കോളം
ജി.ശേഖരൻ നായരെന്ന മാധ്യമ പ്രവർത്തകനോട് കേരളം കടപ്പെട്ടിരിക്കുന്നു
- ജ്യോതിര്‍ ഘോഷ്
ജി ശേഖരൻ നായർ എന്ന അണ്ണൻ വിട പറഞ്ഞു. അണ്ണൻ്റെ അസാന്നിദ്ധ്യത്തിൽ അണ്ണനെ കുറിച്ച് പറയാൻ തോന്നുന്നില്ല. എങ്കിലും എൻ്റെ സുഹൃത്ത് എസ്.ഡി.വേണുകുമാറിൻ്റെ നിർബന്ധത്തിനു വഴങ്ങുന്നു. അണ്ണൻ്റെ മാധ്യമപ്രവർത്തന വീരേതിഹാസങ്ങൾ അനേകം. ഒരെണ്ണം കുറിക്കാം. കല്ലുവാതിക്കൽ മദ്യദുരന്തം. മാതൃഭൂമിയുടെ കൊല്ലം എഡിഷൻ തുടങ്ങുന്നതിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.എഡിഷൻ്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററായി ഞാനാണ് നിയോഗിക്കപ്പെട്ടത്. എഡിഷൻ തുടങ്ങാതിരുന്നതു കാരണം ചില ദിവസങ്ങളിൽ തിരുവനന്തപുരം ഓഫീസിൽ പോകുമായിരുന്നു.
കല്ലുവാതിക്കൽ മദ്യദുരന്തം ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങി. മുഖ്യപ്രതി കല്ലുവാതിക്കൽ താത്ത. ഒരു ദിവസം തിരുവനന്തപുരത്തെ രാവിലയുള്ള എഡിറ്റോറിയൽ മീറ്റിംഗിൽ ഈ വിഷയം ഞാനുന്നയിച്ചു. ഇത്രയും പേർ മരിക്കാനിടയായ സംഭവത്തിൻ്റെ ഉത്തരവാദിത്വം ആ പാവപ്പെട്ട താത്തയിൽ അവസാനിപ്പിക്കുന്നത് ശരിയല്ല. യഥാർത്ഥ കുറ്റവാളി ഇപ്പോഴും സ്വതന്ത്രമായി അതേ പ്രവൃത്തി തുടരുകയാണ്. ആ വ്യക്തി ചെയ്യുന്നതിനേക്കാൾ ദ്രോഹമാണ് ആ കേസ് താത്തയിൽ അവസാനിപ്പിക്കുന്നത് കണ്ടിട്ട് നാം നിശബ്ദത പാലിക്കുന്നത്. പല അഭിപ്രായങ്ങൾ ഉയർന്നു.രാഷ്ട്രീയ നേതൃത്വത്തിൻ്റെയും സർക്കാരിൻ്റെയുമൊക്കെ പിൻബലത്തിലാവും ഇത്തരം ശക്തികൾ പ്രവൃത്തിക്കുക. അഥവാ ആളെ കണ്ടെത്തിയാൽ തന്നെ തെളിവെന്താണ്? എന്നിങ്ങനെ.” തെളിവുകൾ എത്ര വേണമെങ്കിലും കിട്ടാവുന്നതേ ഉള്ളൂ. അണ്ണൻ വിചാരിച്ചാൽ അത് നിഷ്പ്രയാസം സാധിക്കും” . ഗുസ്തിക്കാർ ഗോദയിൽ എതിരാളിയെ ഏറ്റുമുട്ടുന്നതിനു തൊട്ടു മുൻപ് അവരുടെ മുഖത്തേക്ക് ചോര ഇരച്ചുകയറുന്നതു പോലെ അണ്ണൻ്റെ മുഖം ചുവന്നു. ഒന്നും മിണ്ടാതെ മീറ്റിംഗ് കഴിഞ്ഞ് അണ്ണൻ സ്ഥലം വിട്ടു. അണ്ണൻ്റെ പോക്കു കണ്ട് ഞാൻ അടുത്തുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു. ” ഇന്നെന്തെങ്കിലും സംഭവിക്കും” . ഉച്ചയ്ക്ക് 12 ആയപ്പോൾ അണ്ണൻ്റെ വിളി വന്നു.” ഞെട്ടിപ്പിക്കുന്ന ഒരു സംഗതി കിട്ടിയിട്ടുണ്ട്. അബ്കാരി കോൺട്രാക്ടർ മണിച്ചൻ്റെ വീട്ടിൽ അയാളുടെ ബഡ്റൂമിനടിയിൽ മദ്യം സൂക്ഷിക്കുന്ന വൻ ടാങ്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ പോലീസിന് ഒന്നും ചെയ്യാൻ പറ്റുന്നില്ല. വിവരം മുഴുവൻ നമുക്ക് കിട്ടും “. ആദ്യം അവിശ്വസനീയം പോലെ തോന്നി. എങ്കിലും അണ്ണനാണ് പറയുന്നത്. കാരണം അണ്ണൻ്റെ ബന്ധങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളതിനാൽ . തിരുവനന്തപുരത്തെ ഡെപ്യൂട്ടി എഡിറ്റർ എൻ.