കേരളം
രാഹുലിന്റെ ഫ്‌ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലെന്ന് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡി.വി.ആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡി.വി.ആര്‍. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്‌തെന്നാണ് സംശയം. കെയര്‍ ടേക്കറെ ഇന്ന് ചോദ്യം ചെയ്യും.
ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്റെ കാറിലെന്നാണ് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി പാലക്കാട് ഡിവൈഎഫ്‌ഐ. അതിജീവിത നല്‍കി പരാതിയില്‍ ഇന്നലെ സന്ദീപ് വാര്യരുള്‍പ്പെടെ നാലുപേരെ കേസില്‍ പ്രതിയാക്കിയിരുന്നു. ഇരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. അങ്ങനെ സൈബര്‍ ആക്രമണം നടത്തുന്നവരില്‍ കോണ്‍ഗ്രസുകാര്‍ ഇല്ലെന്നും ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ കോണ്‍ഗ്രസുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ക്കെതിരായ കേസ് അദ്ദേഹം നേരിടുമെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പറഞ്ഞു.
രാഹുല്‍ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെച്ച എം.എല്‍.എയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസെടുത്തുകൊണ്ടുള്ളത് സര്‍ക്കാരിന്റെ നാടകമാണ്. നാലു മാസം മുമ്പ് തന്നെ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പീഡനക്കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ഒളിപ്പിച്ചു വച്ച സ്ഥലം സി.പി.എമ്മിന് അറിയില്ലെങ്കില്‍ കൂടെ പോകാന്‍ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍, പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡര്‍’ പരിപാടിയില്‍ സണ്ണി ജോസഫ് പറഞ്ഞു.
