കേരളം
മസാല ബോണ്ട്: പ്രതികരണവുമായി നേതാക്കള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന് വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്കാന് അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഭൂമി വാങ്ങാന്‍ 466.19 കോടി രൂപ മസാല ബോണ്ടില്‍ നിന്ന് വിനിയോഗിച്ചത് ആര്.ബി.ഐ. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി.ക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് നോട്ടീസ് വന്നതില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ടെന്നും ഇത് ഇഡിയുടെ രാഷ്ട്രീയ കളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി നേതൃത്വം കൊടുത്തിട്ടുള്ളതെന്നും ഈ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോള്‍ കിഫ്ബിയുടെ നേട്ടങ്ങള്‍ കാണാമെന്നും ഗോവിന്ദന് പറഞ്ഞു. നോട്ടീസ് വരട്ടെയെന്നും ഇതിന് മുമ്പ് വന്ന നോട്ടീസിനുമേല്‍ ഐസക്ക് ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇഡി നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്നും സി.പി.എമ്മിന് ബി.ജെ.പി.യുമായോ യു.ഡി.എഫുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ സി.പി.എം. നേതാക്കളെ കുടുക്കാന്‍ ഇഡി കുറെ നാളായി പരിശ്രമം നടത്തുകയാണെന്നും ഈ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ മനപ്പൂര്‍വം കൊണ്ടുവരുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
