കേരളം
പിണറായി മാണിയെ തൈലം പൂശുമ്പോള്‍ ഔസേപ്പച്ചനും കൂട്ടരും വിട്ടൊഴിയുമോ?
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍, മുന്‍ മന്ത്രി കെ.എം. മാണിയേയും കേരളാ കോണ്‍ഗ്രസിനെയും തൈലം പൂശി ഇടതു പക്ഷത്തേക്ക് ആനയിക്കാന്‍ ചുവപ്പു പരവതാനി വിരിച്ച് ഒരുങ്ങി നില്‍ക്കുകയാണ് പിണറായി വിജയന്‍. വീരേന്ദ്ര കുമാറിനെയും കൂട്ടരെയും ആരതിയുഴിഞ്ഞ് അങ്ങോട്ടു സ്വീകരിച്ചതേയുള്ളു. അതിനു പിന്നാലെ മാണിയും കുഞ്ഞാടുകളും വരുന്നു. സഖാക്കളാകെ ആവേശത്തിലാണ്. കുഞ്ഞുമാണിയേയും ജോസ് മോനെയും മുച്ചൂടും തെറിയഭിഷേകം നടത്തുന്ന പാലായിലെ കുട്ടി സഖാക്കളും പൂഞ്ഞാറിലെ പുലിയും അന്തം വിട്ടു നില്‍ക്കുകയാണ്. പാലായിലെ സഖാക്കള്‍ ഇനി ആരെ ചീത്ത വിളിക്കും. ഉള്ളതു പറഞ്ഞാല്‍ ആരെയെങ്കിലും പത്തു ചീത്ത വിളിക്കാതെ സഖാക്കള്‍ക്ക് ഉറക്കം വരില്ല. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ ശിവതാണ്ഡവമാടിയ ശിവന്‍ കുട്ടിയും ഇ.പി. ജയരാജനും വഴിനീളെ നടന്നു ചീത്ത വിളിച്ച മണി ആശാനുമൊക്കെ കുരു പൊട്ടി നില്‍ക്കുകയാണ്. ഹാലെലൂയിയ.. ..ഹാലെലൂയിയ.. ..!
സോളാര്‍ സരിതയുടെ കാര്യം പറയാനുമില്ല. അന്നേ പറഞ്ഞതാ ജോസ് മോന്റെ പേര് ലിസ്റ്റില്‍ ചേര്‍ക്കേണ്ടെന്ന്. പക്ഷേ, ആരും കേട്ടില്ല. ഇനിയിപ്പോള്‍ എന്തു പറയും? ആ കത്തും പിന്‍വലിക്കേണ്ടി വരില്ലേ. ഇതിനാണു പൂര്‍ണ ദണ്ഡവിമോചനം എന്നു പറയുന്നത്. ഒരു ധ്യാനത്തില്‍ പങ്കെടുത്ത്, നല്ല കുമ്പസാരം നടത്തി പൂര്‍ണ ദണ്ഡവിമോചനം നേടി ജോസ് മോനും അച്ചായനും ഇടതു പക്ഷത്തേക്കു വലതു കാല്‍ വച്ചു കയറി വരുമ്പോള്‍ സരിത ഔട്ട്! ഇതിനാണു പറയുന്നത് കാര്യം കഴിയുമ്പോള്‍ ചിലരെയൊക്കെ കറിവേപ്പില പോലെ വലിച്ചെറിയുമെന്ന്. ആണുങ്ങളാകുമ്പോള്‍ ചെളി കണ്ടാല്‍ ചവിട്ടും. വെള്ളം കണ്ടാല്‍ കഴുകിക്കളയുകയും ചെയ്യും. അത്ര തന്നെ. മാണി എത്ര കോഴ കണ്ടതാ. ജോസ് മോന്‍ എത്ര സരിതമാരെ കണ്ടതാ ! ലാല്‍ സലാം സഖാക്കളേ.
