കേരളം
ആശ പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം ആശ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവര്‍ത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.
സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 7,000 രൂപയില്‍ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാര്‍. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.
ഓണറേറിയം വര്‍ദ്ധനയുടെ ക്രെഡിറ്റ് നേടാന്‍ സി.ഐ.ടി.യു. അടക്കം ശ്രമിക്കുമ്പോഴാണ് സമര സമിതിയുടെ നിര്‍ണ്ണായക നീക്കം. തിരിഞ്ഞ് നോക്കാത്ത സര്‍ക്കാരിന്റെ മനം മാറ്റത്തിന് കാരണം തങ്ങളുടെ സമരമെന്ന് ആശമാര്‍ ആവര്‍ത്തിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍ പറഞ്ഞു. സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വര്‍ക്കര്‍മാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണിച്ചവര്‍ക്ക് വോട്ടില്ല എന്ന പ്രചാരണം ഉയര്‍ത്തി വീടുകള്‍ കയറും. കേരളപ്പിറവി ദിനത്തില്‍ ആശമാര്‍ വിജയദിനം നടത്തുമെന്നും സംസ്ഥാനത്തെ മുഴുവന്‍ ആശമാരെയും പങ്കെടുപ്പിക്കുമെന്നും വികെ സദാനന്ദന്‍ പറഞ്ഞു.
