കേരളം
മന്ത്രിമാരെ ‘ബഹു.’ ചേര്‍ത്ത് വിളിക്കണം എന്ന തീരുമാനത്തെ എതിര്‍ത്ത് സി.പി.ഐ.
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരെ ബഹു. ചേര്‍ത്ത് വിളിക്കണം എന്ന തീരുമാനത്തെ എതിര്‍ത്ത് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊളോണിയല്‍ ശീലങ്ങളെ എതിര്‍ത്ത സംസ്ഥാനമാണ് കേരളമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിര്‍ദ്ദേശം തിരുത്തുകയാണ് നല്ലതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്പോള്‍ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്നായിരുന്നു പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് ഓഗസ്റ്റ് 30ന് പുറത്തിറങ്ങിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നത്.
സി.പി.ഐ.യില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും ജനറല്‍ സെക്രട്ടറിക്കും ഇത് ബാധകമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. താന്‍ സി.പി.ഐ. ജനറല്‍ സെക്രട്ടറി ആകുമോയെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും പ്രായപരിധി പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും അത് വ്യക്തികള്‍ക്കായി മാറ്റാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
