Connect with us

‘ഇതിഹാസ’ നായകന്‍

കോളം

‘ഇതിഹാസ’ നായകന്‍

രങ്ങില്‍ ഷേക്‌സ്പിയര്‍ തന്റെ ജീവിതം പകര്‍ന്നാടുന്നു. അത് ഷേക്‌സ്പിയര്‍ അല്ലായെന്ന് പറയാനാകാത്തവിധം സോബി എന്ന അതുല്യപ്രതിഭ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. സോബിയില്‍ നിന്നും ഷേക്‌സ്പിയറിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. പക്ഷേ പരിശ്രമം ചെയ്ത് വശത്താക്കിയ ഷേക്‌സ്പിയറിലേക്ക് സോബി സ്വയം ഇറങ്ങിച്ചെല്ലുകയായിരുന്നു. ഈ നടന വിസ്മയത്തിന് ഇക്കൊല്ലത്തെ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച നാടക നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ ആരും അതിശയിച്ചില്ല, എല്ലാവരും പ്രതീക്ഷിച്ചതുതന്നെ.

തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസമെന്ന നാടകത്തിലെ നായകന്‍ വില്യം ഷേക്‌സ്പിയറായി മാറിയ സോബി മാറാട്ടുകളത്തെ അഭിനയത്തിന്റെ മൂടുപടങ്ങളില്ലാതെ നമുക്ക് പരിചയപ്പെടാം…

അഭിനയത്തിന്റെ രണ്ടര പതിറ്റാണ്ട്

നാടക അഭിനയരംഗത്ത് വേദികളില്‍ നിന്നും വേദികളിലേക്ക് ചുവടും ഭാവവും മാറ്റി ഓരോ അരങ്ങിലും നടനായി, നായകനായി സോബി മാറാട്ടുകുളമെന്ന ആലപ്പുഴക്കാരന്‍ ജീവിക്കുകയാണ്. തന്നിലെ അഭിനയത്തിന്റെ ചോരയും നീരും നാടകത്തിലേക്ക് ഒഴുകിയിറങ്ങിയിട്ട് രണ്ടര പതിറ്റാണ്ടു പിന്നിടുന്നു. തത്തംപള്ളി ത്രീ സ്റ്റാര്‍ ക്ലബിന്റെ പുണ്യഭാരത ഭൂമിയെന്ന നാടകത്തില്‍ നായകനായി അഭിനയ ജീവിതത്തിന് ചുവടുറപ്പ് നല്‍കിയ സോബിയെ പിന്നീട് പല വേഷങ്ങളിലും കേരളമൊരുക്കിയ വേദികളില്‍ കണ്ടവരേറെയാണ്. ബൈബിള്‍ നാടകങ്ങളിലൂടെ പ്രശസ്തനായ സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തീയറ്റേഴ്‌സിലേക്കും പിന്നീട് ചേര്‍ത്തല ജൂബിലിയിലേക്കും ചുവടു മാറ്റി ഇദ്ദേഹം.

രാജന്‍ പി. ദേവും ജൂബിലിയും

രാജന്‍ പി. ദേവ് എന്ന അസാധ്യ പ്രതിഭയെ മലയാളിക്ക് പരിചയം നടനായിട്ടാണെങ്കിലും സോബി അദ്ദേഹത്തിന്റെ സഹോദരീ പുത്രനാണ് എന്നൊരു ബന്ധവും അവര്‍ക്കിടയിലുണ്ട്.

രാജന്‍ പി. ദേവിന്റെ ജൂബിലി എന്ന നാടക സമിതിയില്‍ ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ വേദികള്‍ എത്ര മാറിയാലും അഭിനയിച്ച് ജീവിക്കാനുള്ള ഊര്‍ജ്ജമാണ് സോബിക്ക് നല്‍കിയത്. തന്റെ മകള്‍ക്ക് സ്‌നേഹ എന്ന പേരു നിര്‍ദേശിച്ചതും രാജന്‍ പി. ദേവ് ആണെന്നതില്‍ ഇന്നും സോബി സന്തോഷിക്കുന്നു. അഭിനയത്തില്‍ രാജന്‍ പി. ദേവ് ഗുരുസ്ഥാനീയരില്‍ ഒരാളായി മാറിയെങ്കില്‍ സോബിയില്‍ അഭിനയം എത്രമാത്രം ഇഴയടുപ്പം സൂക്ഷിക്കുന്നുവെന്ന് വ്യക്തം.

