കായികം
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍
ന്യൂഡല്‍ഹി: ബംഗ്‌ളാദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലിലെത്തി. ബംഗ്‌ളാദേശ് നല്കിയ 97 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 9.2 ഓവറിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്.
26 പന്തില്‍ ആറ് സിക്‌സും, രണ്ട് ഫോറും സഹിതം 55 റണ്‍സെടുത്ത തിലക് വര്‍മ്മയാണ് ജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദ് 40 റണ്‍സെടുത്തു. റണ്ണെടുക്കും മുന്‍പേ കഴിഞ്ഞ കളിയിലെ താരം യശ്വസി ജയ്‌സ്വാള്‍ പുറത്തായെങ്കിലും പിന്നീട് ബംഗ്‌ളാദേശിന് ഒരവസരവും നല്കാതെയാണ് ഇന്ത്യ മത്സരം വേഗം പൂര്‍ത്തിയാക്കിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 4 ഓവറില്‍ 12 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ രവി ശ്രീനിവാസന്‍ സായ് കിഷോറാണ് ബംഗ്ലാ കടുവകളെ പൂട്ടിയത്. 2 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും ബംഗ്ലാ പതനത്തിന് ആക്കം കൂട്ടി.
24 റണ്‍സെടുത്ത ജക്കര്‍ അലിയാണ് ബംഗ്‌ള നിരയിലെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍ പര്‍വേശ് ഹുസൈന്‍ 23 റണ്‍സെടുത്തു. 6 ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല.
