Connect with us

രാജ്യാതിര്‍ത്തികളെ മായ്ക്കുന്ന മന്ത്രഗോറയുടെ സഞ്ചാരവഴികള്‍

സാമൂഹ്യം

രാജ്യാതിര്‍ത്തികളെ മായ്ക്കുന്ന മന്ത്രഗോറയുടെ സഞ്ചാരവഴികള്‍

തിനഞ്ചു വര്‍ഷം മുമ്പ് ഒരുച്ചയ്ക്ക് ഇപ്പൊ വരാമെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് ജുവാനും മരിയാനയും. ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നു മാത്രമല്ല, 42 രാജ്യങ്ങള്‍ താണ്ടിയ ആ യാത്ര അവരിപ്പോഴും തുടരുകയുമാണ്. തൊഴിലന്വേഷിച്ചും ടൂറിസ്റ്റുകളായും ആളുകള്‍ വീടുവിട്ടുപോകുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷെ, നാടകം കളിക്കാന്‍ ലോകത്തിലേക്കിറങ്ങിപ്പോയ രണ്ടു പേരെ നാം വേറെ കണ്ടിട്ടുണ്ടാവില്ല. അതെ, ജുവാനും മരിയാനയും പോയത് നാടകം കളിക്കാനാണ്. മന്ത്രഗോറ സര്‍ക്കോ എന്ന് സ്പാനിഷില്‍ പറയുന്നമന്ത്രഗോറ സര്‍ക്കസ് നാടകം!.

നാടകം തന്നെയാണ് ഇരുവരെയും കൂട്ടിച്ചേര്‍ത്തതും നാടുതോറും കൊണ്ടുനടക്കുന്നതും. അതിന്റെ ഭാഗമായി ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയതാണവര്‍. പൂനയിലെയും ബംഗളൂരുവിലെയും പരിപാടികള്‍ക്ക് ശേഷം കൊച്ചിയിലും കൊല്ലത്തുമായി കേരളത്തില്‍ രണ്ടിടത്ത് അവതരിപ്പിച്ചു മന്ത്രഗോറ.

മന്ത്രഗോറ സര്‍ക്കോ എന്ന പേരില്‍ ഒരു ചെറു നാടകസംഘം രൂപീകരിച്ച് അതേ പേരിലുള്ള ‘ഇരട്ടയാള്‍ നാടകം’ കളിച്ച് ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് ജുവാനും മരിയാനയും. അര്‍ജന്റീനയുടെ തെക്കേയറ്റത്തുള്ള പാറ്റഗോണിയയിലെ ട്രെല്യു നഗരത്തിലാണ് ഇരുവരുടെയും വീട്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ജുവാന്‍ ബ്രാക്കമോണ്ടെയ്ക്ക് വയസ്സ് ഇരുപത്തിനാലായിരുന്നു. ഇന്നിപ്പോള്‍ മുപ്പത്തൊമ്പത്. അന്ന് മരിയാന സില്വുയുടെ പ്രായം ഇരുപത്.

ജുവാന്റെ അച്ഛനമ്മമാര്‍ സംഗീതജ്ഞരായിരുന്നു. നാടക, ഓപ്പറാ സംഘങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് പാട്ടെഴുതിയും ചിട്ടപ്പെടുത്തിയും കഴിയുന്നവര്‍. അതുകൊണ്ടുതന്നെ സംഗീത സമൃദ്ധമായിരുന്നു ജുവാന്റെ ബാല്യ കൗമാരങ്ങള്‍. മുതിര്‍ന്നപ്പോഴെയ്ക്കും ജഗ്ലിങ്ങും (വസ്തുക്കളെ അമ്മാനമാടുക) അല്പസ്വല്‍പ്പം മെയ്യഭ്യാസവും സംഗീതവുമൊക്കെയായി തികഞ്ഞ കലാകാരനായിക്കഴിഞ്ഞു ജുവാന്‍. അഭിനയത്തിലോ നാടകത്തിലോ ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ അര്‍ജന്റീനയിലെ പല പ്രമുഖ സംഘങ്ങളിലും അയാള്‍ പ്രിയങ്കരനായി.

