സാമൂഹ്യം
കേരളത്തില്‍ ആദ്യമായി മാധ്യമ പ്രവര്‍ത്തകന്റെ വിവാഹം പോലീസ് സ്‌റ്റേഷനില്‍ നടന്ന കഥ
മാര്‍ട്ടിന്‍ മേനച്ചേരി
കൊച്ചി: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വിവാഹത്തിന് വേദിയായി പോലീസ് സ്‌റ്റേഷന്‍! പാലക്കാടുകാരന്‍ റിപ്പോര്‍ട്ടര്‍ക്കാണ് പോലീസ് സ്‌റ്റേഷനില്‍ വിവാഹം കഴിക്കേണ്ടി വന്നത്. കേരളത്തിലെ പ്രമുഖ ചാനലിലെ റിപ്പോര്‍ട്ടറാണ് ഇയാള്‍. വിവാഹത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സുഹൃത്തുക്കളുമായി സത്യം പങ്കുവയ്ക്കുമ്പോഴും പോലീസ് സ്‌റ്റേഷനിലെ ആരും ഇത് സമ്മതിക്കുന്നില്ല. ഏതായാലും കൊച്ചിയില്‍ പാട്ടാണ് ഈ പീഡന കേസിനൊടുവിലെ കല്യാണം.
പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതിയെ റിപ്പോര്‍ട്ടര്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വളച്ചെടുക്കുന്നു. ഇതിന് ശേഷം പറ്റിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പരാതി പോലീസ് സ്‌റ്റേഷനിലെത്തിയത്. തിരുവനന്തപുരത്തു വച്ച് ഇരുവരും അടികൂടിയെന്നും പറയുന്നു. ഇതും പോലീസിന് മുമ്പില്‍ എത്തിയത്രേ. എന്നാല്‍ സര്‍ക്കാരുമായി അടുത്തു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇടപെട്ട് വിഷയം ഒത്തു തീര്‍പ്പാക്കി. ഇതിന് ശേഷവും യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. പരാതി കിട്ടിയപ്പോള്‍ പോലീസ് കേസെടുത്തില്ല. പകരം പരാതിക്കാരിയോടും പീഢകനോടും അച്ഛനും അമ്മയുമായി സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇരുവരും എത്തി. ഒടുവില്‍ കേസെടുക്കാതിരിക്കാനുള്ള ഫോര്‍മുലയായി രജിസ്റ്റര്‍ മാരീജിലേക്കും കാര്യങ്ങളെത്തിച്ചു.
ചാനല്‍ മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദമാണ് ഈ ഒത്തു തീര്‍പ്പിന് വഴിയൊരുക്കിയത്. ചെമ്പോല, മുട്ടില്‍ മരം മുറി, കോവിഡ് കാലത്തെ വ്യാജ വാര്‍ത്ത, മറ്റൊരു മര്‍ദ്ദന വിവാദം ഇങ്ങനെ പല കുരുക്കുകളിലാണ് ഈ ചാനല്‍. ഇതിനൊപ്പം പീഡനത്തില്‍ കേസെടുത്താല്‍ അത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകും. ചെമ്പോല അടക്കമുള്ള വിവാദങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അതുകൊണ്ട് തന്നെ അതിവേഗം ഇടപെട്ടു. മോന്‍സണ്‍ വിവാദത്തിലെ പോലെ ആരും കുടുങ്ങുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ശ്രമം. ഈ സമ്മര്‍ദ്ദമാണ് പരാതിയില്‍ കേസെടുക്കാതെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ പെണ്‍കുട്ടിയെ തന്നെ കെട്ടണമെന്ന് റിപ്പോര്‍ട്ടറോട് ചാനല്‍ മേധാവിയും നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് പരാതിക്കാരിയെ റിപ്പോര്‍ട്ടര്‍ കെട്ടുന്നത്. വിവാദം ആളിക്കത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് സൂചന.
പോലീസില്‍ ഉന്നത ബന്ധങ്ങളുള്ള മാധ്യമ ഭീകരനാണ് ഈ വിഷയത്തില്‍ പോലീസിനെ അനുകൂലമാക്കിയത്. ഒന്‍പത് കൊല്ലമുമ്പ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ അതേ വ്യക്തിയാണ് പോലീസുമായി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയത്. ഗുരുവായൂരപ്പന്റെ പേരില്‍ കൊച്ചിയിലെ യുവതിയെ വളച്ചു വീഴ്ത്താന്‍ ശ്രമിച്ച വില്ലനാണ് ഇയാള്‍. തിരുവനന്തപുരത്തെ സാമൂഹിക പ്രവര്‍ത്തക ഇതിനെതിരെ പോസ്റ്റിട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ ചാനല്‍ ഇടപെടലിനെ തുടര്‍ന്ന് പോസ്റ്റ് അവര്‍ മുക്കി. ചാനല്‍ നടപടി എടുക്കുമെന്ന ഉറപ്പില്‍ ചാനല്‍ മേധാവി പരാതിക്കാരിയെ ആശ്വസിപ്പിച്ചു. എന്നാല്‍ ആരും ആ മാധ്യമ പ്രവര്‍ത്തകനെ ഒന്നും ചെയ്തില്ല. അതിന് ശേഷം വനം വകുപ്പു വിവാദത്തിലും പെട്ടു.
ഈ മാധ്യമ പ്രവര്‍ത്തകനാണ് ഇപ്പോഴത്തെ പീഡന പരാതിയില്‍ രക്ഷകനായി ചാനലിന്റെ മാനം രക്ഷിച്ചത്. പരാതി പിന്‍വലിക്കാന്‍ വിവാഹം കഴിക്കാമെന്ന ഫോര്‍മുല പെണ്‍കുട്ടിയുടെ കുടുംബത്തിന് മുമ്പില്‍ വച്ചു. കേസായാല്‍ സോഷ്യല്‍ മീഡിയ നാറ്റിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ അവര്‍ മകളുടെ നല്ല ഭാവിയെ കരുതി വിവാഹത്തിന് തയ്യാറായി. അങ്ങനെ റിപ്പോര്‍ട്ടര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ വിവാഹവും എത്തി. കേരളത്തില്‍ ആദ്യമായാണ് മാധ്യമ പ്രവര്‍ത്തകന്റെ കല്യാണം പോലീസ് സ്‌റ്റേഷനില്‍ നടക്കുന്നത്. അങ്ങനെ ഒരു വിവാദം ചാനല്‍ ഒഴിവാക്കി. ഈ കല്യാണവുമായി ബന്ധപ്പെട്ട് രസകരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
( പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ് ഐ ആര്‍ ഇടാത്തതിനാലും വിവാഹം നടന്നതിലുമാണ് വാര്‍ത്തയില്‍ വരന്റേയും വധുവിന്റേയും ചാനലിന്റേയും പേര് കൊടുക്കാന്‍ കഴിയാത്തത് എന്ന് പ്രക്ഷകര്‍ മനസ്സിലാക്കുക)
