ദേശീയം
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും ഒരേ ഗതി
എല്ലാ കണ്ണുകളും ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. ഇന്ത്യയുടെ നീതിപീഠം ചരിത്രം സൃഷ്ടിച്ചിരിക്കയാണ്. വിധിന്യായത്തിലൂടെയല്ലാതെ, നാലു സീനിയര്‍ ജഡ്ജിമാര്‍ കോടതി വിപ്ലവം നടത്തിയതിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചത്. ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നവര്‍ ഉറക്കെ പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് സീനിയര്‍ ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കുര്‍, കുര്യന്‍ ജോസഫ് എിവര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പരസ്യമായ കലാപം.
രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണ സംഭവമാണിതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ നടത്തിപ്പു ശരിയായ രീതിയിലല്ലെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി അനഭിലഷണീയമായ രീതിയിലാണു പല കാര്യങ്ങളും നടക്കുതെന്നും അവര്‍ പറയുമ്പോള്‍ ഒരേ സമയം പ്രതിക്കൂട്ടിലാകുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നരേന്ദ്ര മോദി സര്‍ക്കാരുമാണ്. കാരണം വളരെ ലളിതം. അനഭിലഷണീയമായ കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍ അതു ഭരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി ആയിരിക്കുമല്ലോ ? അല്ലാതെ, പ്രതിപക്ഷത്തെ പ്രീണിപ്പിക്കാനായിരിക്കില്ലായെന്നു വ്യക്തം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച്. ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ച രീതിയാണ് സീനിയര്‍ ജഡ്ജിമാരുടെ പൊട്ടിത്തെറിയില്‍ കലാശിച്ചത്. സീനിയോറിറ്റി പട്ടികയില്‍ പത്താമനായ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഈ കേസ് പരിഗണിച്ചാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് അങ്ങു തീരുമാനിച്ചു. നിസാര കേസല്ലേ ! ജൂനിയര്‍ മതിയെന്നു ചീഫ് ജസ്റ്റിസിനു തോന്നി. ഇവിടെ രണ്ടു പക്ഷമുണ്ട്. ഒന്ന്, ചീഫ് ജസ്റ്റിസ് കൊത്തിക്കൊത്തി സ്വന്തം സഹപ്രവര്‍ത്തകന്റെ കേസില്‍ വരെ കയറി കൊത്തിയപ്പോള്‍ സീനിയര്‍ ജഡ്ജിമാര്‍ക്കു നൊന്തു. എത്രയോ കേസുകള്‍ ഇങ്ങനെ രാജ്യമെമ്പാടുമുള്ള കോടതികളില്‍ നിസാരവല്‍ക്കരിക്കപ്പെടുന്നുവെന്ന് നാമോര്‍ക്കണം. രണ്ട്, സ്വന്തം സഹപ്രവര്‍ത്തകന്റെ ദുരൂഹ മരണത്തിനു പോലും പുല്ലു വില കല്‍പ്പിക്കാന്‍ മടിയില്ലാത്ത ചീഫ് ജസ്റ്റിസാണ് ഇവിടെയുള്ളതെന്ന് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