ബാലകൃഷ്ണൻ അന്ന് അവധിയിലായിരുന്നു. അതിനാൽ അന്നത്തെ തിരുവനന്തപുരം എഡിഷൻ്റെ ചുമതല ചീഫ് സബ്എഡിറ്ററായിരുന്ന ഡോ. പി.കെ.രാജശേഖരനായിരുന്നു. രാജശേഖരനോട് ഇക്കാര്യം പങ്കുവച്ചു.എന്നോടുള്ള സ്നേഹം കൊണ്ടു രാജശേഖരൻ പറഞ്ഞു, ” വളരെ ചെറുപ്പത്തിലെ ന്യൂസ് എഡിറ്ററായ ആളാണ് നിങ്ങൾ. കൊല്ലം എഡിഷൻ തുടങ്ങും മുൻപ് തന്നെ അത് നഷ്ടപ്പെടുത്തരുത്. ബഡ്റൂമിൻറടിയിൽ മദ്യടാങ്കോ. ഏയ് അത് ശരിയാകാൻ വഴിയില്ല”.രാജശേഖരൻ്റെ സന്ദേഹത്തെ തള്ളിക്കളയാൻ പറ്റില്ല. ഞാൻ ഒന്നുകൂടി അണ്ണനെ വിളിച്ചിട്ട് നിജസ്ഥിതി ഉറപ്പാക്കുന്നതിനെക്കുറിച്ചു സംസാരിച്ചു. അണ്ണൻ നിശബ്ദനായി കേട്ടു .ഏതാനും മിനിട്ട് കഴിഞ്ഞ് അണ്ണൻ്റെ വിളി ” ഞാൻ ഫോൺ ഒരാൾക്കു കൊടുക്കാം ” . ഫോൺ കൈമാറിയപ്പോൾ മറുതലയ്ക്കൽ എ. ഡി.ജി.പി. വി.ആർ.രാജീവൻ. “ശേഖരൻ നായർ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ഞങ്ങൾക്ക് ചില പരിമിതികളുണ്ട്. അറിയാമല്ലോ. വാർത്ത വരികയാണെങ്കിൽ ഞങ്ങൾക്ക് ആക്ഷനിലേക്ക് നീങ്ങാൻ പ്രയാസമുണ്ടാവില്ല ” അദ്ദേഹം പറഞ്ഞു.
അന്ന് പത്രാധിപർ കെ.ഗോപാലകൃഷ്ണൻ ദില്ലിയിലാണ്. പ്രാധാന്യമനുസരിച്ച് ഈ വാർത്ത കൈകാര്യം ചെയ്യാനും ഒന്നാം പേജ് തിരുവനന്തപുരത്ത് തയ്യാറാക്കി മറ്റ് എഡിഷനുകളിലേക്ക് അയക്കാനും എഡിറ്റർ നിർദ്ദേശിച്ചു. രാത്രിയിൽ അണ്ണൻ വി.ആർ.രാജീവനെ വിളിച്ച് വാർത്ത വരുമെന്ന ഉറപ്പ് നൽകി. രാജീവൻ്റെ അഭ്യർത്ഥന മാനിച്ചാണ് അണ്ണൻ അത് ചെയ്തത്. കാരണം രാജീവനും സംശയമുണ്ടായിരുന്നു വാർത്ത വരുമോ ഇല്ലയോ എന്ന് . പിറ്റേന്നത്തെ റെയിഡിന് തയ്യാറെടുക്കണോ വേണ്ടയോ എന്നു നിശ്ചയിക്കാനായിരുന്നു രാജീവന് ആ ഉറപ്പ് വേണ്ടിയിരുന്നത്. എട്ടു കോളം ബാനർ ഹെഡ്ഡിംഗോടെ പിറ്റേ ദിവസത്തെ മാതൃഭൂമി പുറത്തിറങ്ങി. രാവിലെ തന്നെ മണിച്ചൻ്റെ വീട്ടിൽ റെയിഡും ബഡ്റൂം പൊളിക്കലും ആരംഭിച്ചു. പിന്നീടുള്ളത് ചരിത്രം .
അവിശ്വസനീയ ദൃശ്യങ്ങൾ ചാനലുകളിലൂടെ . താമസിയാതെ മണിച്ചൻ പിടിയിലായി. മണിച്ചൻ്റെ ഡയറിയും പുറത്തായി. ഏതാനും മാസം മുൻപ് ജീവപര്യന്തം തടവ് കഴിഞ്ഞു പുറത്തിറങ്ങിയ മണിച്ചനെ മഞ്ഞ ഷാൾ അണിയിച്ച് സ്വീകരിക്കുന്നതിൻ്റെ വാർത്ത മാധ്യമങ്ങളിൽ കണ്ടപ്പോൾ അണ്ണൻ വിളിച്ചിരുന്നു. ഇന്ന് വി.ആർ.രാജീവനും നമ്മോടൊപ്പമില്ല. യഥാർത്ഥത്തിൽ നീതിബോധം നശിക്കാതെ കാത്തു സൂക്ഷിച്ച ആ ഉന്നത പോലീസുദ്യോഗസ്ഥൻ്റെ ആർജ്ജവത്തെയും പ്രണമിക്കാതിരിക്കാൻ പറ്റില്ല. അത്രയ്ക്ക് വലിയ ഒരു അദൃശ്യ നിയന്ത്രണ ശക്തിയെയാണ് വേരോടെ പിഴുതത്. പുതിയ അത്തരം ശക്തികൾ വീണ്ടും ഉണ്ടായിട്ടുണ്ടാകും. എങ്കിലും ജി.ശേഖരൻ നായരെന്ന മാധ്യമ പ്രവർത്തകനോട് കേരളം കടപ്പെട്ടിരിക്കുന്നു. ഒഴിഞ്ഞുപോയ ദുരന്തങ്ങളുടെ പേരിൽ . അണ്ണൻ ആഘോഷമായിരുന്നു. ആ ആഘോഷത്തിന് മങ്ങലില്ലാതെയാണ് അണ്ണൻ യാത്രയായതും. എന്തൊരു സ്നേഹമായിരുന്നു ഈ മനുഷ്യന് . അണ്ണാ നന്ദി.
