കേരളം
സൈഹണ്ട്: 263 പേര്‍ പിടിയില്‍, 125 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സൈബര്‍ സാമ്പത്തിക കുറ്റവാളികളെ കുരുക്കാന്‍ സൈഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് തിരച്ചിലില്‍ 263 പേരെ അറസ്റ്റ് ചെയ്തു. 382 കേസുകളെടുത്തു. 125 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും എ.ഡി.ജി.പി. എസ്. ശ്രീജിത്ത് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ആറു മുതല്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായ റെയ്ഡാണ് നടന്നത്. കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സിന്റെ റെയ്ഞ്ച് ഡി.ഐ.ജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും മേല്‍നോട്ടത്തിലായിരുന്നു ഇത്. രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിപ്പ് നടത്തിയെടുത്ത പണം, ചെക്കുകള്‍ ഉപയോഗിച്ചും എ. ടി.എം. വഴിയും പിന്‍വലിച്ച് അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കി കമ്മിഷന്‍ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്.
സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച 2683 പേരുടെയും എ.ടി.എം. വഴി പിന്‍വലിച്ച 361 പേരുടെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കിയ 665 പേരുടെയും വിവരങ്ങള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍നിന്നു ലഭിച്ചതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. വിശദമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പ്രതികളെ പോലീസ് കുരുക്കിയത്.
പലതരത്തിലുള്ള കേസുകളിലാണ് പിടിവീണത്. ട്രേഡിങ് തട്ടിപ്പ്, സാമൂഹികമാധ്യമങ്ങളില്‍ അടക്കം പരസ്യം നല്‍കിയുള്ള തട്ടിപ്പ്, ലോണ്‍ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഏറെയും പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
