കേരളം
ഇന്നല്ലെങ്കില്‍ നാളെ കുറ്റവാളികളെ ജനങ്ങള്‍ വിചാരണ ചെയ്യും
ശ്രീ ജിത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്തും ഡല്‍ഹി കേരളാ ഹൗസിന് മുന്നിലും നടന്ന പ്രതിഷേധം അധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ഗ്രാമത്തില്‍ അനീതി ഉണ്ടായാല്‍ അവിടെ ഒരു കലാപം ഉണ്ടാവണം. ഇല്ലെങ്കിലോ, സന്ധ്യമയങ്ങും മുന്‍പേ ആ ഗ്രാമം കത്തിച്ചാമ്പലാകുന്നതാണ് നല്ലത് എന്ന പ്രശസ്ത കവി ബ്രസ്റ്റിന്റെ വരികള്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിന് 765 ദിവസങ്ങള്‍ വേണ്ടിവന്നു. സ്വന്തം സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന തികച്ചും ന്യായമായ ആവശ്യം ഉയര്‍ത്തി സെക്രട്ടറിയേറ്റിനുമുന്നില്‍ കിടക്കുന്ന യുവാവിനെ ഒരു ഭരണകൂടത്തിനും തോല്‍പ്പിക്കാനാകില്ല.
പ്രശസ്തരും അപ്രശസ്തരും സാധാരണക്കാരുമായ ആയിരക്കണക്കിന് ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധത്തിനാണ് തിരുവനന്തപുരവും രാജ്യതലസ്ഥാനവും സാക്ഷ്യംവഹിച്ചത്. ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിനെ പോലീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കണ്ടെത്തിയത് സാധാരണക്കാരനല്ല ഹൈക്കോടതി ജഡ്ജി നാരായണക്കുറുപ്പ് ആണ്.
കൊലയാളികളെ സര്‍വീസില്‍നിന്നു നീക്കണമെന്നും നഷ്ടപരിഹാര തുകയായി 10 ലക്ഷം അവരില്‍ നിന്ന് ഈടാക്കണമെന്നും കംപ്ലെയിന്റ് അതോറിട്ടി ചെയര്‍മാന്‍ ആയ നാരായണക്കുറുപ്പ് ഉത്തരവിട്ടിരുന്നു. ഉത്തരവിലെ കാര്യങ്ങള്‍ കംപ്ലെയിന്റ് അതോറിട്ടി അധികാരത്തിന് പുറത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കുറ്റവാളികളായ പോലീസുകാരന്‍ അത് നേടിയെടുത്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ സ്റ്റേ വെക്കേറ്റ് ചെയ്യാന്‍ ഡി ജി പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തത് കുറ്റവാളികളെ സംരക്ഷിക്കാനാണ്.
ശ്രീജിത്തിന്റെ സഹോദരനെ ബലമായി വിഷം കുടിപ്പിക്കുകയും ജനനേന്ദ്രിയം തകര്‍ക്കുകയും ചെയ്തവര്‍ ഇപ്പോഴും പോലീസിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ വിലസുകയാണ് ഡിജിപി ബഹ്‌റയും മുഖ്യമന്ത്രി പിണറായിയും ഇതൊന്നും അറിയുന്നില്ല എന്ന് പറഞ്ഞാല്‍ കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ സഹായമില്ലാതെ ഇന്ന് ഇതിനുവേണ്ടി തെരുവില്‍ ഇറങ്ങിയവര്‍ നാളെ നിയമം കൈയിലെടുക്കും. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ തെരുവില്‍ വിചാരണ ചെയ്യുന്ന നാളുകള്‍ വിദൂരമല്ല. വൈകിയ വേളയിലെങ്കിലും മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പാണ്.
