Connect with us

വെറും പെണ്ണേ… നീയിനി സൂപ്പർഹീറോയിസത്തെ വിമർശിക്കുമോ

സിനിമ

വെറും പെണ്ണേ… നീയിനി സൂപ്പർഹീറോയിസത്തെ വിമർശിക്കുമോ

രിക്കൽ ടി.വി.യിൽ സിനിമ കാണുകയായിരുന്നു. അമ്മയും അച്ഛനും അനിയനും ഉണ്ട്. കപ്പലണ്ടിയൊക്കൊ കൊറിച്ച് സിനിമ ആസ്വദിക്കുന്നതിനിടയിലാണ് നായകന്റെ തട്ടുപൊളിപ്പൻ ഡയലോഗ്, ‘നീയൊരു വെറും പെണ്ണാണ്.’ ചുണ്ടിൽപൊട്ടിയ പുഞ്ചിരി മറയ്ക്കാൻ പാടുപെട്ട് അനിയൻ എന്നെ ഏറുകണ്ണിട്ട് ഒന്ന് നോക്കി. ‘കേട്ടല്ലോ’ എന്ന ഭാവം. ‘വെറും പെണ്ണാണ്’ എന്ന കാലാകാലങ്ങളായുള്ള പഴമൊഴി കേട്ട് പതം വന്ന, അത് വിശ്വസിച്ചുപോരുന്ന അമ്മയുടേയും അച്ഛന്റേയും ചുണ്ടുകളിലും പുഞ്ചിരി. അതെ. അതങ്ങനെയാണ്. വെറും പെണ്ണിന് ചെയ്യാനായി പറഞ്ഞിരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതൊക്കെ ചെയ്ത് വെറും പെണ്ണായി ജീവിക്കണം. മരണ വീട്ടിൽ അലമുറയിട്ട് കരയണം, ഏഴരവെളുപ്പിന് ഉണരണം, പുരുഷകേസരികളുടെയും കുട്ടികളുടെയും (കാര്യങ്ങൾ ചെയ്യാൻ പഠിച്ച് വരുന്നത് വരെ പെൺകുട്ടികളുടേയും) വസ്ത്രങ്ങൾ കഴുകണം, കഴിച്ച പാത്രം കഴുകണം, ആഹാരം പാകം ചെയ്ത് ടേബിളിന് മുന്നിൽ കൊണ്ടു വയ്ക്കണം, ഭക്ഷണം മോശമാണെന്ന അഭിപ്രായം കേട്ടാൽ വാതിൽപ്പടിയിൽ ചാരി നിന്ന് കണ്ണീർ വാർക്കണം, നല്ലത് എന്ന് കേട്ടാൽ ജീവിതം ധന്യമാകാൻ ഇനിയെന്ത് വേണം എന്ന് ഭാവിക്കണം…. ഇങ്ങനെ ഒരു വെറും പെണ്ണിന് പല്ലൊക്കെ കൊഴിഞ്ഞ് മുടി നരയ്ക്കുന്നത് വരെ ചെയ്യാൻ എന്തെല്ലാമുണ്ട് ? സ്വന്തം വീട്ടിൽ ഇതൊക്കെ ചെയ്ത് പഠിക്കുമ്പോഴേക്കും ‘ചെന്ന് കേറാനുള്ള അന്യ വീട്’ റെഡിയായിട്ടുണ്ടാകും. അവിടുള്ള എല്ലാവർക്കും സ്വീകാര്യമാകുന്ന ‘വെറും പെണ്ണായി’ മാറുകയാണ് ഏക വെല്ലുവിളി. ഭാരിച്ച കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. അതൊക്കെ ചെയ്യാനാണല്ലോ ദൈവം പുരുഷപ്രജകളെ ഉണ്ടാക്കിയിരിക്കുന്നു. പുരുഷന്മാർ സംവിധാനം ചെയ്യുന്ന, പുരുഷന്മാർ തിരക്കഥയെഴുതുന്ന, പുരുഷന്മാർ പാട്ടെഴുതുന്ന, (വെറും പെണ്ണുങ്ങൾ വീട്ടിലിരിക്കുമ്പോൾ) പുരുഷന്മാർ മാത്രം ആസ്വാദകരാകുന്ന പെട്രിയാർക്കിയൽ സമൂഹത്തിലെ സിനിമകൾ സ്ത്രീവിരുദ്ധം തന്നെയേ ആകുള്ളൂ. പെട്രിയാർക്കിയുടെ ഏറ്റവും വലിയ വക്താക്കളും കാലാകാലങ്ങളായി ഇത്തരം ‘ആൺകോയ്മ’ മാത്രം കേട്ടും ശീലിച്ചും വരുന്ന സ്ത്രീകൾ തന്നെയാണ്. പെൺകുട്ടികൾ നിവർന്ന് നിൽക്കാൻ തുടങ്ങുമ്പോൾ ആദ്യം അവരെ നിരുത്സാഹപ്പെടുത്തുന്നത് അമ്മമാർ തന്നെയാണ്. ‘അവൻ ആണല്ലേ’ എന്ന് പറഞ്ഞ് കളിസ്ഥലങ്ങളും പൊതു ഇടങ്ങളും അവന് നൽകി അടുക്കളയും അഴുക്കും അവൾക്കായി മാറ്റി വയ്ക്കുന്നതും അമ്മമാർ തന്നെയാണ്. ‘തട്ടത്തിൻ മറയത്ത്’ സിനിമ കണ്ടിറങ്ങുമ്പോൾ തട്ടമിട്ട പെൺകുട്ടികളോട് പ്രത്യേക ആകർഷണം തോന്നുന്നുണ്ടെങ്കിൽ, ‘പ്രേമം’ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ചുരുണ്ട മുടിക്കാരികൾ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിൽ, ചാർളി സിനിമയ്ക്ക് ശേഷം പ്രിൻഡ് കുർത്തകൾ ട്രെന്റ് ആവുന്നുണ്ടെങ്കിൽ, നായകന്റെ ‘നീ വെറും പെണ്ണാ’ണെന്ന ഡയലോഗും പ്രേക്ഷകമനസ്സിൽ പച്ചകുത്തപ്പെടുന്നുണ്ട്. ‘അത് ശരിയല്ലേ, അതിനെന്താ’ എന്നാണ് മാനസികാവസ്ഥയെങ്കിൽ വർഷങ്ങളായി സിനിമയും സാഹിത്യവും എല്ലാം സമ്മാനിച്ച അവസ്ഥ തന്നെയാണത്. ‘പെണ്ണിൻ വാക്കിന് താളം തുള്ളും പൊണ്ണന് പാതാളം ‘ എന്ന പാട്ട് കേട്ട് അന്ന് താളം തുള്ളിയിട്ടുണ്ടെങ്കിലും ഇന്ന് വരികൾ ഒരിക്കൽ കൂടി ചിന്തിക്കപ്പെടേണ്ടിയിരിക്കുന്നു. പെണ്ണ് പെണ്ണായിരുന്നാൽ മതി എന്ന് പറയുന്ന ചിത്രങ്ങളേയും കഥാപാത്രങ്ങളേയും പാർവ്വതി ചോദ്യം ചെയ്യുമ്പോൾ അതേ ഡയലോഗ് തന്നെയാണ് പാർവ്വതിയോട് സമൂഹവും നവമാധ്യമങ്ങളിലെ പ്രതിഭകളും പറഞ്ഞുകൊണ്ടയിരിക്കുന്നത്- നീ വെറും പെണ്ണാണ്. കൊച്ചമ്മയെന്നും ആന്റിയെന്നുമുള്ള വിളികളിൽ തന്നെയുണ്ട് എന്താണ് കൊച്ചമ്മയെന്നും ആരാണ് ആന്റിയെന്നും പറഞ്ഞുതന്ന സിനിമകളുടെ സ്വാധീനം. ഡ്രൈവിങ് സ്‌കൂളെന്ന് പറയുമ്പോൾ ചിരിയടക്കുന്ന ആൺസുഹൃത്തുക്കളിലുമുണ്ട് ഷക്കീലയുടെ ഡ്രൈവിങ് സ്‌കൂൾ ഓർമ്മകൾ. മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമർശിച്ചപ്പോൾ പൊള്ളിയ പതിനായിരങ്ങൾ ഉണ്ടെങ്കിൽ ആ കഥാപാത്രത്തിന്റെ വാക്കുകളെ കണ്ണടച്ച് പിന്തുടരാനും ഈ പതിനായിരങ്ങൾ ഉറപ്പായും ഉണ്ടാകും. ആൺകോയ്മയ്ക്ക് മുന്നിൽ ചൂളി നിൽക്കുന്ന പെൺകഥാപാത്രങ്ങളെയല്ല നമുക്കിനി വേണ്ടത്… നിവർന്ന് നിന്ന് മറുപടി പറയുന്ന ഉറച്ച ശബ്ദങ്ങളെയാണ്. അതിന് സ്ത്രീ വെറും പെണ്ണല്ലെന്ന് അറിയാവുന്ന ട്രാൻസ്‌ജെന്റർ-സ്ത്രീ- പുരുഷ സംവിധായകരേയും തിരക്കഥാകൃത്തുക്കളേയും പ്രേക്ഷകരേയുമാണ്….

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top