Connect with us

സീറോ മലബാർ സഭയുടെ ഭൂമി ഇടപാട് തർക്കം രൂക്ഷമാകുന്നു, വിശ്വാസികൾ ഇടപെട്ട് വൈദിക സമിതി യോഗം മാറ്റി

കേരളം

സീറോ മലബാർ സഭയുടെ ഭൂമി ഇടപാട് തർക്കം രൂക്ഷമാകുന്നു, വിശ്വാസികൾ ഇടപെട്ട് വൈദിക സമിതി യോഗം മാറ്റി

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയുള്ള ഒരു വിഭാഗം വൈദികരുടെ നീക്കം വഴിത്തിരിവിൽ. ഇടപാടുമായി ബന്ധപ്പെട്ട് കർദിനാളിനും ഏതാനും വൈദികർക്കുമെതിരെയുള്ള ആരോപണങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഇന്നു വിളിച്ചു ചേർത്ത വൈദിക സമിതി യോഗം മാറ്റി വച്ചു. അൽമായരുടെ വേദിയായ പാസ്റ്ററൽ കമ്മിറ്റി യോഗത്തിനു ശേഷം വിഷയം ചർച്ച ചെയ്താൽ മതിയെന്ന തീരുമാനത്തെ തുടർന്ന് കർദിനാളും സഹായ മെത്രാന്മാരും ചേർന്ന് യോഗം മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചിലരുടെ ഇടപെടൽ മൂലമാണു വൈദിക സമിതി യോഗം നടക്കാതെ പോയതെന്നു വൈദികർ ആരോപിച്ചു. ഈ അൽമായർ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മാർ ജോർജ് ആലഞ്ചേരിയെ തടഞ്ഞതായും അവർ ആരോപിച്ചു.
സംഘർഷം ഒഴിവാക്കുന്നതിനു വേണ്ടിയാണു കർദിനാൾ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും വൈദികർ വ്യക്തമാക്കി. അൽമായ സംഘടനകൾ നേരത്തേ തന്നെ വൈദികരുടെ യോഗത്തിനതിരേ എതിർപ്പ് അറിയിച്ചിരുന്നു. സഭയുടെ വിവാദ ഭൂമി ഇടപാടിൽ സഭാ സമിതി തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ കർദിനാളിനെതിരെയും പരാമർശമുണ്ട്. കർദിനാളിന്റെ പൂർണ അറിവോടു കൂടിയാണ് ഭൂമി ഇടപാടു നടന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. സഭാ സമിതി അറിയാതെ ദുരൂഹമായാണ് പല ഇടപാടുകളും നടന്നത്. ഭൂമി വിൽപ്പനയിലൂടെ സഭയ്ക്ക് 34 കോടി രൂപയുടെ നഷ്ടമുണ്ടായി. ബന്ധപ്പെട്ട വൈദികർക്കു ഭൂമി ഇടപാടിൽ പിഴവു പറ്റി. ഭൂമി വിൽപ്പനയുടെ ഇടനിലക്കാരനെ ധനകാര്യ വിഭാഗത്തിനു പരിചയപ്പെടുത്തിക്കൊടുത്തതു കർദിനാളാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ആറംഗ കമ്മീഷൻ ഉൾപ്പെട്ട സഭാ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്നു വൈദികർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്റ്, തഹസിൽദാർ എന്നിവരുൾപ്പെടുന്നതാണ് അന്വേഷണം നടത്തിയ കമ്മീഷൻ.
ഇന്നു വൈദിക സമിതി ചേരുന്ന സാഹചര്യത്തിലാണ് ഇന്നു തന്നെ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് വൈദിക സമിതി ചർച്ച ചെയ്ത ശേഷം മാർപ്പാപ്പായ്ക്ക് അയച്ചു കൊടുക്കാനായിരുന്നു നീക്കം. വൈദിക സമിതി ചേരാത്ത സാഹചര്യത്തിൽ ഇത് തത്കാലം നടക്കാതെ പോയി. റിപ്പോർട്ടിന്മേലുള്ള വാക്‌പോര് ഇരുവിഭാഗവും തുടങ്ങിക്കഴിഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ബിഷപ്പുമാരുടെ സിനഡ് അടിയന്തര യോഗം ചേർന്നിരുന്നു. ഭൂമി ഇടപാടിൽ തനിക്കു സാങ്കേതിക പിഴവു മാത്രമാണു പറ്റിയതെന്ന് കർദിനാൾ മാർ ആലഞ്ചേരി യോഗത്തിൽ വ്യക്തമാക്കി. വിവാദങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സിനഡ് ആഹ്വാനം ചെയ്തു. എല്ലാവരെയും ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാൻ സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും മുൻകൈയെടുക്കണമെന്ന് സിനഡ് നിർദേശിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ ഭൂമി വിറ്റതു സംബന്ധിച്ച വിവാദമാണ് കത്തിപ്പടരുന്നത്.
അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താനാണ് തൃക്കാക്കരയിലെ സഭയുടെ ഭൂമി വിൽക്കാൻ അതിരൂപതാ സമിതികളിൽ ആലോചന നടന്നത്. 100 കോടി രൂപയുടെ വിൽപ്പന കരാറിന് സഭാ സമിതികൾ അംഗീകാരവും നൽകി. എന്നാൽ ധാരണയ്ക്ക് വിരുദ്ധമായി അതിരൂപതയുടെ ധനകാര്യ സമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വില കാണിച്ച് സ്വാകാര്യ വ്യക്തിക്ക് കർദിനാൾ എഴുതി നൽകുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം പുരോഹിതർ ആരോപിക്കുന്നു. ഇതിൽ ഒമ്പതു കോടി രൂപ മാത്രമാണ് രൂപതയ്ക്കു ലഭിച്ചത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top