കേരളം
സത്യത്തിന്റെ കഴുത്തു ഞെരിക്കുന്ന കാപാലികര്‍
മരം മുറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ വിലാസം സംരക്ഷണം. അതേസമയം, മരംമുറിയെക്കുറിച്ച് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊന്ന് ചാക്കില്‍ക്കെട്ടി കനാലില്‍ തള്ളി.
കൊള്ളക്കാര്‍ക്ക് ചൂട്ടുപിടിക്കുകയും സത്യംപറയുന്നവനെ കൊന്നുതള്ളുകയും ചെയ്യുന്ന കലികാലം. ഇതാണോ ചരിത്രം തിരുത്തുമെന്നവകാശപ്പെടുന്ന പിണറായിയുടെ തുടര്‍ഭരണം?
നാലുദിവസം മുമ്പ് കണ്ണൂര്‍ ചക്കരയ്ക്കലില്‍ നിന്നും കാണാതായ പ്രജീഷ് എന്ന 33 കാരന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 19 നാണ് ഈ യുവാവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് മണിക്കയില്‍ അമ്പലത്തിനു സമീപമുള്ള കനാലില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി ചാക്കില്‍കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മരം മോഷണകേസില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് രഹസ്യവിവരം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂര്‍ പൊലീസ് അസി.കമ്മീഷ്ണര്‍ പി.പി സദാനന്ദന്‍ പറഞ്ഞു. ഇതിന്റെ പ്രതികാരമാണത്രെ കൊലയ്ക്കിടയാക്കിയത്. 4 ലക്ഷംരൂപയുടെ തേക്കുമരം മോഷ്ടിച്ച പ്രതികള്‍ ഓഗസ്റ്റ് 9ന് പിടിയിലായിരുന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച യുവാവിന്റെ ഈ ഗതി അറിഞ്ഞവരാരും ഇനി പൊലീസിന് ഇത്തരം വിവരം നല്‍കാന്‍ ധൈര്യപ്പെടില്ല. കൊലപാതകത്തിലൂടെ അക്രമികള്‍ പൊതുസമൂഹത്തിന് നല്‍കുന്ന താക്കീതാണ് ഈ അരുംകൊല.

എന്നാല്‍, മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ സഹായിച്ച കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജന്‍ ഗുരുതരമായ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. മരംമുറിച്ച പ്രതികള്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥരെ കുടുക്കാനാണ് ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ വനംവകുപ്പ് മേധാവിക്കും വനം മന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി. എന്‍.ടി സാജന്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാന്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജകേസ് എടുത്തു വെന്നുമാണ് റിപ്പോര്‍ട്ട്. മുട്ടില്‍ വില്ലേജിലെ മണിക്കുന്നുമല എന്ന സ്ഥലത്തെ സ്വകാര്യ ഭൂമിയില്‍ നടന്ന മരംമുറി വനഭൂമിയിലാണെന്ന് ചിത്രീകരിച്ചാണ് സത്യം കണ്ടെത്തെിയ ഉദ്യോഗസ്ഥരെ ഇയാള്‍ കുടുക്കിയത്. സാജന്‍ പ്രതികളെ നേരിട്ട് കാണുകയും അവരുമായി ഗൂഡാലോചന നടത്തുകയും ചെയ്തുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തെളിവുസഹിതം കണ്ടെത്തിയത്. ഈ തട്ടിപ്പില്‍ കോഴിക്കോട്ടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇടനിലക്കാരനാണെന്നും തെളിഞ്ഞിട്ടുണ്ട്. ഈ മാധ്യമ പ്രവര്‍ത്തകന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ പലവട്ടം വിളിച്ചതിനുള്ള തെളിവുകളും ചീഫ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയ സാജനെ സസ്പന്‍ഡ് ചെയ്യണമെന്ന സിസിഎഫിന്റെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസ് നിരാകരിച്ചു. കുറ്റം ഗുരുതരമല്ലെന്നും അതുകൊണ്ട് സ്ഥലംമാറ്റം നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവായി. സത്യാന്വേഷിക്ക് ജീവന്‍തന്നെ ബലികൊടുക്കേണ്ടിവന്നു. അതേസമയം പ്രതികളുമായിച്ചേര്‍ന്ന് കോടികളുടെ മരംകൊള്ള നടത്തിയ കണ്‍സര്‍വേറ്റര്‍ സാജന് മുഖ്യമന്ത്രിയുടെ തലോടല്‍.
മരംകൊള്ളയ്‌ക്കെതിരെ നടപടിയെടുത്ത കീഴുദ്യോഗസ്ഥരെ കുടുക്കിയതിനുള്ള പാരിതോഷികം. മുട്ടില്‍ മരംകൊള്ളയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിവരാവകാശ നിയമം അനുസരിച്ച് മറുപടി നല്‍കിയ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിക്കും കിട്ടി ശിക്ഷ. സെക്രട്ടേറിയറ്റില്‍ നിന്നും കടക്കു പുറത്ത് എന്നായിരുന്നു തീട്ടുരം. നേരത്തെ ഈ വനിതാ ഉഗ്യോദസ്ഥയ്ക്ക് നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രിയും റദ്ദാക്കി. പ്ലസ്ടു ഡയറക്ടറേറ്റിലേക്കാണ് സ്ഥലം മാറ്റിയത്. ഐ.എ.എസുകാരനായ വകുപ്പ് സെക്രട്ടറി സ്തുത്യര്‍ഹ സേവനത്തിന് ലഭിച്ച അംഗീകാരം റദ്ദാക്കിയതോടെ വനിതാ ഉദ്യോഗസ്ഥയുടെ സര്‍വീസ് ഭാവിതന്നെ അപകടത്തിലായി.
ലോക്കപ്പു മര്‍ദ്ദനം നടത്തുന്ന പൊലീസുകാരുടെ മനോവീര്യം തകര്‍ക്കരുതെന്ന് ഉറക്കെപ്പറയുന്ന മുഖ്യമന്ത്രിയുടെ മൂക്കിനു കീഴെയാണ് ഈ കാടത്തങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്.