മോദി – ഷാ ഭരണകൂടം കൊത്തിക്കൊത്തി എവിടെ വരെ എത്തിയിരിക്കുന്നുവെന്ന് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു. ഇതെല്ലാമാണെങ്കിലും, ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതാണ് ബാര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസിന് എന്തുമാകാം. പക്ഷേ, ജഡ്ജിമാര്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? നമ്മുടെ കേരളത്തിലെ മഹാ ശിങ്കങ്ങളായ ബാര്‍ അസോസിയേഷനും ഹൈക്കോടതിയും നാടെങ്ങുമുള്ള കോടതികളും ലജ്ജിച്ചു തല താഴ്ത്തണം. അവര്‍ ഇവിടത്തെ കോടതികളില്‍ മാധ്യമങ്ങളെ വിലക്കിയിരിക്കയാണ്. പക്ഷേ, പരമോന്നത കോടതിയില്‍ പിഴവുകളുണ്ടായപ്പോള്‍ അതു തുറന്നു പറയാന്‍ ജഡ്ജിമാര്‍ ഓടിയെത്തിയതു മാധ്യമങ്ങളുടെ അടുത്തേക്കാണെന്ന കാര്യം ആരും മറക്കരുത്. സുഹൃത്തുക്കളേ, ഇവിടെ സത്യം പുറത്തു വരണമെങ്കില്‍ മാധ്യമങ്ങള്‍ വേണം. ഇനിയെങ്കിലും മസിലു പിടിത്തം അവസാനിപ്പിച്ച് അവനവന്‍ ചെയ്യാനുള്ള ജോലി ഭംഗിയായി ചെയ്യാന്‍ നോക്കുക. ഇനി ഇതിനു സമാനമായി കേരളത്തില്‍ നടന്ന ഒരു സംഭവത്തിലേക്കു വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
വേറൊന്നുമല്ല, സീറോ മലബാര്‍ സഭയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ തന്നെ. രാജ്യത്തിനു സുപ്രീം കോടതി പോലെ തന്നെയാണ് സീറോ മലബാര്‍ സഭയ്ക്ക് കര്‍ദിനാളും വൈദിക സമിതിയുമൊക്കെ. സീറോ മലബാര്‍ സഭയുടെ ചീഫ് ജസ്റ്റിസായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയാണ് എറണാകുളം – അങ്കമാലി രൂപതയിലെ വൈദികര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് നഗ്നനാണെ് സഹ ജഡ്ജിമാരും കര്‍ദിനാള്‍ നഗ്നനാണെന്ന് സഹ വൈദികരും പറയുന്നു. ഇരുവരെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ചീഫ് ജസ്റ്റിസിനെ വേണമെങ്കില്‍ ഇംപീച്ച് ചെയ്യാം. കര്‍ദിനാളിനെ ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. സാക്ഷാല്‍ മാര്‍പ്പാപ്പയ്ക്കു മാത്രമേ അതിന് അധികാരമുള്ളു. ഇവിടിപ്പോള്‍ പരമോത ജഡ്ജിയാണ് ആരോപണ വിധേയനായി നില്‍ക്കുന്നത്. അസാധാരണമായി ഒന്നും നടക്കില്ല. ജഡ്ജിമാരുമായി സംസാരിച്ച് ചീഫ് ജസ്റ്റിസ് എല്ലാം പറഞ്ഞൊതുക്കും. അദ്ദേഹം പറയുന്നത് പുറത്താരും അറിയില്ല. ആര്‍ക്കും ചോദിക്കാനും പറ്റില്ല. ഇതുപോലെ തന്നെ, ബിഷപ്പുമാര്‍ ഇടപെട്ട് സീറോ മലബാര്‍ സഭയില്‍ എല്ലാം ഒത്തു തീര്‍പ്പാക്കിയിട്ടുണ്ട്. കര്‍ദിനാള്‍ വൈദികരുമായി സംസാരിച്ച് എല്ലാം തീര്‍ക്കും.
വിശ്വാസികള്‍ വീണ്ടും കുര്‍ബാന സ്വീകരിക്കും. എല്ലാ കുര്‍ബാനകളുടെയും അവസാനം വൈദികര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ഏറ്റു ചൊല്ലുകയും ചെയ്യും. ദൈവത്തിനു സ്തുതി ! പക്ഷേ, ചീഫ് ജസ്റ്റിസിനും കര്‍ദിനാളിനും ഇനിയൊരിക്കലും തല ഉയര്‍ത്തി പൊതുജന മധ്യത്തിലൂടെ നടക്കാനാവില്ല. കാരണം, അവര്‍ ആരാണെന്ന് ജനം അറിഞ്ഞിരിക്കുന്നു. അഞ്ചാറു മാസം കഴിയുമ്പോള്‍ ചീഫ് ജസ്റ്റിസ് വിരമിക്കും. പക്ഷേ, വിരമിച്ചാലും ഈ കറുത്ത ചരിത്രം മായില്ല. ജീവിത കാലം മുഴുവന്‍ ഇത് അദ്ദേഹത്തിനെ വേട്ടയാടും. ഇതു തന്നെ കര്‍ദിനാളിന്റെയും ഗതി. ഇരുവരെയും ദൈവം രക്ഷിക്കട്ടെ ! ആമ്മേന്‍ !!