1998 മുതല്‍ 2002 വരെ വിവിധ നാടകസംഘങ്ങള്‍ക്കൊപ്പം സര്‍ക്കസും നാടകരചനയും നാടകവുമായി അങ്ങനെ കഴിയുന്നതിനിടെ അരങ്ങില്‍ വച്ചാണ് മരിയാനയെ കണ്ടെത്തിയത്. യാത്രയുടെ ഹരം ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് മരിയാനയുടെ കുടുംബം. ചെറുപ്പം മുതലേ സര്‍ക്കസും പിന്നീട് നാടകവും പഠിച്ച മരിയാന മന്ത്രഗോറ സര്‍ക്കകസ് എന്ന അവതരണത്തിനും യാത്രയ്ക്കും നിമിത്തമായി.

2003 ജനുവരി 25 ന് പാറ്റഗോണിയയിലാണ് മന്ത്രഗോറ സര്‍ക്കസ് ആദ്യം അവതരിപ്പിക്കുന്നത്. ആണും പെണ്ണും തമ്മിലുള്ള പ്രണയവും ജീവിതവും അവര്‍ക്കിടയില്‍ വരുന്ന ചെറിയ പിണക്കങ്ങളും രണ്ടുപേരുടെയും ഇഷ്ടങ്ങള്‍ (സദസിലെ) മറ്റു ചിലരിലേയ്ക്കു വഴിമാറുകയും ഒടുവില്‍ പരസ്പരം പിരിയാനാവില്ലെന്ന തിരിച്ചറിവാണ് പ്രമേയം. വിശപ്പ് എന്ന പൊതു അനുഭവത്തില്‍ തുടങ്ങുന്ന നിശബ്ദനാടകം സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും പിന്തുണയോടെ, അതിവേഗം പ്രേക്ഷകരെ അതിലേയ്ക്ക് ഉള്‍ച്ചേര്‍ക്കുന്നു.

മാജിക്കല്‍ റിയലിസത്തിന്റെ തട്ടകമായ അര്‍ജന്റീനയുടെ തെക്കേയറ്റത്തു നിന്നുള്ള മന്ത്രഗോറ സര്‍ക്കസ്, പേരില്‍ തന്നെ ജീവിതത്തിന്റെ മാന്ത്രികതയെ കാത്തുവയ്ക്കുന്നുണ്ട്. മനം മയക്കുന്ന ഗന്ധമുള്ള, മാന്ത്രിക പരിവേഷമുള്ള ഒരു തരം ചെടിയാണ് മന്ത്രഗോറ. ഇന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ശേഷിയുള്ള ഇതിന്റെ പൂവിന് ഒരു മണിയുടെ ആകൃതിയാണുള്ളത്. മാര്‍ക്ക് ആന്റണിയെ കാത്തിരിക്കുന്ന സമയത്ത് നേരം പോകാനും രാത്രികളില്‍ ഉറങ്ങാനും വിശ്വസുന്ദരി ക്ലിയോപാട്ര ആവശ്യപ്പെടുന്നത് മന്ത്രഗോറയാണ്. മന്ത്രഗോറ എന്ന വാക്കില്‍ നിന്നാണ് (മാന്ത്രികനായ) മാന്‍ഡ്രേക്ക് എന്ന വാക്കിന്റെ ഉല്പത്തി.

2010 വരെ ഏഴു വര്‍ഷം തുടര്‍ച്ചറയായി അര്‍ജന്റീനയിലുടനീളം നാടകവുമായി സഞ്ചരിച്ച ശേഷമാണ് മന്ത്രഗോറയുമായി ജുവാനും മരിയാനയും രാജ്യത്തിന് പുറത്തുകടക്കുന്നത്. ആദ്യം ബോളീവിയയിലെയ്ക്കും പെറുവിലെക്കും ഇക്വഡോറിലെക്കുമായി തുടങ്ങിയ യാത്ര പിന്നീട് കൊളംബിയ, വെനിസ്വേല, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, എല്‍ സാല്വബഡോര്‍, ബെലിസ്, ഗ്വാട്ടിമാല, മെക്‌സിക്കോ, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും നീണ്ടു. തുടര്‍ന്ന്, റൊമാനിയ, പോളണ്ട്, ബോസ്‌നിയ, ഫ്രാന്‍സ്, ടുണിസ്, മൊറോക്കോ, സിംബാബെ, ദക്ഷിണാഫ്രിക്ക, കെനിയ എത്യോപ്യ, ടാന്‍സാനിയ, ഈജിപ്റ്റ്, മഡഗാസ്‌കര്‍, ചൈന, സുഡാന്‍… ഇതിനകം ആയിരത്തി അഞ്ഞൂനൂറിലേറെ വേദികളില്‍ അരങ്ങേറിയ മന്ത്രഗോറ കണ്ടതും കാണിച്ചതുമായ രാജ്യങ്ങളുടെ നിര നീണ്ടതാണ്. മെക്‌സിക്കോയില്‍ നിന്നാണ്, ജുവാനും മരിയാനയ്ക്കും യാത്രകളെ പ്രണയിക്കുന്ന മറ്റൊരു കൂട്ടുകാരിയെ കിട്ടിയത്. അഭിനയം അക്കാദമികമായി പഠിച്ച ആന്ദ്രിയ. ആന്ദ്രിയയാണ് ഇപ്പോള്‍ നാടകത്തിന്റെ ശബ്ദവും വെളിച്ചവും സംഗീതവുമെല്ലാം കൈകാര്യം ചെയ്യുന്നത്.

നിര്‍ത്താതെയുള്ള ഈ യാത്രകളില്‍ ഒരു ദിവസം പോലും വിഷമം നേരിട്ടിട്ടില്ല എന്നാണ് മരിയാന പറയുന്നത്. പല ദേശങ്ങളിലും പല സംസ്‌കാരങ്ങളിലും ജീവിക്കുന്ന മനുഷ്യര്‍ക്ക് മുമ്പില്‍ നാടകം അവതരിപ്പിക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചാല്‍ ജുവാനും മരിയാനയും ഒരുമിച്ചു പറയും ‘മനുഷ്യരുടെ വികാരങ്ങള്‍ എല്ലായിടത്തും ഒരുപോലെയാണ്. വിശപ്പ്, സ്‌നേഹം, ദ്വേഷ്യം, ഇണക്കം, പിണക്കം, കൂടിച്ചേരാനുള്ള ത്വര എന്നിങ്ങനെ മാനവികതയെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ എല്ലായിടത്തും ഒന്നാണ്. അതിന് കാലദേശ ഭേദമില്ല. അതുകൊണ്ടുതന്നെ മന്ത്രഗോറ സര്‍ക്കസ് എല്ലായിടത്തും നന്നായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.’

മൈനസ് ഇരുപതു ഡിഗ്രി തണുപ്പിലും ആമസോണിലെ മഴക്കാടുകളിലും ആഫ്രിക്കയിലെ കൊടും ചൂടിലും ഒരുപോലെ കഴിഞ്ഞിട്ടുണ്ട് സംഘം. ‘ഞങ്ങളെ സംബന്ധിച്ച് സ്വദേശം, വിദേശം എന്ന വേര്‍തിരിവ് തന്നെയില്ല. എത്തുന്നിടമെല്ലാം സ്വന്തം നാടാണ്. പാസ്‌പോര്‍ട്ട് , വിസ തുടങ്ങിയ യാത്രാരേഖകള്‍ മാത്രമാണ് രാജ്യങ്ങളെ വേര്‍തിരിക്കുന്നത്. വാസ്തവത്തില്‍, നാടകമാണ് ഞങ്ങളെ നയിക്കുന്നത്’ ജുവാന്‍ പറയുന്നു.

യാത്രകള്‍ക്കിടെ കാലം കടന്നുപോകുന്നത് അറിയുന്നില്ലേ എന്ന് ചോദിച്ചാല്‍ അര്‍ജന്റീനയിലെ ഒരനുഭവമാണ് മരിയാന പറയുക. ‘ആദ്യം നാടകമവതരിപ്പിച്ച ഒരിടത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തിയപ്പോള്‍ ആദ്യം സംഘാടകനായിരുന്ന ഒരാളുടെ മകനാണ് സംഘാടകന്റെ വേഷത്തില്‍ ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങള്‍ക്കറിയാം, എപ്പോഴെങ്കിലും തിരിച്ചെത്തുമെങ്കില്‍ കൂട്ടുകാരെയൊന്നും പെട്ടെന്ന് തിരിച്ചറിയാനാവില്ല.’

‘അപ്പോള്‍ നിങ്ങള്‍ക്ക്് പ്രായമേറുന്നില്ലേ?’

‘കലയ്ക്ക് മരണമില്ലല്ലോ. അതുകൊണ്ട്, അഭിനേതാക്കള്‍ക്ക് പ്രായവുമില്ല…!’ മരിയാനയുടെ മറുപടിയില്‍ രാജ്യാതിര്‍ത്തികള്‍ മായുന്ന മന്ത്രഗോറയുടെ സഞ്ചാരവഴികള്‍ തെളിയുന്നു ….

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സാമൂഹ്യം

Trending News

To Top