ദേശീയം
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സമഗ്രാധിപത്യം; ബി.ജെ.പിയും സി.പി.എമ്മും ഒപ്പത്തിനൊപ്പം
പശ്ചിമ ബംഗാള്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് ഏറെ മുന്നില്‍. തെരഞ്ഞെടുപ്പ് നടന്ന 3317 ഗ്രാമപഞ്ചായത്തുകളില്‍ 2609 ഇടത്തും തൃണമൂലിനാണ് ലീഡ്. 387 പഞ്ചായത്ത് സമിതികളില്‍ 261 ഇടത്തും 22 ജില്ല പരിഷത്തില്‍ 22 ഇടത്തും തൃണമൂലാണ് മുന്നില്‍.
ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 2412 സീറ്റുകളിലും ബിജെപി 361 സീറ്റുകളിലും സിപിഐഎം 332 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 76 സീറ്റുകളിലും മറ്റുള്ളവര്‍ 240 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
ബംഗാളിലെ ത്രിതല പഞ്ചായത്തിലെ 73,887 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 63,229 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷത്ത് സീറ്റുകളിലേക്കുമായാണ് തെരഞ്ഞെടുപ്പ് നടന്നത്.
2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു. 5.67 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. 66.28 ആയിരുന്നു പോളിങ് ശതമാനം.
