററുമേ എറിയാനായുള്ളൂ
