കേരളം
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആക്ഷേപഹാസ്യവുമായി അരങ്ങിലെത്തുന്നു സി.പി.എം. ആഹ്ലാദിപ്പിന്‍ !
ബാര്‍ക്കോഴക്കേസ് രംഗത്ത് ‘അഴിഞ്ഞാടി’ നിന്നൊരു കാലം… എന്തൊക്കെ പുകിലുകളാരുന്നു ഓരോ ദിവസവും… പത്രം തുറക്കണ്ട, ടി.വി. തുറക്കണ്ട, റോഡിലേക്ക് പോലും ഇറങ്ങണ്ട… കേരളം കണ്ട ഏറ്റവും മികച്ച രോഷ പ്രകടനങ്ങളായിരുന്നു ആ ദിനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കാഴ്ച വച്ചത്. ശ്ശേ… നിങ്ങളിപ്പോഴും അതൊക്കെ ഓര്‍ത്തിരിക്കയാണോ? ദാ അങ്കത്തിന് വാളെടുത്തവരും മാണിച്ചായനും സമാധാനത്തിന്റെയും ശാന്തിയുടേയും വെള്ളരിപ്രാവുകള്‍ക്ക് അരിമണികളെറിഞ്ഞ് ലയനത്തിനുള്ള കുറുകലിലാണ്.
കുറച്ച് നാളുകള്‍ പിന്നിലേക്കൊന്ന് നടക്കാം. സ്പീക്കറുടെ കസേരവരെ തല്ലിത്തകര്‍ത്ത സമരാഭാസം നടന്ന നമ്മുടെ നിയമസഭയിലേക്ക്. ഓര്‍മ്മയില്‍ മാത്രം പരതണമെന്നില്ല, പഴയ പത്രത്താളുകളോ യൂ ട്യൂബോ തിരഞ്ഞാല്‍ കാണാം അങ്കക്കലി തുള്ളി നില്‍ക്കുന്ന വി.ശിവന്‍കുട്ടിയേയും ഇ.പി. ജയരാജനേയുമെല്ലാം. അതൊക്കെ മറന്നേ പറ്റൂ എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഘടകകക്ഷിയായ സി.പി.ഐ. യെ അഴിമതിക്കാരെന്ന് വിളിച്ച സി.പി.എം. കോട്ടയം ജില്ലാ സമ്മേളനം കെ.എം. മാണിയുമായി ഐക്യപ്പെടുന്നത് നല്ലതാണെന്ന അഭിപ്രായം പ്രകടിപ്പിച്ച് കഴിഞ്ഞു. മാണി വിഭാഗം കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫ്. പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്ക് ബലം നല്‍കുന്നതാണ് ഈ പ്രസ്താവന. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നില്‍ പ്രത്യയശാസ്ത്രവും ധാര്‍മ്മികതയും അമ്പേ പരാജയപ്പെട്ടുപോകുന്ന സന്ദര്‍ഭമാണിത്.
ബാര്‍കോഴ വിവാദം കത്തിപ്പടരുന്ന സമയത്ത് അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സെന്റ് എം.പോള്‍ പറഞ്ഞത് ബാര്‍ കോഴക്കേസ് തെളിയിക്കാനാകില്ല എന്നായിരുന്നു. കാരണം കോഴ നല്‍കിയെന്നതിനും വാങ്ങി എന്നതിനും തെളിവില്ല എന്നത് തന്നെ. കൊടുത്തവര്‍ കൊടുത്തെന്ന് സമ്മതിക്കാത്ത പക്ഷം, തെളിവ് ഹാജരാക്കാത്ത പക്ഷം കോഴ വാങ്ങിയത് തെളിയിക്കാനാകില്ല. അഥവാ തെളിയിക്കാനായാല്‍ ഈ പണി ഉപേക്ഷിക്കാം എന്നാണ് വിന്‍സെന്റ് എം.പോള്‍ റിട്ടയര്‍ ചെയ്യുന്നതിന് മുന്‍പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാകുകയാണിവിടെ.
തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. കോടതിയുടെ അന്ത്യശാസനവും ലഭിച്ചുകഴിഞ്ഞു. പൂച്ചയെത്തപ്പാന്‍ ഇരുട്ടില്‍ പാഞ്ഞ് നടന്ന പ്രതിപക്ഷം മന്ത്രിയായിരുന്ന ബാബുവിനെ രാജി വയ്പിച്ചു, മാണിയുടേയും മുഖ്യമന്ത്രിയുടേയും പരിപാടികള്‍ ബഹിഷ്‌കരിച്ചു…. ഇപ്പോള്‍ ദാ കൈ കൊടുത്ത് ഭായിഭായി ആകുന്നു.
ഇരുട്ടിലെ പ്രതിപക്ഷ പാച്ചിലിനിടയില്‍ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കേണ്ടി വന്ന, നിയമസഭയിലെ ആക്രോശങ്ങള്‍ കണ്ട് മിഴിച്ചിരുന്ന, റാലിക്കും ജാഥകള്‍ക്കും സമരങ്ങള്‍ക്കും ഇടയില്‍ അത്യാവശ്യകാര്യങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വന്ന ജനങ്ങളേ…. കണ്ണാടിയില്‍ നോക്കി നമുക്ക് സ്വയം പറയാം ‘പൊതുജനം എന്നും കഴുത തന്നെ’!
