കോളം
ഒന്നെടുത്താല്‍ ഒന്നു ഫ്രീ!
രാവിലെ പറമ്പുപണിക്ക് വരാമെന്നേറ്റിരുന്ന തൊഴിലുറപ്പ് ചേച്ചിമാരെ കാത്തിരുന്നു മടുത്തിരിക്കുകയായിരുന്നു തവളക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കുമാരേട്ടന്‍. കരിങ്കൊടി പ്രതിഷേധത്തില്‍ മനംനൊന്തിരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ കുമാരേട്ടന്‍ വിഷമിച്ചിരുന്നതുകണ്ട് ഭാര്യ അടുത്തെത്തി വിവരമന്വേഷിച്ചു. സാമ്പത്തിക പ്രതിന്ധിയുള്ളതിനാല്‍ കേരള സംസ്ഥാനത്തെപ്പോലെ കുമാരേട്ടനും കടമെടുത്താണ് പറമ്പുപണി ചെയ്യിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിച്ച പണമെല്ലാം വേറെവഴിക്ക് ചെലവാക്കിയതിനേക്കുറിച്ചായിരുന്നു ഭാര്യയ്ക്ക് പറയാനുണ്ടായിരുന്നത്. പണം ചെലവാക്കാന്‍ കൂടെ നിന്നിട്ട്, ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍മാരെപ്പോലെ ഭാര്യയും കാലുമാറിയോ എന്നായി കുമാരേട്ടന്റെ സംശയം!
രാവിലെ എട്ട് മണിക്ക് ജോലിക്ക് വരികയും മൂന്നു മണിക്ക് കൃത്യമായി വീട്ടില്‍ പോവുകയും ചെയ്തിരുന്ന ചേച്ചിമാര്‍ ഇന്ന് എന്താണ് ജോലിക്ക് വരാത്തതെന്ന് ആലോചിച്ചിട്ട് കുമാരേട്ടന് ഒരെത്തുംപിടിയും കിട്ടിയില്ല. ഇനിയിപ്പോ, കുട്ടിസഖാക്കന്മാരെല്ലാം ചേര്‍ന്ന് വനിതാ നേതാക്കളെ മര്‍ദിച്ചുകാണുമോ എന്നായിരുന്നു കുമാരേട്ടന്റെ ഭാര്യയുടെ സംശയം. പക്ഷേ, മര്‍ദനമേറ്റ് കാലും കൈയും ഒടിഞ്ഞാല്‍പോലും പരാതിയില്ലെന്ന് പറയുന്ന വനിതാ സഖാക്കന്മാരാണ്, ഇതിപ്പോ എന്തുപറ്റിയെന്ന് അറിയില്ല. ഇനിയിപ്പോ കൃഷിവകുപ്പിന്റെ കൂടെ ടൂറിനും പോയി യൂറോപ്പില്‍ വല്ലോം സെറ്റായിക്കാണുമോ എന്നുപോലും കുമാരേട്ടന്‍ ചിന്തിക്കാതിരുന്നില്ല. ഇനി താനറിയാതെ മിന്നല്‍ പണിമുടക്കുവല്ലതും സഖാക്കന്മാര്‍ സെറ്റാക്കി കാണുമോയെന്നാണ് അടുത്ത ചിന്ത!
