കേരളം
മേയറുടെ ലെറ്റർപാഡിൽ തിരിമറി നടത്തിയെന്ന് എഫ്ഐആർ; കത്ത് വിവാദത്തിൽ കേസെടുത്തു
തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക നിയമനങ്ങള്‍ക്ക് പാർട്ടിയിൽ നിന്നും ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രൻ്റെ ശുപാർശ കത്ത് ആരോ ലെറ്റർ പാഡിൽ കൃത്രിമം കാട്ടി നിർമ്മിച്ചതാണ് എന്ന് ക്രൈംബ്രാഞ്ചിൻ്റെ എഫ് ഐ.ആർ. വ്യാജ രേഖ നിർമ്മാണം സംബന്ധിച്ച വകുപ്പുകൾ ചുമത്തി മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസടുത്തു. ഐപിസി 465, 466, 469 വകുപ്പുകളാണ് മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്ന എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താൽക്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന് പറയുന്ന മേയറുടെ വിവാദ കത്തിലാണ് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്.
പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്നാണ് മേയറുടെ മൊഴി.വ്യാജമാണോ അല്ലയോ എന്ന് തെളിയണമെങ്കിൽ ഒറിജിനൽ കണ്ടെത്തണമെന്നാണ് ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.ഇതിൻ്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സ്ക്രീന്‍ ഷോട്ട് മാത്രമാണ് ക്രൈംബ്രാഞ്ച് നടത്തിയപ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിന് ലഭിച്ചത്.കത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ചിൻ്റെ ശുപാര്‍ശ അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്.
