Connect with us

ആഗോള അയ്യപ്പ സംഗമം ഇന്ന്: മുഖ്യമന്ത്രി പമ്പയില്‍

കേരളം

ആഗോള അയ്യപ്പ സംഗമം ഇന്ന്: മുഖ്യമന്ത്രി പമ്പയില്‍

പത്തനംതിട്ട: ഇന്ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. നിരവധി പേര്‍ ഇപ്പോള്‍ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. 9.30 ഓടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക.

മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കള്‍. ആഗോള അയ്യപ്പ സംഗമത്തില്‍ നിന്ന് തമിഴ്‌നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ പിന്‍വാങ്ങിയതിന് പിന്നില്‍ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറയുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും അയ്യപ്പ സംഗമം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി. എന്‍. വാസവന്‍ അഭിപ്രായപ്പെട്ടത്. എസ്.എന്‍.ഡി.പി.യുടേയും എന്‍.എസ്.എസിന്റേയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, പന്തളം കൊട്ടാരം പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കും.

ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകള്‍ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു. ബഹിഷ്‌കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാത്തത് പ്രശ്‌നമല്ലെന്നും സ്ഥിരമായി വരുന്ന തീര്‍ത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

എന്നാല്‍, ആഗോള അയ്യപ്പ സംഗമം പിണറായി വിജയന്റെ കാപട്യമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. വിശ്വാസികള്‍ ഒന്നും മറന്നിട്ടില്ലെന്നും ശബരിമലയോടും വിശ്വാസികളോടും എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാണിച്ചത് കാട്ടു നീതിയാണെന്നും എട്ടുവര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പിന് മുന്‍പ് അയ്യപ്പ സംഗമം നടത്തുന്നത് കാപട്യം അല്ലാതെ മറ്റെന്താണെന്നും വേണുഗോപാല്‍ ചോദിച്ചു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാര്‍ ദേവസ്വത്തിന് കീഴിലെ ജീവനക്കാര്‍ക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിര്‍ദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകള്‍ക്ക് അതത് ക്ഷേത്രഫണ്ടില്‍ നിന്ന് പണം നല്‍കാനായിരുന്നു നിര്‍ദേശം. മലബാര്‍ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം എന്തിന് നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top