അന്തര്‍ദേശീയം
റഷ്യ – യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ്
വാഷിംഗ്ടണ്‍: ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്ക് വിട്ടയച്ചത് താനാണെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം. 2009 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതുമുതലാണ് സമാധാനത്തിനുള്ള നൊബേല്‍ ട്രംപിന്റെയും സ്വപ്നമായി മാറിയതെന്നും സംസാരമുണ്ട്.
റഷ്യ – യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയുമായി നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ നടക്കും. സമാധാനശ്രമത്തിന് ട്രംപിന് നന്ദി പറഞ്ഞ സെലെന്‍സ്കി, യുദ്ധം അവസാനിപ്പിക്കാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ടു. സെലെന്‍സ്കിയും പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായും എല്ലാം നന്നായി ഭവിച്ചാല്‍ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം യുക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായും ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