ഇതിഹാസ നായകന്‍

വിശ്വസാഹിത്യകാരന്‍ ഷേക്‌സ്പിയറിന്റെ ജീവിതം നാടകമായപ്പോള്‍ സോബിയില്‍ നിന്ന് ഷേക്‌സ്പിയറിനെ വേര്‍പിരിച്ചെടുക്കുക എന്നത് കാണികള്‍ക്ക് വളരെ പ്രയാസമായിരുന്നു. കേരളത്തില്‍, ഇന്ത്യയില്‍, ലോകത്തില്‍ തന്നെയും ഒരു കലാകാരന്‍ തന്റെ അരങ്ങില്‍ ഷേക്‌സ്പിയറായി മാറുന്നത് ഇതാദ്യമെന്നതും ചരിത്രത്തിന്റെ ഭാഗമാകുന്നു. രൂപംകൊണ്ടും ഭാവംകൊണ്ടും ഷേക്‌സ്പിയറാകാന്‍ ഈ നടനില്‍ വരുത്തിയ മാറ്റങ്ങള്‍ അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ ആവേശം തന്നെയായിരുന്നു. മുടി നീട്ടിവളര്‍ത്തി, ഒടുവില്‍ ഷേക്‌സ്പിയറിനോട് രൂപസാദൃശ്യമുണ്ടാകാന്‍ നെറ്റിയിലെ മുടികളഞ്ഞ് കഷണ്ടിപോലും സൃഷ്ടിച്ചെടുക്കുകയായിരുന്നു. തന്നിലേക്കിറങ്ങി വന്ന ഷേക്‌സ്പിയറിനെ മനസാവഹിച്ചുകൊണ്ട് 177 വേദികളില്‍ ലക്ഷക്കണക്കിനാളുകളിലേക്ക് ‘ഇതിഹാസം’ പെയ്തിറങ്ങി. എല്ലാ വേദികളിലും നിറഞ്ഞ കയ്യടി, അഭിനന്ദനം ഇവ മാത്രം.

ഇപ്പോള്‍ ലഭിച്ച സംസ്ഥാന അവാര്‍ഡ് കൂടാതെ 30 മത്സര വേദികളില്‍ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞൊന്നും സ്വന്തമാക്കാതെ മടങ്ങിയിട്ടില്ല സൗപര്‍ണികയുടെ ഇതിഹാസം. ഈ സംസ്ഥാന അവാര്‍ഡില്‍ പോലും എട്ട് പുരസ്‌കാരങ്ങള്‍ നേടിയാണ് ഇതിഹാസമെന്ന നാടകം സന്തോഷത്തിന്റെ തിരശീല ഉയര്‍ത്തുന്നത്. അശോക്ശശി എന്നിവരുടെ തൂലികയിലൂടെ ഷേക്‌സ്പിയര്‍ മലയാളത്തിന് ലഭിച്ചപ്പോള്‍ തന്റെ ജീവനും ശ്വാസവും ശബ്ദവുംകൊടുത്ത് സോബി ഷേക്‌സ്പിയറിനുവേണ്ടി ജീവിച്ചു.

ഇതിഹാസ നിമിഷങ്ങള്‍

ഇതിഹാസത്തിന്റെ എല്ലാ നിമിഷങ്ങളും പ്രിയപ്പെട്ടതു തന്നെയെങ്കിലും ഷേക്‌സ്പിയര്‍ അമ്മയേക്കുറിച്ച് വാചാലനാകുന്ന രംഗം അത്ര പെട്ടന്നൊന്നും ആരുടേയും മനസില്‍ നിന്ന് മായുന്നതല്ല. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട തനിക്ക് ആ വേദന നന്നായി മനസിലാകുമെന്നും ആ ഭാഗമെത്തുമ്പോള്‍ വേദികളില്‍ തന്റെ കണ്ണീര്‍ അടര്‍ന്നുവീഴാറുണ്ടെന്നും ഈ കലാകാരന്‍ ഓര്‍മ്മിക്കുന്നു. മറ്റൊരാളെ തന്റെ ജീവിതത്തിലേക്ക്, തന്നിലേക്ക് തന്നെ എത്രമാത്രം ഒരു കലാകാരന്‍ ചേര്‍ത്തുവയ്ക്കുന്നു എന്ന് വ്യക്തമാകാന്‍ ഇനിയൊരു ഉദാഹരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

അഭിനയ രംഗത്തേക്ക്

ജൂബിലിയില്‍ നിന്നും പാലാ കമ്യൂണിക്കേഷന്‍സിലേക്കും തുടര്‍ന്ന് കൊട്ടാരക്കര ആശ്രയ, കൊല്ലം അസീസിയിലേക്കും യൗവ്വനത്തിനൊപ്പം സഞ്ചരിച്ച ഈ നടന്‍ പിന്നീടാണ് തിരുവനന്തപുരം സൗപര്‍ണികയോടൊപ്പമെത്തുന്നത്. നിര്‍ഭയ, ഇതിഹാസം എന്നീ നാടകങ്ങളാണ് സൗപര്‍ണികയ്ക്കുവേണ്ടി സോബിയുടേതായി മാറിയത്. നാടകത്തില്‍ നിന്നും ജീവിതവും ജീവിതത്തില്‍ നിന്നും നാടകവും അടര്‍ത്തിയെടുക്കാനാവാത്ത വിധം സോബിയിലേക്ക് അഭിനയജീവിതം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. സീരിയലുകളിലേക്ക് ചില ക്ഷണം ലഭിച്ചെങ്കിലും നാടകം നെഞ്ചോട് ചേര്‍ക്കാനായിരുന്നു ആലപ്പുഴയുടെ ഷേക്‌സ്പിയറിനിഷ്ടം.

കോവിഡ് തിരശീലയിട്ട വേദികള്‍

നിറഞ്ഞ സദയില്‍ ഇതിഹാസം മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് കോവിഡ് ഒരു മുന്നറിയിപ്പുമില്ലാതെ നാടക വേദികള്‍ക്ക് തിരശീലയിട്ടത്. പിന്നീട് 18 മാസങ്ങള്‍ ഉള്ളിലൊരു നടനേയൊളിപ്പിച്ച് അറിയുന്ന തൊഴിലുകളിലേക്ക് ഇദ്ദേഹം വഴിമാറി. ഹൗസ്‌ബോട്ടിലെ ജോലിയും പെയിന്റിംഗ് ജോലിയുമൊക്കെ സോബിക്ക് അന്നം നല്‍കി. സിനിമയാണെങ്കില്‍ തീയേറ്ററില്ലെങ്കില്‍ ഒ.ടി.ടി റിലീസെങ്കിലും നടക്കും. അഭിനയം തത്സമയം കാണികളിലേക്കെത്തുന്ന നാടകത്തിന് ഇതൊന്നും നടക്കില്ല, വേദികള്‍ ഉയരണം, കാണികള്‍ ഉണരണം. സര്‍ക്കാര്‍ കൈവിട്ടില്ലെന്നും രണ്ടു പ്രാവശ്യമായി നാടകമേഖലയിലുള്ളവര്‍ക്ക് 2,000 രൂപ വീതം നല്‍കിയെന്നും പെന്‍ഷനും മറ്റുമുണ്ടെന്നും ആരും അവഗണിച്ചില്ലെന്നുമാണ് സോബിക്ക് പറയാനുള്ളത്.

കരുത്താകുന്ന നാടും വീടും കൂട്ടുകാരും

സോബിയുടെ കരുത്ത് ആരെന്നു ചോദിച്ചാല്‍ നാടും വീടും കൂട്ടുകാരുമെന്ന് ഏറെ സന്തോഷത്തിലുള്ള മറുപടിയാണ്. ഭാര്യ മേഴ്‌സിയും പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ സ്‌നേഹയും സോബിക്ക് വലിയ സപ്പോര്‍ട്ടാണ്. നാട്ടുകാരും കൂട്ടുകാരും അവാര്‍ഡിന്റെ സന്തോഷമേറ്റെടുത്തെന്നും അവരുടെയൊക്കെ സന്തോഷമാണ് തന്റെ കരുത്തെന്നും സോബി പറയുന്നു.

വീണ്ടും വേദികള്‍ ഉണരട്ടേ, തിരശീല ഉയരട്ടേ… ഇനിയും അഭിനയിച്ച് കൊതിതീരാതെ സോബിയും, ‘ജീവിച്ച്’ കൊതിതീരാതെ ഷേക്‌സ്പിയറും കാത്തിരിക്കുകയാണ്…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

     

    മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

Trending News

To Top