കേരളം
പി.എം. ശ്രീ പദ്ധതി: പ്രതികരണവുമായി നേതാക്കള്‍
തിരുവനന്തപുരം: കേരളം 2024 മാര്‍ച്ചില്‍ തന്നെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പിഎം ശ്രീയില്‍ ചേര്‍ന്നതുകൊണ്ട് എന്‍.ഇ.പി. സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണ്. അതിനാല്‍ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.യെ അനുനയിപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. വിവാദ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ച ആകാമെന്ന നിലപാട് മുന്നോട്ട് വെയ്ക്കും. വ്യവസ്ഥകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ സി.പി.ഐ. മന്ത്രിമാരെ വെയ്ക്കാമെന്നും നിര്‍ദേശിക്കും. അതേസമയം, കരാറില്‍ ഒപ്പിട്ടതിനാല്‍ തന്നെ ഈ മൂന്നു നിര്‍ദേശങ്ങള്‍ക്കും സാധുതയില്ല. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പേരിനൊരു നിര്‍ദേശമാണിതെന്നതാണ് വിലയിരുത്തല്‍.
സി.പി.എം. ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. ഡി. രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എം.എ. ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും എം.എ. ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ബേബി നന്നായി ഇടപെടാന്‍ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
എം.എ. ബേബി നിസഹായ അവസ്ഥയിലാണെന്ന സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിന്റെ പ്രസ്താവനയില്‍ സി.പി.എം. കേന്ദ്ര നേതൃത്വം സി.പി.ഐയെ പ്രതിഷേധം അറിയിച്ചു. വളരെ നിസ്സഹായനാണെന്നും കുറച്ച് ശക്തി പ്രകാശ് ബാബുവില്‍ വാങ്ങാമെന്ന് കരുതുന്നുവെന്നും മറുപടി നല്‍കിയ എം.എ. ബേബി, കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് ആരും ഇപ്പോള്‍ തീരുമാനിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്നും എന്‍.ഇ.പിയില്‍ ഇത് പറയുന്നുണ്ടെന്നും ഏത് നിമിഷവും വേണമെങ്കില്‍ പിന്‍മാറാം എന്ന് എം.ഒ.യുവില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, പി.എം. ശ്രീ വിവാദത്തില്‍ സി.പി.ഐ.യെ പരിഹസിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സി.പി.ഐ. എതിര്‍പ്പ് ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചാല്‍ സി.പി.ഐ.യുടെ പ്രശ്‌നമെല്ലാം അവിടെത്തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രവുമായി ചര്‍ച്ചചെയ്ത് പലതും നേടിയെടുക്കുമ്പോള്‍ അന്തര്‍ധാര എന്നല്ല പ്രായോഗിക ബുദ്ധി എന്ന് വേണം പറയേണ്ടതെന്നും പ്രായോഗിക ബുദ്ധി ഉപയോഗിച്ച് സര്‍ക്കാര്‍ പണം വാങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പരസ്യ വിമര്‍ശനവുമായി മന്ത്രി പി പ്രസാദും മുന്നോട്ടുവന്നു. എല്ലാ മേഖലകളിലും സംഘപരിവാര്‍ അജണ്ട പടര്‍ന്നു കയറുന്നുവെന്നും അജണ്ടകളോട് പൊരുത്തപ്പെടാനാകില്ലെന്നും വിദ്യാഭ്യാസ മേഖലയിലും ഇതു തന്നെയാണ് സ്ഥിതിയെന്നും പി. പ്രസാദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം തലമുറകളെ ലക്ഷ്യം വച്ചുള്ളതാണെന്നും നരേന്ദ്രമോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണെന്നും രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേര്‍ന്നതാണ് മോദിയും അമിത് ഷായും എന്നും പി. പ്രസാദ് പറഞ്ഞു.
മുഖ്യശത്രുവിനെതിരായ പോരാട്ടത്തില്‍ ചാഞ്ചല്യമോ കോംപ്രമൈസോ പാടില്ലെന്നാണ് പി.എം. ശ്രീ വിഷയത്തില്‍ സി.പി.ഐ. നേതാവ് വി എസ്. സുനില്‍കുമാറിന്റെ പക്ഷം. നിലപാടില്‍ വെള്ളം ചേര്‍ത്താല്‍ അത് ഇടതുപക്ഷത്തെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുമെന്നും പി.എം. ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. വിഷയം മുന്നണി പ്രശ്‌നമോ ചര്‍ച്ച നടക്കാത്തതോ അല്ലെന്നും മറിച്ച് അതൊരു രാഷ്ട്രീയപ്രശ്‌നമാണെന്നും ആര്‍.എസ്.എസിന്റെ അടിസ്ഥാന ആശയങ്ങളുമായി സന്ധി ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
