കേരളം
വൈകിയെങ്കിലും നീതി ലഭിക്കട്ടെ… ശ്രീജിത്ത് നിന്നോടൊപ്പം.
ശ്രീജിത്തിന് എന്ന് ഗൂഗില്‍ വോയിസ് ടൈപ്പില്‍ പറഞ്ഞ് കൊടുത്തപ്പോള്‍ അത് സ്‌നേഹത്തിന് എന്നാണ് ടൈപ്പ് ചെയ്ത് വന്നത്. പറയുന്ന കാര്യങ്ങള്‍ ഒരുവിധമെല്ലാം ശരിയായിട്ട് ടൈപ്പ് ചെയ്ത് തരുമെങ്കിലും ചിലപ്പോഴെല്ലാം ഭാവനയില്‍ നിന്നുള്ള വാക്കുകളും ഗൂഗിള്‍ ടൈപ്പ് ചെയ്ത് തരും. എഴുതിക്കിട്ടിയത് മായിക്കാതെ കുറച്ചുനേരം അതുനോക്കി നിന്നു. ശരിയ്ക്കും മീതെയുള്ളൊരു എഴുത്തായിരുന്നു ഇത്തവണ ഗൂഗിളിന്റെത്. എവിടെല്ലാം ശ്രീജിത്തെന്ന് പറഞ്ഞുകൊടുത്തോ അവിടെല്ലാം സ്‌നേഹത്തിന് എന്നെഴുതിക്കൊണ്ടേയിരുന്നു ഗൂഗിള്‍. മറ്റെന്ത് വാക്കാണ് ശ്രീജിത്തെന്നെ യുവാവിന് നാം കൊടുക്കുക? സഹോദര സ്‌നേഹത്തിന്റെ ഇതിലും മികച്ചൊരു കഥ ഏതെങ്കിലും ഇതിഹാസ ഗ്രന്ഥങ്ങളില്‍ പോലുമുണ്ടോ? ഏതെങ്കിലും കാലത്ത് നടക്കുമോ ഇല്ലയോ എന്ന് പോലും ഉറപ്പില്ലാത്ത ഒരു കാര്യത്തിനായി എത്രവര്‍ഷമാണ് കോരിച്ചൊരിയുന്ന മഴയും കാല് പൊള്ളിക്കുന്ന ചൂടുമേറ്റ് അവന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ തിരക്കുള്ള പാതയോരത്ത് കിടന്നത്?
ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തില്‍ നില്‍ക്കുമ്പോഴാണ് യൗവ്വനത്തിന്റെ എല്ലാ സുഖങ്ങളും വിട്ടെറിഞ്ഞ് മിസ്റ്റര്‍ തിരുവനന്തപുരമായിരുന്ന ശ്രീജിത്ത് നീതിപാലകരുടെ ധാര്‍ഷ്ട്യത്തിനും അധികാരഗര്‍വ്വിനും മുന്‍പില്‍ നിശ്ചയദാര്‍ഢ്യത്തോടെ എത്തിയത്. ഈ രണ്ട് വര്‍ഷക്കാലവും നീതി ലഭിക്കാതെ ഉഴലുന്ന അനുജന്‍ ശ്രീജീവിന്റെ ആത്മാവ് മാത്രമാകണം അവന് മനക്കരുത്തേകിയത്. മാധ്യമങ്ങള്‍ അവഗണിച്ചതല്ല ശ്രീജിത്തിനെ. പ്രശ്‌നങ്ങള്‍ സമൂഹത്തെയും അധികാരികളെയും അറിയിക്കാനുള്ള ‘മാധ്യമം’ മാത്രമാണ് മാധ്യമങ്ങള്‍. വാര്‍ത്തകള്‍ക്ക് നേരെ പ്രതികരിക്കേണ്ടത് ജനങ്ങളും അധികാരികളുമാണ്. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി കിട്ടുമ്പോള്‍ മാത്രമാണ് ഫലം കാണുന്നത്. രണ്ട് വര്‍ഷക്കാലവും മാധ്യമങ്ങളില്‍ ഇടവിട്ട് വാര്‍ത്തകളും അഭിമുഖങ്ങളും വന്നെങ്കിലും അന്നൊന്നും ആരുടേയും ശ്രദ്ധ അവനിലേക്ക് എത്തിയില്ല എന്നതാണ് വിഷയം.
സാമൂഹ്യമാധ്യമങ്ങള്‍ ഇപ്പോഴെങ്കിലും വിഷയം ഏറ്റെടുത്തിരുന്നെങ്കില്‍ ബധിരകര്‍ണങ്ങളിലൊന്നും പതിക്കാതെ ആ ജീവന്‍ നിശബ്ദമായി പൊലിഞ്ഞുപോയേനെ. രമണിയെന്ന അമ്മ തന്റെ മറ്റൊരു മകനേക്കൂടി കുരുതി കൊടുക്കേണ്ടിവരുമായിരുന്നു! എന്തുകൊണ്ടാണ് മനുഷ്യജീവനുകള്‍ നമുക്ക് ഇത്രമേല്‍ വിലയില്ലാതെ ആയിപ്പോകുന്നത്? പ്രണയിച്ചതിന്റെ പേരില്‍ അതിക്രൂരമായി ഒരു യുവാവിനെ കുരുതി കൊടുക്കുക. അതിന് നിയമത്തിന്റെ പരിരക്ഷയും ‘നിയമപാലകരുടെ’ കൈക്കരുത്തും പിന്തുണയേകുക… ജനാധിപത്യത്തില്‍ അഭിമാനിക്കുന്ന പ്രബുദ്ധതയുള്ള ഒരു ജനവിഭാഗത്തിന്റെ നാട്ടില്‍ നടന്നതാണിത്.! ശ്രീജിവിനെ പ്രണയിച്ച പെണ്‍കുട്ടീ… എവിടെയാണ് നീ? ഇഷ്ടമില്ലാത്ത ഒരാളെയും വിവാഹം കഴിച്ച് കുറേ കുട്ടികളുടെ അമ്മയായി എവിടെയോ കഴിയുന്നുണ്ടാകണം… പ്രിയപ്പെട്ടവനെ ഓര്‍ത്ത് ഈ അവസരത്തിലെങ്കിലും ആരും കാണാതെ നെഞ്ചുവിമ്മി കരയുന്നുണ്ടാകും. നിന്റെയും ഇഷ്ടത്തിനും ആഗ്രഹങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന, നിനക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാനാകുന്ന ഒരു ജീവിതം ഏത് നൂറ്റാണ്ടിലാണ് നിനക്കുണ്ടാവുക?
ജനാധിപത്യമെന്ന വാക്കിന് ഇപ്പോഴും വിലയുണ്ടെന്ന് തെളിയിക്കുന്ന ചുരുക്കം അവസരങ്ങളില്‍ ഒന്നാണിത്. ശ്രീജിത്തിനും ശ്രീജിവിനും ഇനിയും നീതി നിഷേധിക്കപ്പെട്ടുകൂടാ… കുറ്റവാളികള്‍ക്ക് പട്ടും വളയും നല്‍കുന്നതല്ല നീതി… അവരുടെ കൈകളില്‍ വിലങ്ങ് വീഴട്ടെ…. അര്‍ഹിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കട്ടെ!!!
