കോളം
കോവിഡിന്റെ പിടിയിലും സന്തോഷത്തോടെ ജോബി
കോവിഡ് പെയ്തൊഴിയാത്ത ജീവിതത്തില്‍ പുതുവെയിലുമായി ചേര്‍ത്തല സ്വദേശി ജോബി ലാലിനെ തേടി ആ സന്തോഷമെത്തി. ലീഫ് ആര്‍ട്ട് ചെയ്ത് പ്രശസ്തനായ ജോബി കേരള മന്ത്രിസഭയെ ഇലകള്‍ക്കുള്ളിലാക്കിയപ്പോള്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ തന്റെ പേരും എഴുതിച്ചേര്‍ക്കുകയായിരുന്നു.



കോവിഡ് ബാധിച്ച ഒമ്പതാം ദിവസമാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റടക്കമുള്ളവ ജോബിലാലിനെ തേടി എത്തിയത്. കോവിഡും ക്വാറന്റൈനുമായി കഴിയുന്ന ജോബിക്ക് കൊറിയര്‍ കൊണ്ടെത്തിക്കുന്ന പയ്യന്‍ ‘എന്തോ ബുക്കാണ് ചേട്ടാ’ എന്നു പറഞ്ഞ് വീടിനു പുറത്ത് വെച്ചിട്ടുപോയത് ഏറ്റവും പ്രിയപ്പെട്ടതു തന്നെയായിരുന്നു. തന്റെ പേരെഴുതിയ റെക്കോര്‍ഡ്.

കഴിഞ്ഞ വര്‍ഷം കേരളം ലോക്ഡൗണിലേക്ക് വഴുതിവീണപ്പോള്‍ ജോബിലാല്‍ ഇലയില്‍ തന്റെ കരവിരുത് ഒരുക്കിയെടുക്കുകയായിരുന്നു. ലീഫ് ആര്‍ട്ട് എന്ന മനോഹര ചിത്രകല നിസാരമായി കാണാനാവില്ല. അല്‍പം പാടുള്ള പണിയാണിത്. വരയില്‍ സ്വതസിദ്ധമായ കഴിവുള്ള ഇദ്ദേഹം യൂ ട്യൂബില്‍ നോക്കി ലീഫ് ആര്‍ട്ടിനെ കുറിച്ച് മനസിലാക്കുകയും പിന്നീട് സ്വന്തമായി ചെയ്തുനോക്കി വിജയത്തിലേക്കെത്തുകയായിരുന്നു.
പച്ചിലയെ ക്യാന്‍വാസാക്കി മനസില്‍ കോറിയിട്ട ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കാന്‍ നല്ല ക്ഷമയും ശ്രദ്ധയും ആവശ്യമാണ്. താരതമ്യേന ഇലയെന്ന ക്യാന്‍വാസ് നേര്‍ത്തതായതുകൊണ്ട് കണ്ണും കയ്യും തെറ്റാന്‍ പാടില്ലെന്നു സാരം. പ്ലാവിലയും ആഞ്ഞിലി ഇലയും പേരാലിന്റെ ഇലയുമൊക്കെ ജോബിയുടെ പ്രിയപ്പെട്ട ക്യാന്‍വാസാണ്. അരമുതല്‍ മുക്കാല്‍ മണിക്കൂറുവരെയാണ് ഇപ്പോള്‍ ചിത്രമൊരുക്കുന്നതിനായി വേണ്ടിവരിക. വരയിലെ വിസ്മയത്തിന് ചിലപ്പോള്‍ മണിക്കൂറുകള്‍ നീണ്ടെന്നും വരും.

ഗാന്ധിജിയെ സോഷ്യല്‍ മീഡിയ ഇലയില്‍ സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറും പിന്നെ ശ്രീനാരായണ ഗുരുവും ഇലയിലൂടെ സോഷ്യല്‍ മീഡിയയിലേക്കിറങ്ങി. കാഴ്ചക്കാരുടെ കൗതുകം കയ്യടിയായി മാറി. മഞ്ചുവാര്യരുള്‍പ്പടെ ജോബിയെ അഭിനന്ദിക്കുകയും ചെയ്തു. റെക്കോര്‍ഡ് കയ്യിലെത്തിയപ്പോള്‍ സംവിധായകന്‍ ആര്‍.എസ് വിമല്‍ ഫോണിലൂടെ അഭിനന്ദനമറിയിച്ചു.

രാഷ്ട്രീയക്കാരും സിനിമാക്കാരും മാത്രമല്ല, പ്രിയപ്പെട്ട നാട്ടുകാരും കൂട്ടുകാരുമൊക്കെ ജോബിയുടെ ഇലയില്‍ ചിത്രങ്ങളായി മാറി. കുട്ടികളുടെ പിറന്നാളിനും വധൂവരന്മാര്‍ക്ക് സമ്മാനം നല്‍കാനുമൊക്കെയായി ചിലപ്പോഴൊക്കെ ‘ഓര്‍ഡറു’കളും കിട്ടിയിട്ടുണ്ടെന്ന് പറയുമ്പോള്‍ തന്റെ കലയില്‍ അഭിമാനം കൊള്ളുകയാണ് ജോബി.
ചിത്രരചനയും കാര്‍ട്ടൂണ്‍ വരയും സിനിമാ മേഖലയിലെ പ്രവര്‍ത്തിപരിചയവും മാത്രമല്ല, നാട്ടുകാരുടെ പ്രിയപ്പെട്ട മജീഷ്യന്‍ കൂടിയാണ് ജോബിലാല്‍. സ്റ്റേജ് ഡെക്കറേഷന്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്. ലീഫ് ആര്‍ട്ടിന്റെ പുതിയ സാധ്യതയേക്കുറിച്ചാലോചിക്കുന്നുണ്ടെങ്കിലും ലോക്ഡൗണ്‍ തീര്‍ത്ത ബുദ്ധിമുട്ടുകളെ മറികടക്കുകയാണ് മുന്നിലുള്ള വലിയ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.

ജോബി ലാലിന്റെ നേട്ടങ്ങളില്‍ വളരയേറെ സന്തോഷിക്കുകയാണ് ഭാര്യ പ്രസീത. മൂത്തമകള്‍ അളകനന്ദയും ഇളയമകള്‍ കൃഷ്ണേന്ദുവും വരയില്‍ വലിയ താത്പര്യമുള്ളവരാണ്. ഇലയില്‍ ചിത്രങ്ങള്‍ കോറിയിടാന്‍ ശ്രമിക്കാറുണ്ട് ഇരുവരും. അച്ഛന്റെ സന്തോഷത്തില്‍ ഒപ്പം ചേരുകയും ചിത്രകലയില്‍ അച്ഛനെന്ന ഗുരുവിലൂടെ മുന്നോട്ടു നീങ്ങുകയുമാണിവര്‍. ഈ കുടുംബത്തെയൊന്നാകെ ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുകയാണ്. ചന്ദിരൂര്‍ ഉള്ള കോവിഡ് സെന്ററില്‍ നിന്നും രണ്ടുദിവസം മുമ്പാണ് ജോബിലാലും ഇളയ മകളും വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റു ചെയ്യേണ്ടി വരുമെന്നും അപ്പോഴേക്കും കോവിഡ് പിടിവിടുമെന്നുമുള്ള പ്രതീക്ഷയിലാണിവര്‍.

jobi
3rd September 2021 at 6:57 am
Thank u