ഓര്‍മ്മ
“ആ വീടിന്റെ മട്ടുപ്പാവിലിരുന്നാല്‍ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്”
ഇന്ന് എം സുകുമാരന്‍ ഓര്‍മ്മദിനം. ‘ശേഷക്രിയ’യിലെ പ്രധാന കഥാപാത്രമായ കുഞ്ഞയ്യപ്പന്‍ പാര്‍ട്ടി നേതൃത്വത്തിന് എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇന്നും പ്രസക്തമാണ്.
”കേന്ദ്രകമ്മിറ്റിയുടെയോ പോളിറ്റ്ബ്യൂറോയുടെയോ അടിയന്തരശ്രദ്ധയ്ക്ക്. കേന്ദ്രകമ്മിറ്റി, സംസ്ഥാനകമ്മിറ്റി വഴി അയച്ച എഴുത്ത് ജില്ലാസെക്രട്ടറി മുഖാന്തിരം എനിക്കു കിട്ടി. വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ തിരക്കിനിടയിലും എന്റെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുത്തു എന്നറിഞ്ഞതില്‍ എനിക്കുള്ള നന്ദി ഞാനിവിടെ രേഖപ്പെടുത്തട്ടെ. അച്ചടക്കബോധമുള്ള അല്ലെങ്കില്‍ അച്ചടക്കത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പാര്‍ട്ടി മെമ്പര്‍ എന്ന നിലയില്‍ ഞാന്‍ കേന്ദ്രകമ്മിറ്റിയുടെ അന്തിമതീരുമാനം പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നു. ഞാന്‍ ഇനിയും എത്രയോ തിരുത്തേണ്ടതുണ്ട്. പി.എന്‍. പറഞ്ഞതുപോലെ ഞാന്‍ ഒരു റൊമാന്റിക് റെവല്യൂഷണറിയായി അധ:പതിച്ചിരിക്കുകയാണ്. ഈ വിധത്തില്‍ പോയാല്‍ ഞാന്‍ ചെന്നുനില്‍ക്കുന്ന സ്ഥലം കണ്ടറിയേണ്ടിയിരിക്കുന്നു” എന്ന് അദ്ദേഹം പ്രവചിച്ചത് എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയാണ്. ഒരു പാര്‍ട്ടി വിരുദ്ധനാവുക എന്നുവെച്ചാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു ഭ്രാന്തനാവുക എന്നാണര്‍ത്ഥം. എന്റെ പാര്‍ട്ടി ബ്രാഞ്ചില്‍ ഞാനൊഴികെയുള്ളവരെല്ലാം പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഞാനാവട്ടെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഒരു ചെറിയകാര്യം എനിക്കു ബോധിപ്പിക്കാനുണ്ട്. ഉദാഹരണ സഹിതം തന്നെ തുടരാന്‍ എന്നെ അനുവദിച്ചാലും. നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയാണല്ലോ രോഗാണുക്കളുടെ ആക്രമണത്തില്‍നിന്നും നമ്മെ കാത്തുസൂക്ഷിക്കുന്നത്.
എന്റെ പാര്‍ട്ടിക്കൂറും അച്ചടക്കബോധവും ഈ പ്രതിരോധശക്തികളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, നിര്‍ഭാഗ്യം എന്നുതന്നെ പറയട്ടെ, ഭക്ഷണക്കുറവുമൂലവും കാലാകാലങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്താത്തതിനാലും എന്നിലെ പ്രതിരോധശേഷി അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിവിരുദ്ധ രോഗാണുക്കള്‍ സംഘടിതമായി ഒരാക്രമണം നടത്തിയാല്‍ ഞാനൊരു രോഗിയായിത്തീരും. ഒരുകാര്യം ഞാന്‍ കേന്ദ്രകമ്മിറ്റിക്ക് ഉറപ്പുതരുന്നു. ഒരു മഹാരോഗിയായി, പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ മന:പൂര്‍വം പൊതിഞ്ഞുകെട്ടാതെ ചലവും ചോരയുമൊലിപ്പിച്ച് വിധിവൈപരീത്യത്തിന്റെ മരണഭീതിയുളവാക്കുന്ന കീര്‍ത്തനങ്ങള്‍ പാടി പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന അതിവിശാലവും ബൃഹത്തുമായ ഈ പുണ്യഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് മറ്റാര്‍ക്കും ഞാന്‍ എന്റെ രോഗം പകര്‍ത്തില്ല. എന്റെ കുടിലിനു പിറകിലുള്ള മാവും ആ ഊഞ്ഞാല്‍ക്കയറും ഇക്കാര്യത്തില്‍ ഇന്നു പുലരുംമുമ്പെ എന്നെ സഹായിക്കും.
എന്റെ ചില അന്തിമാഭിലാഷങ്ങള്‍ കൂടി ഇവിടെ രേഖപ്പെടുത്തി ഈ കുറിപ്പവസാനിപ്പിക്കട്ടെ. ഒന്നാമതായി എന്റെ ശവകുടീരപ്പലകയില്‍ ഇത്രയും എഴുതിവയ്ക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതള്‍ നുള്ളിയിട്ടുപോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്. രണ്ടാമത്തെ കാര്യം എന്റെ മരണശേഷം എന്റെ ഭാര്യയ്ക്കും മകനുമായി ഒരു കുടുംബസഹായ ഫണ്ട് പതിവുപോലെ പാര്‍ട്ടി പിരിച്ചുണ്ടാക്കുമെന്നും അതില്‍ പകുതിസംഖ്യ ഒരു സ്ഥിരംനിക്ഷേപമായി മാസംതോറും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പലിശയിനത്തില്‍ കിട്ടാനുള്ള ഏര്‍പ്പാട് പാര്‍ട്ടി ചെയേ്തക്കുമെന്നുള്ള കാര്യത്തില്‍ എനിക്കൊട്ടുംതന്നെ സംശയമില്ല.
അവര്‍ക്കൊരു വീടുവച്ചുകൊടുക്കുമ്പോള്‍ സ്ഥലം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുഞ്ഞയ്യപ്പന്‍ കുടുംബസഹായഫണ്ട് കമ്മിറ്റിക്കാരോട് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം കൊടുക്കണം. ആ വീടിന്റെ മട്ടുപ്പാവിലിരുന്നാല്‍ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്. കൊച്ചുനാണു എന്റെ മകനാണ്. നിത്യദാരിദ്ര്യത്തിന്റെ പുകയാത്ത അടുപ്പുകള്‍ തേടി അവനിറങ്ങിപ്പോയെന്നുവരാം. അത് അവനെ ചിന്തിപ്പിക്കാനും ചിലതൊക്കെ പ്രവര്‍ത്തിപ്പിക്കാനും പ്രേരിപ്പിച്ചുകൂടായ്കയില്ല. അവന്‍ എന്നെപ്പോലെ ഒരു റൊമാന്റിക് റവല്യൂഷണറിയായിത്തീരാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവര്‍ത്തിക്കരുതല്ലോ….”
