കേരളം
അടിമാലി മണ്ണിടിച്ചില്‍; ബിജുവിന്റെ മൃതദേഹം സംസ്‌കരിച്ചു
ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചതിനു ശേഷം മരിച്ച ബിജുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൂന്നു മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജന്‍ ശ്യാം തീ കൊളുത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍മാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകളും പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് ചെയര്‍മാന്‍ മന്ത്രിയെ അറിയിച്ചു.
അതേസമയം, ബിജുവിനോടൊപ്പം പരിക്കേറ്റ ഭാര്യ സന്ധ്യ ചികിത്സയില്‍ തുടരുകയാണ്. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഇടതുകാല്‍ മുറിച്ചു മാറ്റാതിരിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ട്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഭര്‍ത്താവ് ബിജു മരിച്ച കാര്യം സന്ധ്യയെ അറിയിച്ചിട്ടില്ല.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച് 85 ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീം രൂപികരിച്ചു. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.
അതേസമയം, കൂമ്പന്‍പാറയില്‍ ഒഴിവായത് വന്‍ ദുരന്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ലക്ഷംവീട് ഉന്നതിയിലെ വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടാവസ്ഥ മുന്‍നിര്‍ത്തി 22 കുടുംബങ്ങളെ ശനിയാഴ്ച്ച രാവിലെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയദുരന്തം ഒഴിവായത്. ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ക്ക് ഇന്ന് തുടക്കമാകും. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തും. 2 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ഉടന്‍ താത്ക്കാലികമായി പുനരധിവസിപ്പിക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ മണ്ണടിപ്പാണ് അപകടത്തിന് കാരണമെന്നാണ് പരാതി.
മണ്ണിടിച്ചിലില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ആണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
