കേരളം
കെ.ജെ. ഷൈനെതിരായ അധിക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: സി.പി.എം. നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മുനമ്പം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം, കെ.എം. ഷാജഹാന്‍ അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും സംഘം നീക്കം നടത്തുന്നതായി സൂചനയുണ്ട്. കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണസംഘത്തിലുണ്ട്. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും കൂടുതല്‍ ഉദ്യോഗസ്ഥരേയും സംഘത്തില്‍ ഉള്‍പ്പെടുത്തി.
തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ജെ. ഷൈന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണം തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ഷൈന്‍ പരാതിക്കൊപ്പം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് കാട്ടി ഷൈന്‍ നല്‍കിയ പരാതിയില്‍ കെ.എം. ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ലൈംഗിക ആരോപണത്തില്‍ തന്നെയും പുകമറയില്‍ നിര്‍ത്തുന്നുവെന്ന പരാതിയില്‍ കെ.എം. ഷാജഹാന്റെ പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെ പി.വി. ശ്രീനിജന്‍ എം.എല്‍.എ.യും ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ട്. ലൈംഗിക ആരോപണത്തില്‍ എറണാകുളം ജില്ലയിലെ സി.പി.എം. എം.എല്‍.എ. എന്ന് യൂട്യൂബ് ചാനലില്‍ പറഞ്ഞതില്‍ അപകീര്‍ത്തി ആരോപിച്ചാണ് ശ്രീനിജന്‍ എം.എല്‍.എ. പരാതി നല്‍കിയത്.
നതിരായ അപകീര്‍ത്തി പ്രചാരണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ കെ.എം. ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്നാണ് സൂചന. പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്, കെ.എം. ഷാജഹാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
അതേസമയം, സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മാനാഭിമാനങ്ങളെ അവഹേളിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലി കേരളത്തില്‍ വ്യാപകമാകുന്നെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീയുടെ അന്തസ്സിനെക്കുറിച്ചും സ്ത്രീപുരുഷ സമത്വത്തേക്കുറിച്ചും കാലങ്ങളായി കേരളം വളര്‍ത്തിയെടുത്ത പ്രബുദ്ധമായ സമീപനങ്ങളെ ചോദ്യംചെയ്യുന്ന ശൈലിയാണിതെന്നും അദ്ദേഹം പറഞ്ഞു.