ചെന്നിത്തല ഗാന്ധി പ്രതിപക്ഷ നേതാവായി മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ട് നില്‍ക്കുന്നിടത്തോളം കാലം താന്‍ യു.ഡി.എഫിലേക്കില്ലെന്ന് മാണിച്ചായന്‍ പണ്ടേ പറഞ്ഞതാ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കസേര കാണിച്ച് സഖാക്കള്‍ വിളിച്ചപ്പോള്‍ ചാടാന്‍ ഓങ്ങി നിന്നതാണ്. പക്ഷേ, ബാര്‍ കോഴ എടുത്തിട്ട് ഉമ്മന്‍ ചാണ്ടി കുരുക്കിക്കളഞ്ഞു. അല്ലായിരുന്നെങ്കില്‍, കളി കാണാമായിരുന്നു. പക്ഷേ, കുഞ്ഞു മാണിക്ക് ഉമ്മന്‍ ചാണ്ടിയോടു പരിഭവമില്ല. സര്‍ക്കാര്‍ താഴെ വീഴാതെ നോക്കേണ്ട കടമ ഉമ്മന്‍ ചാണ്ടിക്കുണ്ട്. അതിനുള്ള പണിയായിരുന്നു ബാര്‍ കോഴ. പക്ഷേ, ചെന്നിത്തലയുടെ ചെയ്ത്തിന് മാപ്പില്ല. ത്വരിതാന്വേഷണവും മറ്റുമായി മന്ത്രിപ്പണി കളഞ്ഞില്ലേ. അതുകൊണ്ടു തന്നെ ചെന്നിത്തലയുടെ തല മാറാതെ മാണിച്ചായനും മകനും ഇനി യു.ഡി.എഫിലേക്കില്ല.
മാണി പോയാലും കേരളാ കോണ്‍ഗ്രസ് ഒന്നിച്ച് ഇടത്തോട്ടു തിരിയില്ല എന്നാണ് ഹസനിക്ക തറപ്പിച്ചു പറയുന്നത്. വേണമെങ്കില്‍ കോഴിക്കോടു നടത്തിയ കുമ്പസാരം പോലെ ഒന്ന് പാലായിലും നടത്തി ഹസനിക്കയ്ക്ക് മനസിന്റെ ഭാരം ഇറക്കി വയ്ക്കാം. കുഞ്ഞു മാണിയുടെ വീടിനു വിളിപ്പാടകലെയാണ് പാലാ അരമന. അതുകൊണ്ടു ബിഷപ്പിനു മുന്നില്‍ തന്നെ കുമ്പസാരിക്കാം. എന്നാലും, ഈ കുഞ്ഞൂഞ്ഞിനെ സമ്മതിക്കണം. വേല വയ്പ്പിന്റെ ആശാനാണെങ്കിലും പുള്ളിക്ക് ഒരു മനസ്സാക്ഷിക്കുത്തും ഇല്ല. അതാണ് പക്കാ രാഷ്ട്രീയക്കാരന്റെ മനക്കട്ടി.
ഇനി കുഞ്ഞു മാണി ഇടത്തോട്ടു കാലു മാറുമ്പോള്‍ തൊടുപുഴയില്‍ നിന്ന് ഔസേപ്പച്ചന്‍ പാലാ വഴി കൂടെ വരുമോ ? ഔസേപ്പച്ചനും കൂട്ടരും വരുമെന്നാണ് മാണി പക്ഷക്കാര്‍ തറപ്പിച്ചു പറയുന്നത്. പക്ഷേ, ഈ നിമിഷം വരെ ഇടത്തോട്ടു പോകാനുള്ള മനസ്സമ്മതം നല്‍കിയിട്ടില്ലെന്ന് പഴയ ജോസഫ് ഗ്രൂപ്പുകാര്‍ ആണയിട്ടു പറയുന്നു. സത്യം അതാണു താനും. കുഞ്ഞു മാണി ഇടത്തോട്ടു സ്റ്റിയറിംഗ് തിരിക്കുമ്പോള്‍ ഔസേപ്പച്ചനും കൂട്ടരും വലത്തോട്ടു വച്ചു പിടിക്കും. ഫലത്തില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരും. ഇത് അവിടം കൊണ്ടും തീരില്ല. മാണിയും കൂട്ടരും ഇടത്തോട്ടു വരുമ്പോള്‍ ചെകുത്താന്‍ കുരിശു കണ്ടതു പോലെ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക് മടങ്ങി വരും. അവരും ഔസേപ്പച്ചനോടൊപ്പം വലത്തേക്കു വരും. ഇതിനാണു പണ്ടേ കുഞ്ഞു മാണി പറഞ്ഞത്. വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്ന്.
