സ്ത്രീപക്ഷം
സിസ്റ്റര്‍ ലിന്‍ഡ എന്ന അത്ഭുതം
നൂറിലധികം കുട്ടികളുടെ അമ്മയാണ് സിസ്റ്റര്‍ ലിന്‍ഡ, ജന്മംകൊണ്ടല്ല, കര്‍മ്മംകൊണ്ട്. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് താങ്ങായും തണലായും പോറ്റമ്മയായും മാറുന്ന സിസ്റ്റര്‍ ലിന്‍ഡ പലപ്പോഴും മറ്റുള്ളവര്‍ക്ക് ഒരത്ഭുതമാണ്.
വനിതകള്‍ക്കായി സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ ദേശീയ തലത്തില്‍ നല്‍കിവരുന്ന വിജയ സ്മൃതി പുരസ്‌കാരം ഈ വര്‍ഷം തേടിയെത്തിയത് സിസ്റ്റര്‍ ലിന്‍ഡയെ ആയിരുന്നു. ഏറ്റവും ക്ഷമവേണ്ടുന്ന ഒരു ജോലിയെ, ഒന്നര പതിറ്റാണ്ടായി ഭാരമേതുമില്ലാതെ ഒരു പുഞ്ചിരിയിലൊതുക്കുമ്പോഴാണ് ഈ സ്‌നേഹനിധിയായ സ്ത്രീജന്മം ഒരത്ഭുതമായി മാറുന്നത്. ആത്മാര്‍ത്ഥതയുടെ അളവുകോലില്‍ നൂറു ശതമാനത്തേയും തോല്‍പ്പിച്ച ഈ സിസ്റ്റര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഈ വര്‍ഷത്തെ വിജയസ്മൃതി പുരസ്‌കാരം നല്‍കുക!. 15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി രണ്ടാം വാരം ഉടുപ്പി ബ്രഹ്മവാരത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുമ്പില്‍ സിസ്റ്റര്‍ ലിന്‍ഡയ്ക്ക് സ്വന്തമാകും.
ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥയാണ് പുരസ്‌കാരമായി മാറിയതെന്നായിരുന്നു ഈ ‘അമ്മയ്ക്ക്’ പറയാനുണ്ടായിരുന്നത്. ഇനിയും കൂടുതലായി കഠിനാധ്വാനം ചെയ്യാനും കുട്ടികളുടെ നല്ല ഭാവിക്കായി പരിശ്രമിക്കാനും ഈ പുരസ്‌കാരം തന്നെ പ്രാപ്തയാക്കുമെന്നാണ് ഇവരുടെ വിശ്വാസം.
എത്ര പരിശ്രമിക്കുന്നോ അത്രയേറെ വിജയം കീഴടക്കുമെന്ന് ജീവിതംകൊണ്ട് തെളിയിച്ച ഒരാളുടെ വാക്കുകളാണിത്. സാധാരണ ഒരു സ്‌കൂള്‍ ടീച്ചറായിരിക്കുക, എന്നതിനേക്കാള്‍ എത്രയോ മടങ്ങ് റിസ്‌ക് ജീവിതത്തിലേക്ക് തുന്നിച്ചേര്‍ക്കുന്നവരാകും സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരെന്ന് ലിന്‍ഡ സിസ്റ്റര്‍ കാട്ടിത്തരും. സ്‌കൂളിലെ കുട്ടികളില്‍ പകുതിയോളം പേരും സിസ്റ്ററിനൊപ്പം താമസിച്ച് പഠിക്കുന്നവരാണ്. സ്വന്തമായി പലകാര്യങ്ങളും ചെയ്യാന്‍ കഴിയാതെ പരസഹായം തേടുന്ന മക്കള്‍ക്ക് ഈ അമ്മയുടെ സ്‌നേഹവും പരിചരണവും വിലമതിക്കാനാവാത്തതാണ്. അതിന് അവര്‍ നേടുന്ന പ്രതിഫലം കുറച്ചധികം സന്തോഷം മാത്രമാണ്. അതാണ് നമ്മളില്‍ പലരും എത്ര വിലകൊടുത്താലും ലഭിക്കാത്തതും. കുഞ്ഞുമക്കള്‍ കരഞ്ഞാല്‍ ഞൊടിയിടയില്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചിരിക്കും ഈ പോറ്റമ്മ. ദേഷ്യവും വാശിയും പിണക്കവും മിന്നിമറയുന്ന മുഖങ്ങള്‍ സിസ്റ്റര്‍ ലിന്‍ഡയെ എത്രത്തോളം സ്‌നേഹിക്കുന്നുവോ, അതിലേറെ അവര്‍ക്ക് തിരികെ കിട്ടുന്നുമുണ്ട്. 102 കുട്ടികളില്‍ 53 പേര്‍ ഇവിടെ താമസിച്ചു പഠിക്കുന്നവരാണ്. ദിവസം മുഴുവന്‍ അവര്‍ക്കുവേണ്ടി കണ്ണും കാതും കൂര്‍പ്പിച്ച്, പലപ്പോഴും ഉറക്കംപോലും മറന്നാണ് ഇവരുടെ ജീവിതം.
2007ല്‍ സാന്ത്വന്‍ ആരംഭിക്കുമ്പോള്‍ കുറേയധികം വെല്ലുവിളികളെ നേരിടേണ്ടിവന്നിരുന്നു സിസ്റ്ററിന്. സമൂഹത്തിന്റെ കഴുകന്‍ കണ്ണുകളില്‍ നിന്നും മാനസിക വളര്‍ച്ച പൂര്‍ണതയിലെത്താത്ത കുട്ടികളെ നെഞ്ചോടു ചേര്‍ക്കുക എന്ന വലിയ വെല്ലുവിളി.
കോവിഡ് മഹാമാരിയെ പേടിച്ച് പുറത്തു നിന്നുള്ളവരെ വിലക്കി ഒറ്റയ്ക്ക് 30 ഓളം കുട്ടികളുടെ കാര്യം നോക്കേണ്ടിവന്നപ്പോള്‍ ഉള്ളിലുലയാത്ത ധൈര്യം മാത്രമായിരുന്നു സിസ്റ്റര്‍ക്ക് കൂട്ടിനുണ്ടായിരുന്നത്.
കെ.എസ്. ചിത്ര എന്ന സ്വരമാധുര്യം മലയാളിക്ക് പരിചിതമെങ്കില്‍ സിസ്റ്റര്‍ ലിന്‍ഡയ്ക്ക് അവര്‍ ചേച്ചിയെപ്പോലെയാണ്. സാന്ത്വന്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ വളര്‍ച്ചയിലെ ആദ്യത്തെ കൈത്താങ്ങായിരുന്നു മലയാളികളുടെ വാനമ്പാടി. ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ തന്റെ ചേട്ടച്ചനാണെന്ന് പറയുമ്പോള്‍ സിസ്റ്ററിന്റെ സന്തോഷം വളരെ വലുതായിരുന്നു.
നല്ല ഓര്‍മ്മകള്‍ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന ഏതൊരാളും ലിന്‍ഡ സിസ്റ്ററിനേയും സാന്ത്വനിലെ ഓര്‍മ്മകളേയും ഇവിടെ നിന്നും മടങ്ങുമ്പോള്‍ ഒപ്പം കൂട്ടിയിരിക്കും. അത്രയേറെ ഹൃദയം തൊടും ഓരോ കുഞ്ഞുമനസുകളും. ഇവരുടെ കണ്ണിലെ പ്രകാശവും അതു തരുന്ന വെളിച്ചവും സമൂഹത്തിന്റെ ഇരുട്ടിലേക്കുള്ള വെളിച്ചം കൂടിയാണ്.
