Connect with us

ഒരു വിളിപ്പാടകലെ ഇനി രവിവ൪മ്മയില്ല

ഓര്‍മ്മ

ഒരു വിളിപ്പാടകലെ ഇനി രവിവ൪മ്മയില്ല

വേണ്ടതിലേറെ പ്രതിഭയും അവസരങ്ങളും ഉണ്ടായിരുന്നിട്ടും എല്ലാറ്റിനോടും നിര്‍മമത പുലര്‍ത്തിയ രവിവര്‍മ്മയും യാത്രയായി.

ജീവിച്ചിരുന്നപ്പോള്‍ ആരെയും അലോസരപ്പെടുത്താതെ കടന്നുപോയ പത്രപ്രവര്‍ത്തകന്‍ മരണം കടന്നുവന്നപ്പോഴും പതറിയില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് രവി വിട്ടുപിരിഞ്ഞ വാര്‍ത്ത മാധ്യമ ലോകത്തെയാകെ ഞെട്ടിച്ചു.

അക്ഷരം കൊണ്ടും അറിവു കൊണ്ടും എന്നും ഏറെ മുന്നിലായിരുന്നു രവിവര്‍മ്മ. ദേശാഭിമാനിയിലും ഏഷ്യാനെറ്റിലും പ്രവര്‍ത്തിച്ച കാലത്തെ രവിയുടെ കഥകള്‍ സഹപ്രവര്‍ത്തകരായിരുന്ന സിഎല്‍ തോമസും സുരേഷ് പട്ടാമ്പിയും പറഞ്ഞാണ് ആദ്യം അറിയുന്നത്. അവകാശവാദങ്ങളോ, വീരകഥകളോ ഒരിക്കലും അദ്ദേഹം പങ്കുവെച്ചിരുന്നില്ല. ആഴമേറിയ മൗനമായിരുന്നു പലപ്പോഴും ആ മനുഷ്യന്റെ മുഖമുദ്ര. എന്നാല്‍ പത്രരംഗത്ത് സജീവമായിരുന്ന കാലത്ത് രവിവര്‍മ്മ ഈ തലമുറയ്ക്ക് തന്നെ ഒരു പ്രേരകശക്തിയായിരുന്നു. അച്ചടി മാധ്യമ രംഗത്തും ദൃശ്യ മാധ്യമ രംഗത്തും ഇന്നുള്ള പത്രപ്രവര്‍ത്തകരില്‍ അനേകം പേര്‍ രവിവര്‍മ്മയുടെ ശിഷ്യന്‍മാരാണ്. ദേശാഭിമാനിയിലായിരുന്നപ്പോഴും ഏഷ്യാനെറ്റില്‍ എത്തിയപ്പോഴും തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ മുറുകെ പിടിക്കാനും തുറന്നുപറയാനും കാണിച്ച സത്യസന്ധതയാണ് ഒരുപക്ഷേ രവിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായി മാറിയത്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ, അവാര്‍ഡുകള്‍ക്കും പ്രശസ്തിക്കും വേണ്ടിയോ ചെറുവിരല്‍ അനക്കാന്‍ പോലും ഒരുഘട്ടത്തിലും വര്‍മ്മാജി തയ്യാറായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എക്‌സ്‌ക്ലൂസീവ് ദിനപത്രമായി മാറിയപ്പോഴാണ് രവിവര്‍മ്മയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. വൈകാതെ രവി പാലക്കാട് വന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും രണ്ടു വര്‍ഷത്തോളം എക്‌സ്‌ക്ലൂസീവിന്റെ അസോസിയേറ്റ് എഡിറ്ററായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു. പദവിയും ശമ്പളവും ഒന്നും രവിക്ക് ഒരു പ്രശ്‌നമായിരുന്നില്ല. കൃത്യമായി ശമ്പളം നല്‍കുമ്പോള്‍ ഇത്രയ്ക്ക് തരാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. പലപ്പോഴും സ്ഥാപനത്തിന്റെ പ്രതിസന്ധി മനസ്സിലാക്കിയിട്ടാകണം പിന്നീട് മതിയെന്നുപോലും അദ്ദേഹം പറഞ്ഞിരുന്നു.

രോഗബാധിതനായി ഇടയ്ക്ക് ആശുപത്രിയിലായപ്പോള്‍ കഴിയുന്നത്ര പണം അയച്ചപ്പോഴും അത് വേണ്ടിയിരുന്നില്ല എന്നായിരുന്നു പ്രതികരണം. രവിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എറണാകുളത്ത് പാലാരിവട്ടത്ത് എക്‌സ്‌ക്ലൂസീവിനു വേണ്ടി വലിയൊരു ഓഫീസ് തന്നെ അന്ന് സജ്ജമാക്കി. വീട്ടില്‍ നിന്ന് രവിക്ക് എത്താന്‍ വേണ്ടിയാണ് എറണാകുളത്തെ ഓഫീസ് ആരംഭിച്ചത്. ഒരുവര്‍ഷത്തോളം രവി കൃത്യമായി ഓഫീസിലെത്തുകയും പത്രത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. രാഷ്ട്രീയമായാലും സാഹിത്യ വിഷയങ്ങളായാലും സാമൂഹ്യ പ്രശ്‌നങ്ങളായാലും നിമിഷങ്ങള്‍ കൊണ്ട് രവി കോപ്പികള്‍ നല്‍കും. വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് രവിയെ പോലെ നിശ്ചയമുണ്ടായിരുന്ന അപൂര്‍വ്വം പത്രാധിപന്‍മാരെ മാത്രമേ കണ്ടിട്ടുള്ളൂ.

മനുഷ്യ സ്‌നേഹത്തിന്റെ ആള്‍രൂപം തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും ഈ പത്രപ്രവര്‍ത്തകന്‍. വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും രവിവര്‍മ്മയും ഒന്നിച്ച് വിഎസിനെ കാണാന്‍ പോയ സന്ദര്‍ഭങ്ങള്‍ അനവധിയാണ്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്ന കാലം മുതല്‍ രവിവര്‍മ്മയ്ക്ക് വിഎസുമായി ഉണ്ടായിരുന്ന അടുപ്പം ആ കണ്ടുമുട്ടലുകളില്‍ വിഎസ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പത്രം പൂട്ടിയ ശേഷവും എന്തെങ്കിലും സംശയം വരുമ്പോള്‍ രവിയെ വിളിക്കുക ഒരു പതിവായിരുന്നു. രണ്ടാഴ്ച മുന്‍പ് അതുപോലെ രവിവര്‍മ്മയെ വിളിച്ചിരുന്നു. വയ്യായ്മകള്‍ പറഞ്ഞെങ്കിലും വിഷയം രാഷ്ട്രീയമാണെന്ന് പറഞ്ഞപ്പോള്‍ ഏറെ നേരം സംസാരിച്ചു. എഴുതാന്‍ പ്രയാസമായതുകൊണ്ട് എഴുതുന്നില്ല, പറയാം എന്ന തരത്തില്‍ കാര്യങ്ങള്‍ അടുക്കും ചിട്ടയും തെറ്റാതെ അദ്ദേഹം പറഞ്ഞു. സംശയങ്ങള്‍ വരുമ്പോള്‍ ഇനി വിളിക്കാന്‍ രവിയില്ല എന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ഓര്‍മ്മ

Trending News

To Top