ഇനിയിപ്പോള്‍ കുഞ്ഞു മാണിയുടെയും ജോസ് മോന്റെയും കൂടെ പഴയ മാണി ഗ്രൂപ്പ് ഒറ്റക്കെട്ടായി ഇടത്തോട്ടു പോകുമോ ? ഇല്ലേ ഇല്ലെന്ന് മാണി ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ഇനിയും ഇടത്തോട്ടു പോയി അപ്പനും മകനും വേണ്ടി പിണറായിയുടെ ചവിട്ടു കൊള്ളാന്‍ തയാറല്ലാത്ത ഒരുപിടി മുതിര്‍ന്ന നേതാക്കള്‍ മാണി ഗ്രൂപ്പിലുണ്ട്. അവരും ഔസേപ്പച്ചനോടൊപ്പം വലത്തോട്ടു തിരിയും. ഫലത്തില്‍ കുഞ്ഞു മാണിയും ജോസ് മോനും പിന്നെ, അവരുടെ വാലാട്ടികളായ കുറെ മഞ്ഞക്കടമ്പന്മാരും മാത്രമേ ഇടത്തോട്ടു ചേക്കേറാന്‍ എത്തുകയുള്ളുവെന്നതാണ് നഗ്ന സത്യം.
എന്തായാലെന്താ, പിണറായിക്കും കോടിയേരിക്കും ഇതൊന്നും പ്രശ്‌നമല്ല. കാരാട്ടിനും പ്രശ്‌നമല്ല. വീരന്‍ ജനതാ ദളിനൊപ്പം കേരളാ കോണ്‍ഗ്രസിനെയും ഇടത്തോട്ടു കൊണ്ടുവന്ന് മുന്നണി ശക്തിപ്പെടുത്തിയെന്ന് അവര്‍ക്ക് ഊറ്റം കൊള്ളാം. ആശ്വസിക്കാം. ആര്‍ക്കാണു ശക്തിയെന്നൊക്കെ അടുത്ത തെരഞ്ഞെടുപ്പില്‍ ജനം തെളിയിച്ചോളും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ഉറപ്പിക്കുകയാണ് ജോസ് മോന്റെ ലക്ഷ്യം. തത്കാലം അതു നടക്കട്ടെ.
വി.എസ്. അച്യുതാനന്ദനും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സി.പി.ഐ മന്ത്രി വി.എസ്. സുനില്‍ കുമാറും ബാറുടമ ബിജു രമേശും ബി.ജെ.പി നേതാവ് വി. മുരളീധരനും നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തി തെളിവുകളൊന്നുമില്ലാത്തതിന്റെ പേരില്‍ ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ പോകുന്നത്. ഏതു വി.എസ്, ഏതു വിശ്വന്‍, ഏതു ബിജു, ഏതു സരിത ? കുഞ്ഞു മാണിക്കു മുന്നില്‍ ചുവപ്പു പരവതാനി വിരിക്കപ്പെട്ടിരിക്കുന്നു. ധീരതയോടെ നയിച്ചോളൂ… ലക്ഷം ലക്ഷം പിന്നാലെ.
മാണിയെ തൈലം പൂശുമ്പോള്‍ കാനം രാജേന്ദ്രന്‍ എന്തു ചെയ്യും? അതിനുള്ള മറുപടി മണി ആശാന്‍ ഇടുക്കിയില്‍ ശിവരാമനു നല്‍കിയിട്ടുണ്ട്. ഒന്നിച്ചു പോകാന്‍ പറ്റില്ലെങ്കില്‍ കളഞ്ഞിട്ടു പോടാ ഉവ്വേ എന്ന്. രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല. ജയ്, ജയ് കെ.എം.മാണി. ജയ്, ജയ് ജോസ് മോന്‍. ഇങ്കിലാബ് സിന്ദാബാദ്. ലാല്‍ സലാം സഖാക്കളേ… ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.. ..ആമ്മേന്‍!
