Connect with us

മിടുക്കി. മിടുമിടുക്കി!!

കേരളം

മിടുക്കി. മിടുമിടുക്കി!!

സിനിമയിലേക്ക് ആദ്യം കടന്നുവരുമ്പോള്‍ കാസ്റ്റിങ് കൗച്ചിന് ഇരയാകേണ്ടി വരാറുണ്ട്- അന്ന് പാര്‍വ്വതി പറഞ്ഞ വാക്കുകളാണ്. എന്നാല്‍ നാം നമ്മുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ അത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരില്ല, അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മുഴുവന്‍ പുരുഷ കേന്ദ്രീകൃതമാകുകയും സമൂഹം അതില്‍ യാതൊരു അസ്വാഭാവികതയും കാണാതിരുന്ന സാഹചര്യത്തിലാണ് ചങ്കൂറ്റത്തോടെ നട്ടെല്ല് നിവര്‍ത്തി പാര്‍വതി സംസാരിച്ച് തുടങ്ങുന്നത്.

മറ്റുള്ളവരെ പ്രീണിപ്പിച്ചും പ്രീതിപ്പെടുത്തിയും നേടുന്നതിനുമപ്പുറം തനിക്ക് സ്വന്തമായി വ്യക്തിത്വമുണ്ടെന്ന് പാര്‍വ്വതി തെളിയിച്ചു. നായികമാരുടെ സൗന്ദര്യവും മേക്കപ്പും മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു സമൂഹത്തിന് മുന്നിലേക്ക് അവര്‍ ചോദ്യശരങ്ങളെറിഞ്ഞു. എത്ര അവഗണിക്കാന്‍ ശ്രമിച്ചിട്ടും നിസാരവത്കരിക്കാന്‍ ശ്രമിച്ചിട്ടും തങ്ങളുടെ ആണധികാര കോട്ടകള്‍ക്ക് ഇളക്കം തട്ടുന്നതായി സിനിമാ മേഖലയിലെ വന്‍മരങ്ങള്‍ അറിഞ്ഞു. ഹോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാതിക്രമണ ആരോപണങ്ങള്‍ക്ക് അവിടെ സമൂഹവും സിനിമാ മേഖലയും ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചു. ഓസ്‌കാര്‍ വേദികളില്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്നു. എന്നാല്‍ മലയാളത്തില്‍ പാര്‍വ്വതി പറഞ്ഞപ്പോള്‍ അവളെ കൂവിത്തോല്‍പ്പിക്കാനാണ് ആണധികാരം മത്സരിച്ചത്.

പാര്‍വ്വതി കരഞ്ഞ് പിന്മാറുമെന്ന് പ്രതീക്ഷിച്ച് ഇടങ്ങളിലൊക്കെയും തലയില്‍ക്കെട്ട് മുറക്കി പോപ്‌കോണും കൊറിച്ച് അവര്‍ നിലപാടില്‍ ഉറച്ചുനിന്നു, പുഞ്ചിരി കൈവിടാതെ തന്നെ! പാര്‍വ്വതി നാളെ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പ്. തുറന്ന നിലപാടുകള്‍ കൊണ്ട് സിനിമാ മേഖലയില്‍ നിന്ന് പാര്‍വ്വതി തുടച്ച് മാറ്റപ്പെട്ടു കഴിഞ്ഞതായി ഭൂരിഭാഗവും വിചാരിച്ചു. അവര്‍ക്കിനി ‘സര്‍ക്കസ് മുതലാളിമാരുടെ കൂടാര’ത്തില്‍ പ്രകടനം നടത്താന്‍ ആകില്ലെന്ന് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വ്വതിയെ തേടിയെത്തുന്നത്. ഓരോ സിനിമ ചെയ്യുന്നതിന് മുന്‍പും കഥാപാത്രത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ‘സിനിമ മാത്രമാണ് തന്റെ ലോകം’ എന്ന് പറയുന്ന, താനാഗ്രഹിക്കുന്ന സിനിമാ മേഖലയില്‍ അന്തസോടെ ഉദിച്ചുയരണമെന്ന് പറയാതെ പറയുന്ന പാര്‍വ്വതിക്ക് കാലം കാത്തുവച്ച സമ്മാനമാണിത്. തികച്ചും അവസരോചിതമായ സമ്മാനം!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top