ഏതായാലും കാര്യമറിയാന്‍ വീട്ടിലെ ടി.വി ഓണ്‍ചെയ്ത കുമാരേട്ടന് കാര്യങ്ങള്‍ക്കൊക്കെ ഒരു വ്യക്തത വന്നു. നേതാവ് നടത്തുന്ന പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞിട്ടുണ്ടത്രേ. ഇനിയിപ്പോ തൊഴിലുറപ്പുകാരെല്ലാംകൂടി ജാഥയ്ക്ക് പോയതായിരിക്കും. ചില പ്രമുഖ നേതാക്കന്മാര്‍ വരെ പങ്കെടുക്കാതെ വിട്ടുനില്‍ക്കുമ്പോള്‍ പിന്നെ ജാഥയ്ക്ക് ആളെ കൂട്ടാന്‍ നേതാക്കന്മാര്‍ക്ക് ഇതല്ലേ വഴിയുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലീവെടുപ്പിച്ച് പങ്കെടുപ്പിക്കാം എന്നുവെച്ചാല്‍, ജനങ്ങളുടെ പണം കട്ടെടുത്ത് മുന്നോട്ട് പോകാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഉദ്യോഗസ്ഥരും ഇടഞ്ഞുനില്‍ക്കുകയാണ്. ഏതായാലും തൊഴിലുറപ്പ് തൊഴിലാളികളെ കിട്ടിയതോടെ ജാഥ വന്‍ വിജയമാകുമെന്നാണ് സഖാക്കന്മാരുടെ അഭിപ്രായം.
ആനുകാലിക സംഭവങ്ങളില്‍ സഖാക്കന്മാര്‍ വരെ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഈ സമയത്ത് ഒരു ജാഥയെങ്കിലും നടത്തി മുഖം രക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ കാര്യം പോക്കാണ്. ദുരിതാശ്വാസനിധിയിലെ ചെറിയ തിരിമറിയുടെ കണക്കുകേട്ടപ്പോള്‍ തൊഴിലാളികള്‍ക്ക് ഇത്രയും വിഷമം ഉണ്ടായെങ്കില്‍ ഇതുവരെയുള്ളതിന്റെ മുഴുവന്‍ കണക്കും അറിഞ്ഞാല്‍ അവരുടെ സ്ഥിതി എന്താകും! തുടര്‍ഭരണം കിട്ടിയപ്പോള്‍ അഴിമതിയും ആര്‍ത്തിയും കൂടിയിട്ടുണ്ടെന്നും തിരിച്ചുവരവ് പ്രയാസമെന്നും തെറ്റുതിരുത്തല്‍ രേഖയില്‍ പാര്‍ട്ടി തന്നെ പറഞ്ഞതോടെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് സഖാക്കന്മാര്‍ക്ക് പോലും മനസിലാകുന്നില്ല. വന്നുവന്ന് തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രി റോള്‍ മോഡലായിട്ടുള്ളതെന്നാണ് സഖാക്കന്മാര്‍പോലും പറയുന്നത്. ഇതൊന്നും പോരാത്തതിന് അവിശ്വാസികളായ സഖാക്കന്മാരുടെ മരണത്തിനായി എതിര്‍പാര്‍ട്ടിക്കാര്‍ ശ്രീകോവിലിന് മുമ്പില്‍ ചെന്ന് പ്രാര്‍ത്ഥന നടത്തുന്നുമുണ്ടത്രേ.
ഇതൊക്കെയാണെങ്കിലും മറ്റ് രാജ്യക്കാര്‍ക്ക് ഇവിടുത്തെ നേതാക്കന്മാര്‍ നമ്പര്‍ വണ്‍ ആണല്ലോ? അല്ലെങ്കില്‍ പിന്നെ പ്രധാനമന്ത്രിയെ വിട്ടുതരൂവെന്ന് അയല്‍രാജ്യക്കാര്‍ പറയില്ലല്ലോ. ദുഃഖം കടിച്ചമര്‍ത്തിയിട്ടാണെങ്കിലും പ്രധാനമന്ത്രിയെ വിട്ടുതരാന്‍ ഭൂരിഭാഗം പേരും തയാറാണ്, പക്ഷേ കൂട്ടത്തില്‍ മുഖ്യമന്ത്രിയെക്കൂടി കൊണ്ടുപോകണമെന്നുമാത്രം. ഊരിപ്പിടിച്ച വാളുകളുടെയും ബോംബുകളുടെയും ഇടയിലൂടെ നടന്നയാള്‍ക്ക് അയല്‍രാജ്യത്തെ ബോംബൊന്നും ഒരു പ്രശ്‌നമാകില്ലല്ലോ!
